കുവൈത്ത് സിറ്റി: ചാനൽ ന്യൂസ് റൂമിൽ നടക്കുന്ന പല അബദ്ധങ്ങളും പലപ്പോഴും അവതാരകർ അറിയാതെ പ്രക്ഷേപണം ചെയ്യറുണ്ട്. തത്സമയം ആണെന്ന് അറിയാതെ സംഭവിക്കുന്ന അത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ തമാശയായി കണ്ട് കളയാറാണ് പതിവ്. എന്നാൽ ഇതേ സംഭവം കുവൈത്തിൽ നടന്നപ്പോൾ അവതാരികയുടെ പണി തെറിച്ചിരിക്കുകയാണ്.

ചാനൽ ചർച്ചയ്ക്കിടെ ലൈവിലെത്തിയ റിപ്പോർട്ടറെ സുന്ദരാ എന്നു വിളിച്ചതിന് വിശദീകരണം പോലും ചോദിക്കാതെയാണ് തേടാതെ വാർത്താ അവതാരകയെ സസ്‌പെന്റ് ചെയ്തത്. കുവൈത്തിലെ ഔദ്യോഗിക ടെലിവിഷനിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകരെ അറിയിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു ബാസിമ അൽ ഷമ്മാർ എന്ന അവതാരക. വാർത്തയുടെ പുതിയ വിവരങ്ങൾ ലഭിക്കാനായി ചുമതലപ്പെടുത്തിയിരുന്ന റിപ്പോർട്ടറുമായി ബന്ധപ്പെടുന്നതിനിടെയിലാണ് സംഭവം അരങ്ങേറിയത്.

നവാഫ് അൽ ഷിറാകി എന്ന റിപോർട്ടറാണ് പുതിയ വിവരങ്ങൾ നൽകുന്നതിന് ലൈവിൽ എത്തിയത്. വാർത്ത പറയുന്നതിനുമുമ്പായി അദ്ദേഹം തന്റെ തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു. ഇതുകണ്ട അൽ ഷാമ്മർ അറബിക്കിൽ അദ്ദേഹത്തെ സുന്ദരാ എന്നു അഭിസംബോധന ചെയ്യുകയായിരുന്നു. വാർത്ത ലൈവായതോടെ ലോകം മുഴുവനും ഈ സംഭവം കാണുകയും ചെയ്തു.

തലപ്പാവ് അഡ്ജസ്റ്റ് ചെയ്തു വയ്‌ക്കേണ്ട ആവശ്യമില്ല. നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട്. ഇതായിരുന്നു ബാസിമ അൽ ഷമ്മാർ പറഞ്ഞതും തൽസമയം പ്രേക്ഷകർ കേട്ടതും. നിഷ്‌കളങ്കമായി പറഞ്ഞതാണോ അല്ലെയോ എന്ന് വ്യക്തമ്ലലെങ്കിലും ബാസിമ അൽ ഷമ്മാറിന്റെ അഭിപ്രായം ഇഷ്ടപ്പെട്ടില്ല വലിയൊരു വിഭാഗത്തിന്. ഒരുതരം കൊഞ്ചിക്കുഴയലായാണ് അവരതിനെ വ്യാഖ്യാനിച്ചത്.