മലപ്പുറം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി എന്ന നിലയിൽ ശ്രദ്ധേയ ആയിരുന്നു വേങ്ങരയിൽ പത്രിക നൽകി അനന്യ അലക്‌സ്. എന്നാൽ, ഇവർ തെരഞ്ഞെടുപ്പ് പ്രകൃയ മുഴുവിക്കും മുമ്പ് ഇപ്പോൾ പിന്മാറുകയാണ്. വേങ്ങരയിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നുവെന്ന് ട്രാൻസ്ജെന്റർ സ്ഥാനാർത്ഥി അനന്യ അലക്സ് അറിയിച്ചു. പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അനന്യ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയാണ് അനന്യ.

പാർട്ടി തട്ടികൂട്ടാണെന്നും വേങ്ങര മണ്ഡലം പാർട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക് മാത്രമാണെന്നും അനന്യ പ്രതികരിച്ചു. മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ച് എന്നാൽ വഴങ്ങിയില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്‌ജെന്റർ വ്യക്തിയാണ് അനന്യ. പാർട്ടി നിർദേശത്തെ തുടർന്നാണ് കൊല്ലം പെരുമൺ സ്വദേശിയായ താൻ വേങ്ങരയിലെ സ്ഥാനാർത്ഥിയായതെന്ന് അനന്യ തന്നെ പറഞ്ഞിരുന്നു.

മലപ്പുറത്ത് പർദ്ദയിട്ട് നടക്കാൻ തന്നെ നിർബന്ധിച്ചു. എന്നാൽ വഴങ്ങിയില്ല. ഒരു നേതാവിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനവും ഭീഷണിയും ഏൽക്കേണ്ടിവന്നെന്നും അനന്യ ആരോപിച്ചു. പാർട്ടി നിർദേശത്തെ തുടർന്നാണ് കൊല്ലം പെരുമൺ സ്വദേശിയായ താൻ വേങ്ങരയിലെ സ്ഥാനാർത്ഥിയായത്. എന്നാൽ നേതാക്കൾ മാനസികമായി പീഡിപ്പിക്കുകയാണ്. ഒരു നേതാവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്റെ കരിയർ നശിപ്പിക്കുമെന്ന ഭീഷണിയുമുണ്ടായി.

ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് തന്നെ സ്പോൺസർ ചെയ്തത്. എന്നാൽ അതിനുപിന്നിലെ ചതിക്കുഴികളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇനിയും വോട്ടർമാരെയും ജനങ്ങളേയും പറ്റിക്കാൻ താൽപര്യമില്ല. തെരഞ്ഞെടുപ്പിൽനിന്ന് സ്വമേധയാ പിന്മാറുകയാണ്. ആരും തന്റെ പേരിൽ ഡിഎസ്ജെപിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു. മേക്കപ്പ് ആർട്ടിസ്റ്റും വാർത്താ അവതാരകയും കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയുമാണ് അനന്യ.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎസ്ജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെന്ന് പാർട്ടി അധ്യക്ഷൻ കെഎസ്ആർ മേനോൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡിഎസ്ജെപി സ്ഥാനാർത്ഥികളെന്ന പേരിൽ മത്സരരംഗത്തുള്ളവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും ഇക്കാര്യം ചൂണ്ടികാണിച്ച് കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും കെഎസ്ആർ മേനോൻ അറിയിച്ചിരുന്നു.

അനന്യ അലക്സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെണ്ടർ സ്ഥാനാർത്ഥി : അനന്യ കുമാരി അലക്‌സ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങിലൂടെയും ആഘോഷമായി നിങ്ങൾ കേട്ട ഈ സംഭവത്തിലേക്ക് ട്രാൻസ്ജെണ്ടർ യുവതിയായ അനന്യ എന്ന ഞാൻ എങ്ങനെ എത്തിപ്പെട്ടു?

ഇതിന്റെ പിന്നിലെ കളികൾ എന്തൊക്കെ??

ഞാൻ എങ്ങനെ കരുവായി മാറി????

ദല്ലാൾ മാമന് ഇതിലെന്താ ഇടപാട്??

'എന്റെ ദിവസം ബുക്ക് ചെയ്യൂ' എന്ന് ആംഗലേയ അർത്ഥമുള്ള ഇവന്റ് കമ്പനിയുടെ തൃശൂർ സ്വദേശിയായ മുതലാളി മാമന് ഇതിലെന്താ ഇടപാട്???

പറയാനേറെയുണ്ട്...

കേരളസമൂഹം ചതിക്കപ്പെടരുത്, പാവപ്പെട്ട വോട്ടർമാർ പറ്റിക്കപ്പെടരുത്,

ട്രാൻസ്ജെണ്ടർ വ്യക്തികൾ ഇനിയുമിങ്ങനത്തെ ചൂഷണങ്ങൾക്കിരയാകരുത്.

ഏതാനും മിനിറ്റുകൾക്കകം ശക്തമായ തെളിവുകളോടെ 'തട്ടിക്കൂട്ട് പാർട്ടി'യെന്നു പാർട്ടിയുടെ ഏതോ കൊണാണ്ടറെന്നു പറയുന്ന

'ദല്ലാൾ മാമൻ' തന്നെ പറയുന്ന പാർട്ടിയുടെ നിഗൂഡലക്ഷ്യങ്ങൾ എന്തൊക്കെ എന്ന് ലോക മനുഷ്യർ അറിയും...

സ്ത്രീ-ട്രാൻസ്ജെണ്ടർ വിരുദ്ധനായ അസഭ്യവർഷങ്ങളുടെ രാജാവായ വിവാദ നായകൻ ദല്ലാൾ മാമന്റെയും ഇവന്റ് മുതലാളി മാമന്റെയും തട്ടിപ്പുകൾ പുറത്ത്......

കാത്തിരിക്കൂ...