- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ലീനിങ്; ഹിറ്റാച്ചിയും തലവേദന; ഭദ്രകാളി ഉപാസകനായ ഗുരുജിയിൽ നിന്നും ഇനി അനുഗ്രഹം വാങ്ങരുത്; ആര്യാ രാജേന്ദ്രനും കൗൺസിലർമാർക്കും ക്ലാസെടുത്ത് ആനാവൂർ; തിരുവനന്തപുരം മേയറുടെ തീരുമാനം എല്ലാം ഇനി പാർട്ടി അറിഞ്ഞ് മാത്രം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പരിചയ കുറവ് സിപിഎമ്മിന് തലവേദനയാകുന്നു. ഇതു പരിഹരിക്കാൻ അടിയന്തര ഇടെപലുകൾ നടത്തുകയാണ് പാർട്ടി. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങളെ ധാർഷ്ട്യം കൊണ്ട് നേരിടുന്നത് തിരിച്ചടിയാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മേയർ ആര്യാ രാജേന്ദ്രനും കൗൺസിലർമാർക്കും പാർട്ടി പഠനക്ലാസും എടുത്തു.
തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലായിരുന്നു ക്ലാസ്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മേയർ അടക്കമുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. മേയറുടെ പരിചയക്കുറവ് പാർട്ടിക്ക് തലവേദനയാകുന്നുണ്ട്. എല്ലാ കാര്യത്തിൽ കരുതൽ വേണം. നടക്കാത്ത ആറ്റുകാൽ പൊങ്കാലയുടെ ക്ലീനിങ്ങിന് വാഹനം വാടകയ്ക്ക് എടുത്തതു പോലുള്ള വിവാദങ്ങൾ ഇനി ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു. മേയറായ ശേഷം സ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങിയത് ശരിയായില്ലെന്ന താക്കീത് നേരത്തെ മേയർക്ക് ജില്ലാ നേതൃത്വം നൽകിയിരുന്നു.
ആനാവൂരിന് പുറമേ സിപിഎം അനുഭാവിയായ ആസൂത്രണ ബോർഡ് മുൻ അംഗവും ക്ലാസുകൾ എടുത്തു. പ്രതിപക്ഷ ആരോപണത്തെ എങ്ങനെ നേരിടണമെന്നതായിരുന്നു പ്രധാന വിഷയം. തദ്ദേശ സ്ഥാപനങ്ങളിൽ പരിചയ മികവുള്ളവരും കാര്യങ്ങൾ വിശദീകരിച്ചു. മുൻ മേയർ പി പ്രശാന്തുണ്ടാക്കിയെടുത്ത സൽപേര് കളഞ്ഞു കുളിക്കരുതെന്ന നിർദ്ദേശമാണ് മുമ്പോട്ട് വച്ചത്. കൗൺസിൽ യോഗങ്ങളിൽ അഹങ്കാരത്തോടെ സംസാരിക്കരുതെന്നും എല്ലാവരോടും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങളോട് സംയമനത്തോടെ പ്രതികരണം നടത്താനാണ് നിർദ്ദേശം.
തിരുവനന്തപുരം കോർപ്പറേഷനിലെ എല്ലാ തീരുമാനവും ഇനി സിപിഎം നേരിട്ട് മനസ്സിലാക്കും. പാർട്ടി അറിയാതെ തീരുമാനമൊന്നും എടുക്കരുതെന്നാണ് നിർദ്ദേശം. കൂടുതൽ കുഴപ്പത്തിലേക്ക് പോകാതിരിക്കാനാണ് ഇത്. നേരത്തെ മേയറെ ഉപദേശിക്കാൻ പാർട്ടി സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊന്നും ഫലപ്രദമായില്ല. ചില നേതാക്കളുടെ അഭിപ്രായം കേട്ട് മേയർ കുഴിയിൽ വീണെന്ന സംശയം ചില സിപിഎം നേതാക്കൾക്ക് പോലുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപെടൽ സിപിഎം സജീവമാക്കുന്നത്.
21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി.
സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്. ഇതിനു ശേഷമാണ് ആറ്റുകാലിലെയും ഹിറ്റാച്ചിയിലേയും വിവാദങ്ങൾ. ഹിറ്റാച്ചിയും മറ്റും കൂനയിൽ കിടക്കുന്നത് ഏറെ ചർച്ചയായി. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കോർപ്പറേഷനിലെ വാഹനങ്ങളുടെ കണക്കിലും ബിജെപി ആരോപണങ്ങളുമായി എത്തി.
മറുനാടന് മലയാളി ബ്യൂറോ