വാഷിങ്ടൻ: യുഎസിലെ നാഷണൽ സ്‌പെല്ലിങ് ബീ മത്സരത്തിൽ വിജയിച്ചു ചരിത്രം കുറിച്ച തൃശൂർ സ്വദേശിനി അനന്യയ്‌ക്കെതിരേ വംശീയ പരാമർശവുമായി ചാനൽ അവതാരക. സി എൻഎൻ ചാനലിലെ അവതാരകയായ എലിസൻ കാമറോട്ടയാണ് പന്ത്രണ്ടു വയസുകാരിക്കു നേർക്ക് വംശീയ പരാമർശം നടത്തിയത്.

മത്സരത്തിൽ വിജയിയായ ശേഷം അനന്യയുമായി സിഎൻഎൻ അഭിമുഖം സംഘടിപ്പിച്ചിരുന്നു. ഇതിൽ covfefe എന്ന വാക്കിന്റെ സ്പെല്ലിങ് ചോദിച്ചു. കൃത്യമായ സ്പെല്ലിങ് അനന്യ നൽകുകയും ചെയ്തു. തുടർന്നായിരുന്നു എലിസനിന്റെ വംശീയ പരമാർശം. covfefe എന്ന വാക്ക് അർഥശൂന്യമാണ്. ഇതിന്റെ ഉത്ഭവം സംസ്‌കൃതത്തിൽ നിന്നാകാൻ സാധ്യതയുണ്ട്. ഒരുപക്ഷെ അതുകൊണ്ടാവാം നിങ്ങൾക്ക് പറയാൻ സാധിച്ചത്'- ആലിസിൻ പറഞ്ഞു.

ഇന്ത്യയിൽ ഇപ്പോഴും സംസ്‌കൃതം സംസാരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യൻ വംശജയായ അനന്യക്ക് ആ വാക്കിന്റെ സ്പെല്ലിങ് പറയാൻ സാധിച്ചതെന്നുമായിരുന്നു എലിസന്റെ പരാമർശത്തിന്റെ അടിസ്ഥാനം. അനന്യയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പ്രക്ഷേപണം ചെയ്തതോടെ എലിസനു നേരെ വിമർശശനവുമായി സൈബർ പൗരന്മാർ രംഗത്തെത്തി.

അമേരിക്കയിലെ ഒൻപതു സംസ്ഥാനങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമായി ഒരു കോടിയിലേറെപ്പേർ പങ്കെടുത്ത മൽസരത്തിൽ വിജയിച്ചാണ് അനന്യ ചരിത്രം കുറിച്ചത്. തൃശൂർ ചേലക്കോട്ടുകര പൊലീയേടത്ത് വീട്ടിൽ ഡോ. അനുപമയുടെയും തിരുവനന്തപുരം പൂജപ്പുര വിനുഭവനിൽ വിനയചന്ദ്രൻ ശ്രീകുമാറിന്റെയും മകളാണ് പന്ത്രണ്ടു വയസ്സുള്ള അനന്യ. യുഎസിൽനിന്നും ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിനു വിദ്യാർത്ഥികളാണു വിവിധ ഘട്ടങ്ങളിലായി മൽസരത്തിൽ പങ്കെടുത്തത്.

അമേരിക്കയിൽ ജനിച്ചുവളർന്ന അനന്യ കലിഫോർണിയയിലെ ഫുഗ്മാൻ എലിമെന്ററി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. നന്നായി വായിക്കുന്ന ശീലമുള്ള അനന്യ സ്പെല്ലിങ് ബീ പുസ്തകങ്ങൾ വായിച്ചാണ് അവസാനവട്ട പരിശീലനം നടത്തിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്പെല്ലിങ് ബീ മേഖലാതല മൽസരത്തിൽ വിജയിച്ചിരുന്നു. അനന്യയുടെ അമ്മ അനുപമ അമേരിക്കയിൽ ഡോക്ടറും അച്ഛൻ വിനയചന്ദ്രൻ സ്വകാര്യ കമ്പനിയുടെ വൈസ് പ്രസിഡന്റുമാണ്. അനുജൻ അച്യുത് രണ്ടാം ക്ലാസ് വിദ്യാർത്ഥി.