കൊച്ചി : ലിംഗമാറ്റ ശസ്ത്രക്രിയയിൽ സ്വകാര്യാശുപത്രികളുടെ ലേലംവിളിയിൽ കുടുങ്ങി ട്രാൻസ്ജെൻഡർ സമൂഹം പ്രതിസന്ധിയിലാകുമ്പോൾ റിനൈ മെഡിസ്റ്റിയ്‌ക്കെതിരെ ആരോപണം തുടരുന്നു. ട്രാൻസ് ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവളികളുടെ ഇരയാണ് ആക്ടിവിസ്റ്റ് അനന്യ എന്നാണ് വാദങ്ങൾ ഉയരുന്നത്. അനന്യയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്വിയറിഥം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. സർജറി പരാജയപ്പെട്ടതിലുള്ള ദുസഹമായ ശാരീരിക മാനസിക സാമ്പത്തിക അവസ്ഥയെ തുടർന്നാണ് അനന്യയുടെ മരണമെന്നും ട്രാൻജെൻഡർ കൂട്ടായ്്മ ആരോപിക്കുന്നു. ഇതിനിടെയാണ് അനന്യയെ കുറ്റപ്പെടുത്തി ആശുപത്രി രംഗത്ത് വന്നത്.

'താൻ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിച്ചില്ലെന്നുള്ള പരാതി അനന്യ ഉന്നയിച്ചിരുന്നു. കൂടാതെ മൂത്രമൊഴിക്കുമ്പോൾ ചിതറിത്തെറിക്കുന്നുവെന്ന ഒരു പരാതിയും ഉന്നയിക്കുകയുണ്ടായി. പരിശോധനക്ക് ശേഷം ഇത് പരിഹരിക്കുന്നതിന് ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നും അനന്യയുടെ ശാരീരിക പ്രത്യേകതകളാൽ ശസ്ത്രക്രിയയിലൂടെ നിർമ്മിച്ച ലൈംഗികാവയവത്തിന്റെ ബാഹ്യഭാഗത്തെ കൊഴുപ്പ് നഷ്ടപ്പെട്ടുപോയതിനാൽ കൊഴുപ്പുവെച്ച് ലൈംഗികാവയത്തിനുള്ള ബാഹ്യഭംഗി കൂട്ടുന്നുതിനുവേണ്ട ചികിത്സയും നിർദ്ദേശിച്ചുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. അതായത് പ്രശ്‌നമുണ്ടായിരുന്നുവെന്ന് ആശുപത്രിയും സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ അനന്യയെ കളിയാക്കുന്ന പ്രസ്താവന ആശുപത്രി നടത്തിയതിനെതിരെയാണ് രോഷ പ്രകടനം.

ക്ലബ്ബ് ഹൗസ് ചർച്ചയ്ക്കിടെ അനന്യയെ പുറത്താക്കിയത് ഡോക്ടർ അർജുൻ അശോകനാണ്. ഇതേ കുറിച്ച് ആശുപത്രി മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്. സർക്കാർ തലത്തിൽ ചികിൽസാ സംവിധാനം വേണമെന്ന ആവശ്യാണ് ഉയരുന്നത്. . സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർനിയമങ്ങളില്ലാത്തതും സർക്കാർ ആശുപത്രിയിൽ ഇവർക്കുവേണ്ട സംവിധാനങ്ങളില്ലാത്തതുമാണ് തിരിച്ചടിയാകുന്നത്.

തമിഴ്‌നാട്ടിൽ സൗജന്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്. സംസ്ഥാനത്തെ ഡോക്ടർമാർക്ക് ഈ ശസ്ത്രക്രിയയെക്കുറിച്ച് കാര്യമായ അവബോധമില്ലെന്നും പരിശീലനം നടത്തുന്ന ലാഘവത്തിലാണ് അവർ പലപ്പോഴും പ്രവർത്തിക്കുന്നതെന്നും ട്രാൻസ്‌ജെൻഡർ സമൂഹം കുറ്റപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് സർക്കാർഫണ്ട് നൽകുന്നുണ്ടെങ്കിലും ബില്ല് സമർപ്പിക്കുമ്പോഴാണ് പണം ലഭിക്കുന്നത്. ഇതിനാൽ ശസ്ത്രക്രിയ നടത്താൻ മുൻകൂർ പണം സംഘടിപ്പിക്കേണ്ട അവസ്ഥയാണ്. ഇക്കാരണത്താൽ പണമുള്ളവർക്കുമാത്രം ശസ്ത്രക്രിയ എന്ന അവസ്ഥയാണെന്ന് മിസ് ഗ്ലോബൽ ട്രാൻസ് ഇന്ത്യ -2021 ശ്രുതി സിത്താര പറഞ്ഞു.

ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി അനന്യ കുമാരി അലക്സിന് നീതിയൊരുക്കാൻ സോഷ്യൽ മീഡിയാ ചർച്ചകളും സജീവമാണ്. കൊച്ചിയിലെ
റിനൈ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ട്രാൻസ് ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവളികളുടെ ഇരയാണ് അനന്യ എന്നാണ് വാദങ്ങൾ. അനന്യയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്വിയറിഥം മുഖ്യമന്ത്രിക്ക് പരാതി നൽകി. സർജറി പരാജയപ്പെട്ടതിലുള്ള ദുസഹമായ ശാരീരിക മാനസിക സാമ്പത്തിക അവസ്ഥയെ തുടർന്നാണ് അനന്യയുടെ മരണമെന്നും ട്രാൻജെൻഡർ കൂട്ടായ്്മ ആരോപിക്കുന്നു. ഇന്നലെയാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയുമായ അനന്യ കുമാരി അലക്‌സിനെ എറണാകുളത്തെ ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ അനന്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

റിനൈമെഡിസിറ്റി ആശുപത്രിയുടെ മറുപടിയും വിശദീകരണവും

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിന്റെ അപ്രതീക്ഷിത നിര്യാണത്തിലുള്ള നിർവ്യാജമായ ദുഃഖം ആദ്യമേ രേഖപ്പെടുത്തുന്നു. ഒപ്പം ഈ വാർത്തയോട് ചേർത്ത് മാധ്യമങ്ങളിലൂടെ അങ്ങേയറ്റം രൂക്ഷഭാഷയിൽ ആശുപത്രിയുടെയും ഡോ. അർജുൻ അശോകൻ ഉൾപ്പെടെ അനന്യയുടെ ശസ്ത്രക്രിയയിലും ചികിത്സയിലും പങ്കെടുത്ത നിസ്വാർത്ഥരായ ഡോക്ടർമാരുടെ പ്രവർത്തനങ്ങളെയും കഴിവിനെയും ഇകഴ്‌ത്തികാട്ടാനും പൊതുജനസമക്ഷത്തിൽ അപകീർത്തിപ്പെടുത്തുന്നതിനായും ഏതാനും ചിലർ നടത്തുന്ന കുത്സിതപ്രവർത്തനങ്ങളും സത്യാവസ്ഥയറിയാതെ അത് പ്രചരിപ്പിക്കപ്പെടുന്നതിലുള്ള ഖേദവും അറിയിക്കുന്നതിനാണ് ഈ കുറിപ്പ്.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യസംരക്ഷണവും അവർക്ക് പ്രത്യേകമായി ആവശ്യമുള്ള ചികിത്സകളും ലഭ്യമാക്കുന്ന സമഗ്രചികിത്സാകേന്ദ്രങ്ങൾ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇന്ന് ലഭ്യമല്ല. ഈ വിഭാഗത്തോട് അങ്ങേയറ്റം സൗഹൃദപരവും ബഹുമാനപൂർണ്ണവുമായ സമീപനമാണ് റിനൈമെഡിസിറ്റി അനുവർത്തിച്ച് പോരുന്നത്. റിനൈ സെന്റർ ഫോർ കോംപ്രിഹെൻസീവ് ട്രാൻസ്‌ജെൻഡർ ഹെൽത്ത് ശാരീരികവും മാനസീകവും സൗന്ദര്യസംബന്ധവുമായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഉന്നതനിലവാരത്തിലുള്ള സമഗ്രചികിത്സ നൽകി വരുന്നതും നൂറ് കണക്കിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഈ സെന്ററിൽ സംതൃപ്ത ചികിത്സ നേടിക്കൊണ്ടിരിക്കുന്ന വരുമാണ്.

ട്രാൻസ് വ്യക്തികളെ അവരാഗ്രഹിക്കുന്ന ലിംഗത്തിലേക്ക് ശാരീരികമായി മാറ്റുന്ന അതിനൂതനവും സങ്കീർണ്ണവുമായ ശസ്ത്രക്രിയയാണ് SRS (Sex Reassignment Surgery) ഇതിൽ പെൺലിംഗത്തിലേക്ക് മാറുന്ന ട്രാൻസ് വുമൺ വ്യക്തിയുടെ ശരീരഭാഗങ്ങൾ, ഉദാഹരണമായി സ്തനങ്ങൾ, സ്ത്രീലൈംഗികാവയവം എന്നിവ കൃത്രിമമായി ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ മുഖം, ശരീരം, ശബ്ദം എന്നിവയുടെ സ്‌ത്രൈണീകരണ ശസ്ത്രക്രിയകളും ചെയ്യുന്നു. ഈ പരിണാമം പലഘട്ടങ്ങളിലായി ചെയ്യുന്ന ശസ്ത്രക്രിയകളിലൂടെയാണ് സാധ്യമാക്കുന്നത്.

സൗത്ത് ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ SRS ചെയ്യുന്ന ഡോക്ടർമാരാണ് റിനൈ സെന്റർ ഫോർ കോംപ്രിഹെൻസീവ് ട്രാൻസ്‌ജെൻഡർ ഹെൽത്തിലെ ഡോ. അർജുൻ അശോകൻ, ഡോ. മധു എന്നിവരടങ്ങുന്ന പ്രഗത്ഭരായ ടീം. ഇവരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തിയുടെ മേന്മ, സങ്കീർണതകളിലെ കുറവ് എന്നിവ അന്താരാഷ്ട്ര നിലവാരത്തിനപ്പുറമുള്ളതും വികസിച്ചുകൊണ്ടിരിക്കുന്ന ഈ വൈദ്യശാസ്ത്രമേഖലയിലെ പഠനഗ്രന്ഥങ്ങളിലും ജേർണലുകളിലും ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്.

ഡോ. അർജുൻ അശോകന്റെയും ടീമിന്റെയും ഈ മേഖലയിലുള്ള വൈദഗ്ധ്യമറിഞ്ഞ് കേരളത്തിൽനിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പുറംരാജ്യങ്ങളിൽ നിന്നും അനേകം രോഗികൾ ഇവിടെയെത്തി അവരാഗ്രഹിച്ച ലിംഗത്തിലേക്ക് മാറിയിട്ടുള്ളവരും പരിപൂർണസംതൃപ്തരുമാണ്. ട്രാൻസ്‌ജെൻഡജർ ചികിത്സകളുടെ പല ദേശീയ അന്തർദേശീയ സെമിനാറുകളിലും ഡോ. അർജുൻ ക്ഷണിതാവായ പ്രാസംഗികനാണ്.

ആണിൽനിന്ന് പെണ്ണിലേക്കും പെണ്ണിൽ നിന്ന് ആണിലേക്കുമുള്ള ലിംഗമാറ്റ ശസ്ത്രക്രിയകൾ സങ്കീർണ്ണതകൾ നിറഞ്ഞ ഒന്നാണ്. ഇതിന്റെ ഫലപ്രാപ്തി പലഘട്ടങ്ങളിലെ ശസ്ത്രക്രിയകളിലൂടെയും ചികിത്സകളിലൂടെയും സാധ്യമാകുന്നതാണ്. മറ്റേതൊരു ശസ്ത്രക്രിയപോലെയും തന്നെ സങ്കീർണ്ണതകൾ ഉടലെടുക്കുന്നതിനും അതിനായി തുടർചികിത്സകൾ ആവശ്യമായി വന്നേക്കാവുന്നതുമാണ്.

വ്യക്തി പ്രതീക്ഷിച്ച രീതിയിൽ ഉള്ള അവയവസൗന്ദര്യം ചിലപ്പോൾ ലഭ്യമായി വന്നേക്കില്ല എന്നും ചില സാഹചര്യങ്ങളിൽ തുടർശസ്ത്രക്രിയയിലൂടെയും ചികിത്സയിലൂടെയും മാത്രമേ ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരികയുള്ളൂവെന്നുമുള്ള വസ്തുത SRS ശസ്ത്രക്രിയയുടെ അടിസ്ഥാനമാണ്. ഈ വസ്തുതകളെല്ലാം ആഴ്ചകളിലൂടെ നീളുന്ന നിയമപരമായി അനുശാസിക്കുന്ന കൗൺസിലിംങ് സെക്ഷനുകളിലൂടെ രോഗിയെ പൂർണമായി ബോധ്യപ്പെടുത്തി സമ്മതപത്രവും നിയമപരമായി അനുശാസിക്കുന്ന മറ്റ് രേഖകളും ഒപ്പുവെച്ചതിന് ശേഷം മാത്രമെ ചെയ്യുകയുള്ളൂ.

അനന്യയുടെ സർജറി ഒരു വർഷം മുമ്പ് പൂർത്തിയായതാണ്. ഡോ. അർജുൻ അശോകന്റെ കീഴിൽ SRS ചെയ്ത സംതൃപ്തരായ അവരുടെ സുഹൃത്തുക്കൾ നിർദ്ദേശിച്ചതനുസരിച്ചാണ് അവർ റിനൈമെഡിസിറ്റിയിൽ ചികിത്സക്ക് എത്തുന്നത്. ലഭ്യമായേക്കാവുന്ന ഫലപ്രാപ്തിയേയും ഉടലെടുത്തേക്കാവുന്ന സങ്കീർണതകളെയും ആവശ്യമായി വന്നേക്കാവുന്ന തുടർചികിത്സകളെപറ്റിയും അനന്യ ബോധ്യവതിയായിരുന്നുവെങ്കിലും നടപടിക്രമങ്ങൾ അനുസരിച്ച് മനഃശാസ്ത്ര കൗൺസിലിംങ് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയാനന്തരം ആറ് ദിവസത്തിനുശേഷം Intestinal obstruction എന്ന ഒരു സങ്കീർണ്ണത (A known complication of SRS) ഉടലെടുക്കുകയും അത് യഥാസമയം മറ്റൊരു പ്രൊസീജിയറിലൂടെ പരിഹരിക്കുകയും ചെയ്തിരുന്നു.

ഇത് ഏതൊരു വ്യക്തിക്കും ശസ്ത്രക്രിയാനന്തരം ഉടലെടുക്കാവുന്ന ഒരു സങ്കീർണതയാണെന്നുള്ള വസ്തുത അനന്യ അംഗീകരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി പോകുമ്പോഴും അതിന് ശേഷവും തനിക്ക് ലഭിച്ച ഫലപ്രാപ്തിയിൽ അനന്യ സംതൃപ്തയായിരുന്നു. മാത്രമല്ല ചികിത്സ നൽകിയ ഡോക്ടർമാരോടുള്ള സ്‌നേഹവും കൃതജ്ഞതയും പങ്കുവെച്ചിരുന്നതുമാണ്. എന്നാൽ ആറേഴ് മാസത്തിന് ശേഷം തനിക്ക് താൻ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിച്ചില്ലെന്നുള്ള പരാതി അനന്യ ഉന്നയിച്ചു. കൂടാതെ മൂത്രമൊഴിക്കുമ്പോൾ ചിതറിത്തെറിക്കുന്നുവെന്ന ഒരു പരാതിയും ഉന്നയിക്കുകയുണ്ടായി.

പരിശോധനക്ക് ശേഷം ഇത് പരിഹരിക്കുന്നതിന് ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നും അനന്യയുടെ ശാരീരിക പ്രത്യേകതകളാൽ ശസ്ത്രക്രിയയിലൂടെ നിർമ്മിച്ച ലൈംഗികാവയവത്തിന്റെ ബാഹ്യഭാഗത്തെ കൊഴുപ്പ് നഷ്ടപ്പെട്ടുപോയതിനാൽ കൊഴുപ്പുവെച്ച് ലൈംഗികാവയത്തിനുള്ള ബാഹ്യഭംഗി കൂട്ടുന്നുതിനുവേണ്ട ചികിത്സയും നിർദ്ദേശിച്ചു. SRS ശസ്ത്രക്രിയക്ക് ശേഷം ആവശ്യമായേക്കാവുന്ന ഇപ്രകാരമുള്ള തുടർചികിത്സകളെപ്പറ്റി അനന്യയെപ്പോലുള്ള ഒരു വ്യക്തി പൂർണമായും ബോധവതിയായിരുന്നു.

എന്നാൽ ഇത് ചികിത്സാപിഴവാണെന്ന രീതിയിൽ അനന്യ പരാതി നൽകുകയും വൻതുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതി ഒരു മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന അവരുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു. എന്നാൽ വിശദമായി പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ് അനന്യ ആരോപിച്ചതുപോലുള്ള യാതൊരുവിധ ചികിത്സാപിഴവും (medical negligence) അവരുടെ ചികിത്സയിൽ ഉണ്ടായിട്ടില്ലെന്നും അവർക്കപ്പോൾ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയും അതവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

അവർക്ക് ആശുപത്രിയുടെ തീരുമാനത്തിൽ തൃപ്തിയില്ലെങ്കിൽ അവർ അറിയിച്ചതനുസരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുവാൻ അവരുടെ ചികിത്സാ രേഖകൾ നൽകുന്നതുൾപ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ഞങ്ങളുടെ ഭാഗത്ത് നിന്നും യാതൊരുവിധ ചികിത്സാപിഴവും (medical negligence) ഇല്ലാത്തതിനാൽ നിയമപരമായ പരിരക്ഷ ലഭിക്കില്ല എന്നറിയിച്ചുകൊണ്ട് അനന്യ വീണ്ടും ഞങ്ങളെ സമീപിച്ചു. കൂടാതെ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിയിച്ചപ്പോൾ അത്യാവശ്യമായി വേണ്ട തുടർചികിത്സകൾ നൽകാമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നതുമാണ്.

എന്നാൽ അനന്യയുടെ മറ്റ് ചില ആവശ്യങ്ങൾ അംഗീകരിക്കുവാൻ ഞങ്ങൾക്ക് സാധ്യമല്ലെന്നും അതിന് യാതൊരുവിധ ബാധ്യതകളും ഞങ്ങൾക്കില്ലെന്നും ഞങ്ങൾ ബോധ്യപ്പെടുത്തി. റിനൈമെഡിസിറ്റിയേയും ഡോ. അർജുൻ, ഡോ. മധു, മറ്റ് ആശുപത്രി ഉദ്യോഗസ്ഥർ എന്നിവരെയും സമൂഹമാധ്യമങ്ങളിലൂടെയും സുഹൃത്ത് വലയത്തിലൂടെയും അപമാനിക്കുമെന്ന് വെല്ലുവിളിച്ചാണ് അനന്യ അതിനോട് പ്രതികരിച്ചത്.

ട്രാൻസ് വിഭാഗത്തിന് മാത്രമല്ല എല്ലാ രോഗികൾക്കും കുറഞ്ഞ ചെലവിൽ രാജ്യാന്തര നിലവാരത്തിലുള്ള സേവനം നൽകിവരുന്ന റിനൈമെഡിസിറ്റി ആശുപത്രിയേയും വിദഗ്ധ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരേയും മാനസികവും സമൂഹികവുമായും തളർത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഞങ്ങൾ വിനയത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു. നാളിതുവരേയും ജനങ്ങൾ നൽകിവരുന്ന വിശ്വാസവും സ്‌നേഹവും മാത്രമാണ് ഇതിനോടകം ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമേകി മുന്നോട്ടുള്ള ഞങ്ങളുടെ പ്രയാണത്തിന് കരുത്തും പ്രചോദനവുമായിട്ടുള്ളത്.