- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനാട്ടുകരയിലെ കവർച്ചാ സംഘത്തിന് പിന്നിൽ രവി പൂജാരിയുടെ ഗ്യാങ്; ആഡംബര കാറിൽ ചുറ്റി നടന്ന് ക്വട്ടേഷൻ ഏറ്റെടുക്കുന്ന അനസ് പെരുമ്പാവൂരിലേക്ക് അന്വേഷണം; കാശ്മീർ റിക്രൂട്ട്മെന്റ് കേസിലെ പ്രതിയിലേക്ക് അന്വേഷണം
കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷൻ സംഘതലവൻ അനസ് പെരുമ്പാവൂരിലേക്ക്. ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ട്. അനസ് പെരുമ്പാവൂരാണ് സംഘ തലവൻ. രവി പൂജാരിയുമായും അനസിന് ബന്ധമുള്ളതായി സംശയങ്ങളുണ്ട്. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ ആരോപണത്തിന്റെ നിഴലിലാണ് അനസ്ു. അധോലോക കുറ്റവാളി രവി പൂജാരി ആസൂത്രണം ചെയ്ത വെടിവയ്പ് നടപ്പാക്കിയത് അനസാണെന്ന് ആരോപണം ഉയർന്നിരുന്നു.
എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെർപ്പുളശ്ശേരിയിൽ താമസ സൗകര്യം ഒരുക്കിയത് ചരൽ ഫൈസലായിരുന്നു. ഇയാൾക്ക് ഇവിടെ താമസസൊകര്യമൊരുക്കിയത് ഫൈസൽ ആണെന്ന് ഹോട്ടൽ ജീവനക്കാരും സ്ഥിരീകരിച്ചു. നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസിെന കാപ്പ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. മാർച്ച മാസത്തിൽ ജാമ്യത്തിൽ ഇറങ്ങി. എറണാകുളത്ത് പ്രവേശിക്കരുതെന്നതായിരുന്നു വ്യവസ്ഥ. ഇതോടെ ചെർപ്പുളശ്ശേരിയിലേക്ക് താവളം മാറ്റി. മറ്റ് സംസ്ഥാനങ്ങളിലും നിരവധി കേസുകളിൽ പ്രതിയായ ഇയാൾ അടുത്തിടെ രാംവിലാസ് പാസ്വാന്റെ പാർട്ടിയുടെ യുവജന വിഭാഗം അഖിലേന്ത്യാജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് വിവാദവുമായിരുന്നു.
പറവൂർ കവലയിലെ ലോഡ്ജിൽ നടന്ന വധശ്രമത്തിലും നോർത്ത് പറവൂരിലെ ആത്മഹത്യാക്കേസിലും ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികെയാണ് വീണ്ടും കാപ്പ ചുമത്തിയത്. 2019-ലും ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയിൽ മോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. സ്വർണ്ണക്കടത്ത്, പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ വധക്കേസ്, പുക്കടശ്ശേരി റഹിം വധശ്രമക്കേസ് , അനധികൃതമായി ആയുധം കൈവശം വച്ച കേസ്, തട്ടിക്കൊണ്ടു പോകൽ , സംസ്ഥാനത്തിനകത്തും പുറത്തും സ്ഥലമിടപാടുകൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ് പെരുമ്പാവൂർ അനസ്. പെരുമ്പാവൂർ, എടത്തല, കുറുപ്പംപടി, നോർത്ത് പറവൂർ, വലിയതുറ, ആലുവ ഈസ്റ്റ്, കർണ്ണാടകയിലെ ഉപ്പിനങ്ങാടി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനസിനെതിരെ കേസുകളുണ്ട്. കാശ്മീർ റിക്രൂട്ട്മെന്റ് കേസിൽ രണ്ടു വർഷം ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
കാപ്പ ചുമത്തിയുള്ള ശിക്ഷക്ക് ശേഷം മാർച്ച് മാസത്തിലാണ് അനസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്. ഇതോടെ ചരൽ ഫൈസലായി പ്രധാന കൂട്ടാളി. രാമനാട്ടുകര അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇവർ തമ്മിൽ നടത്തിയ ഇടപാടിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കും. കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൊടുവള്ളിയിൽ നിന്നുള്ള സംഘത്തിൽ നിന്ന് സ്വർണം കവർച്ച ചെയ്യുകയായിരുന്നു ചെർപുളശേരിയിൽ നിന്നുള്ള സംഘത്തിന്റെ ലക്ഷ്യം. കൊടുവള്ളി സ്വദേശി മെയ്തീന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്.
കസ്റ്റംസ് സ്വർണം പിടികൂടിയതോടെ കൊടുവള്ളിയിൽ നിന്നുള്ള സംഘം മടങ്ങി. ഇവരുടെ പക്കൽ സ്വർണമുണ്ടെന്ന ധാരണയിൽ ചെർപുളശേരി സംഘം പിന്തുർന്നു. എന്നാൽ ഇവരുടെ പക്കൽ സ്വർണമില്ലെന്ന വിവരം കിട്ടിയതോടെ ചെർപുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച് തകർന്നാണ് അഞ്ച് യുവാക്കൾ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്റ് കയറ്റി വന്ന ലോറിയുമായി ഇവർ സഞ്ചരിച്ച വാഹനം നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെർപുളശേരി സ്വദേശികളായ മുഹമ്മദ് ഷഹീർ, നാസർ, താഹിർഷാ , അസ്സൈനാർ , സുബൈർ എന്നിവരാണ് മരിച്ചത്.
ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്.
ആരാണ് അനസ് പെരുമ്പാവൂർ?
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ള തോക്ക് കൈവശം വയ്ക്കൽ അങ്ങനെ കേസുകളുടെ ഒരുനീണ്ട നിര തന്നെയുണ്ട് അനസിന്റെ പേരിൽ. പലതിലും വിചാരണ നേരിടുന്നു. കൊച്ചി നഗരമധ്യത്തിലെ ആഡംബര ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ രണ്ട് പേർ ബൈക്കിൽ തോക്കുമായി എത്തി വെടിയുതിർത്ത സംഭവത്തിലെ അന്വേഷണത്തിനിടിയൊണ് അനസിന്റെ പങ്കും സംശയിച്ചത്്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്തത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണോ എന്ന സംശയമാണ് ഉണ്ടായത്.
മംഗളൂരുവിൽ ഗുണ്ടാ നേതാവ് സി എസ് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയാണ് അനസ്്. കളമശ്ശേരി ബസ് കത്തിക്കൽ, വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അനസെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അനുയായിയായിരുന്നു ഗൂണ്ടാ നേതാവ് സി.എസ്. ഉണ്ണിക്കുട്ടൻ. ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിനൊപ്പം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ എങ്ങനെ ദേശീയ പാർട്ടിയുടെ അഖിലേന്ത്യാ നേതാവായെന്ന ചോദ്യം ഉയർന്നതോടെ, പാർട്ടി കേരള ഘടകം വിഷമവൃത്തത്തിലാവുകയും ചെയ്തു. പിന്നീട് പാർട്ടി ഒഴിവാക്കി.
കൊച്ചിയിലെ ന്യൂജെൻ ക്വട്ടേഷൻ സംഘങ്ങളിൽ കുപ്രസിദ്ധനാണ് അനസ്. ഭായി നസീർ, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളിൽ നിന്ന് ഭിന്നമാണ് അനസിന്റെ രീതികൾ. ആഡംബര കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം കൂട്ടാളികളും കാണും. സിനിമാ സ്റ്റൈലിൽ പട്ടാപ്പകൽ കൊച്ചിയിലൂടെ നടക്കും. കാപ്പാ കേസിൽ അറസ്റ്റിലായതോടെ കൊച്ചി അന്യമായി. സ്വർണക്കടത്തും ഹവാലഇടപാടുകളും പ്രധാനതൊഴിൽ. എന്തിനും പോന്ന യുവാക്കളെ സംഘത്തിൽ ഉൾപ്പെടുത്തിയാണ് ക്വട്ടേഷൻ പ്രവർത്തനം. വലിയ സെറ്റിൽമെന്റ് കേസുകളാണ് നിലവിൽ അനസിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ പണി. പൊലീസ് വിചാരിച്ചാൽ സാധിക്കാത്ത പല കാര്യങ്ങളും അനസും കൂട്ടരും വിചാരിച്ചാൽ നടക്കും.
എന്തും ചെയ്യാൻ തയാറായി നിൽക്കുന്നവരെയാണ് അനസ് ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനൽ കേസുകളിലെ പ്രതികൾ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇവർക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് ആൾക്കാരുമായും ഇത്തരം സംഘങ്ങൾക്ക് അടുത്ത ബന്ധമുണ്ട് .
മറുനാടന് മലയാളി ബ്യൂറോ