- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചൽ ഉത്ര കൊലക്കേസിൽ സൂരജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; കേസിൽ ഐപിസി 326, 328 ആയി മാറ്റിയത് വിചാരണ കോടതി; അപകടകാരിയായ ആയുധം എന്നത് ആളെ കൊല്ലുന്ന മാരക ആയുധം എന്നായി
കൊല്ലം: അഞ്ചൽ ഉത്ര കൊലകേസിൽ പ്രൊസിക്യൂഷനെ തിരുത്തി കോടതി ഇടപെട്ടത് പ്രതി സൂരജിന് ശിക്ഷ കൂടുന്നതിന് കാരണമായി. ഐ പി സി 326, 307, 302, 201 എന്നീ വകുപ്പുകളാണ് കേസിൽ പ്രൊസിക്യൂഷൻ ചേർത്തിരുന്നത്. ഇതിൽ 326 ന് പകരം 328 വകുപ്പ് മതിയെന്ന് വിചാരണ കോടതി പ്രൊസിക്യൂഷനെ അറിയിക്കുകയായിരുന്നു. 326 വകുപ്പ് അപകടകാരിയായ ആയുധം ഉപയോഗിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ 328 ാം വകുപ്പ് മയക്കം സൃഷ്ടിക്കുന്നതിനും(ബോധം കെടുത്തുന്ന) സാധ്യമായ ആയുധം എന്ന നിലയിലേയ്ക്കാണ് പരിഗണിക്കുക. ഐ പി സി 328-ാം വകുപ്പ് ഈ കേസിൽ ഉൾപ്പെടുത്തിയതോടെ പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിക്കും. അതുകൊണ്ട് തന്നെ ശിക്ഷയിലും ഈ വർദ്ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും മുൻ കൊല്ലം എസ് പിയുമായ എസ് ഹരിശങ്കർ മറുനാടനോട് പ്രതികരിച്ചു.
എസ് പി ഹരിശങ്കറിന്റെ വേറിട്ട അന്വേഷണമികവാണ് കേസിലെ പ്രതി സൂരജിന് കടുത്ത ശിക്ഷ ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്താൻ ഇടയാക്കിയതെന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ കൊലക്കേസ് അന്വേഷണത്തിൽ ജീവനുള്ള പാമ്പിനെ ഉപയോഗപ്പെടുത്തി ഡമ്മി പരീക്ഷണത്തിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് അനുമതി നൽകിയെന്നതും ചരിത്രമാണ്. ചീഫ് വൈൽഡ് വാർഡന്റെ പ്രത്യേക അനുമതി വാങ്ങിയാണ് അന്വേഷക സംഘം മുർഖനെ ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തിയത്.
വനംവകുപ്പിന്റെ പാമ്പുപിടുത്ത വിദഗ്ധനും കാസർഗോഡ് സ്വദേശിയുമായ മാവീഷായിരുന്നു കേസിലെ സുപ്രധാന സാക്ഷി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് തിയറി ഡമ്മി പരീക്ഷണത്തിലൂടെ കോടതിയിൽ സ്ഥിരീകരിച്ചത് മാവീഷാണ്.
കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്. 180-ൽപ്പരം സാക്ഷികളാണ് കേസ്സിലുണ്ടായിരുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന കണ്ടെത്തൽ സ്ഥിരീകരിക്കാൻ പൊലീസ് നടത്തിയ ഡമ്മിപരീക്ഷണത്തിൽ മാവീഷിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നു.
ഉത്രയെ കൊല്ലാൻ സൂരജ് പാമ്പിനെ പ്രയോജനപ്പെടുത്തിയത് എങ്ങനെയായിരുന്നെന്ന് ഡമ്മിപരീക്ഷണത്തിനിടെ കാസർഗോഡ് സ്വദേശിയായ മാവീഷ് ബോദ്ധ്യപ്പെടുത്തിയിരുന്നു. പൊലീസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ വനംവകുപ്പാണ് ഡമ്മിപരീക്ഷണത്തിന് മാവീഷിന്റെ പേര് നിർദ്ദേശിച്ചത്. വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ള പാമ്പുപിടുത്ത വിദഗ്ധരുടെ പട്ടികയിലെ പ്രധാനിയും സുവോളജിസ്റ്റുമാണ് ഇദ്ദേഹം.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്ര കൊല്ലപ്പെട്ട രാത്രിയിൽ നടന്ന സംഭവങ്ങൾ പൊലീസ് പുനരാവിഷ്‌കരിക്കുകയായിരുന്നു.
ജീവനുള്ള മൂർഖനെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് കണ്ടെത്തൽ സ്ഥാപിക്കുന്നതിൽ നിർണ്ണായകമായി. ക്യാമറയ്ക്ക് മുന്നിലായിരുന്നു ഡമ്മിപരീക്ഷണം. ഉത്രയുടെ ശരീരത്തിൽ പാമ്പ് കടിയേറ്റതായി കാണപ്പെട്ട സ്ഥലങ്ങളിലാണ് ഡമ്മിപരീക്ഷണത്തി ലും മൂർഖൻ കടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കേസ്സിലെ നിർണ്ണായക മാപ്പ് സാക്ഷി, പാമ്പുപിടുത്തക്കാരൻ സുരേഷിന്റെ മൊഴികളും അനുബന്ധമായി ലഭിച്ച തെളിവുകളും പൊലീസ് കണ്ടെത്തലിനെ പിന്തുണയ്ക്കുന്നതായിരുന്നു.
പ്ലാസ്റ്റിക് ടിന്നിലാക്കിയാണ് താൻ പാമ്പിനെ സുരജിന്് കൈമാറിയതെന്ന് സുരേഷ് പൊലീസിൽ വെളിപ്പെടുത്തിയിരുന്നു. സൂരജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് പ്ലാസ്്റ്റിക് ടിന്ന് കണ്ടെത്തിയിരുന്നു. ഈ ടിന്നിൽ നിന്നും ലഭിച്ച ഡിഎൻ എ സാമ്പിളും പാമ്പിന്റെ ജഡത്തിൽ നിന്നും ലഭിച്ച ഡി എൻ എ സാമ്പിളും ഒന്നാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പൊലീസ് കണ്ടെത്തുകയും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു.
വാവാ സുരേഷും പൊലീസിന്റെ സാക്ഷിപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.വിവിധയിനം പാമ്പുകളുടെ കടിയേറ്റാൽ മനുഷ്യശരീരത്തിൽ ഉണ്ടാവുന്ന അവസ്ഥകളെക്കുറിച്ചുള്ള വിശദീകരണത്തിനായിട്ടാണ് പ്രൊസിക്യൂഷൻ വാവാ സുരേഷിന്റെ സേവനം വിനയോഗിച്ചത്. പാമ്പുപിടുത്തത്തിനിടെ വ്യത്യസ്ത ഇനത്തിൽപ്പെട്ട വിഷപ്പാമ്പുകളിൽ നിന്നും വാവ സുരേഷിന് പലതവണ കടിയേറ്റിട്ടുണ്ട്. തക്കസമയത്ത് വിദഗ്ധ ചികത്സ ലഭിച്ചതിനാൽ മാത്രമാണ് ജീവൻ രക്ഷപെട്ടത്.
മൂർഖൻ കടിച്ചാൽ അസഹനീയമായ വേദന അനുഭവപ്പെടുമെന്നും എത്ര ഉറക്കത്തിലാണെങ്കിലും കടിയേൽക്കുന്ന ആൾ അസ്വസ്ഥത പ്രകടിപ്പിക്കുമെന്നും വാവ സുരേഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാമ്പിന്റെ കടിയേറ്റിട്ടും ഉത്ര ഉറക്കമുണർന്നിരുന്നില്ലന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ഇതിന്റെ കാരണം വ്യക്തമായത്.
ശരീരത്തെ ദുർബ്ബലമാക്കുന്ന തരത്തിൽ ഉത്രയുടെ ഉള്ളിൽ മയക്കുമരുന്ന് എത്തിയതായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്. തലവേദനയ്ക്ക് ഡോക്ടർമാർ സാധാരണയായി കുറിച്ചുനൽകുന്ന ഗുളിക കൂടുതൽ അളവിൽ സൂരജ് ജ്യൂസ്സിൽ ചേർത്ത് നൽകുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ജ്യൂസ് വേണ്ടെന്ന് ഉത്ര പറഞ്ഞെങ്കിലും സൂരജ് നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നെന്ന സാക്ഷിമൊഴിയും അന്വേഷക സംഘത്തിന് ലഭിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.