കോഴിക്കോട്:  മലയാളിതാരം അനസ് എടത്തൊടിക ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ അടുത്ത സീസണിൽ ബ്‌ളാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കുമോ നിലവിൽ അനസ് കളിക്കുന്ന ഡൽഹി ഡൈനാമോസ് ആരെയും ടീമിൽ നിലനിർത്തുന്നില്ലെന്ന് വ്യക്തമാക്കിയതോടെ ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വാനോളമുയർന്നിരിക്കുകയാണ്.ഐ എസ് എല്ലിലെ ഏതു ടീമിന് വേണമെങ്കിലും ഇനി ഡ്രാഫ്റ്റിലൂടെ അനസിനെ സ്വന്തമാക്കാം.ഐ എസ് എല്ലിൽ ഡൽഹി ടീമിന്റെ പ്രതിരോധനിരയിലെ വിശ്വസ്തനായിരുന്നു അനസ്.

ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തിനുള്ള പുരസ്‌കാരം ഇത്തവണ അനസ്സിനെത്തേടിയെത്തിയിരുന്നു.ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസിനും ഐ-ലീഗിൽ മോഹൻ ബഗാനും വേണ്ടി പുറത്തെടുത്ത പ്രകടനമായിരുന്നു അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഐ ലീഗിലെ മികച്ച ഡിഫൻഡർക്കുള്ള പുരസ്‌കാരവും ഈ വർഷം അനസ് നേടിയിരുന്നു.

മലപ്പുറം സ്വദേശിയായ അനസ് എടത്തൊടികയെ ബ്‌ളാസ്റ്റേഴ്‌സിലേക്കെത്തിക്കാനായാൽ മലയാളികളായ ഫുട്‌ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്‌ളാദകരമായ ഒന്നായിരിക്കും അത്.എന്നാൽ ഇക്കാര്യം ഇതുവരെ ബ്‌ളാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മെന്റ ആലോചിച്ചിട്ടില്ലെന്നാണ്ടീമുമായി ബന്ധമുള്ളവർ സൂചിപ്പിക്കുന്നത്‌.

അതേ സമയം ഡ്രാഫ്റ്റിൽ ആദ്യം താരങ്ങളെ തെരഞ്ഞെടുക്കുക ഐ.എസ്.എല്ലിൽ അരങ്ങേറ്റം നടത്താനൊരുങ്ങുന്ന ടാറ്റയുടെ ടീമാണ്. അങ്ങനെയെങ്കിൽ ടാറ്റ ഇന്ത്യയുടെ പ്രതിരോധ താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.അതേസമയം മലയാളി ഗോൾകീപ്പർ ടി.പി രഹ്നേഷിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിലനിർത്തി. രണ്ടു വർഷത്തേക്കാണ് രഹ്നേഷിന്റെ കരാർ. ഐ.എസ്.എൽ തുടക്കം മുതൽ നോർത്ത് ഈസ്റ്റിനൊപ്പമുള്ള രഹ്നേഷ് 27 മത്സരങ്ങൾ കളിച്ചു.

രണ്ടു വർഷമായി ലോണടിസ്ഥാനത്തിൽ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനായി രഹ്നേഷ് കളിക്കുകയായിരുന്നു. സായിയിലും ഗോൾഡൻ ത്രെഡ്സിലും വിവാ കേരളയിലും കളിച്ചാണ് രഹ്നേഷ് കരിയർ തുടങ്ങിയത്. ഷില്ലോങ് ലജോങ്ങിനു വേണ്ടിയും വല കാത്തിട്ടുണ്ട്.