- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേലിൽ കുരിശുയുദ്ധകാലത്തെ വാൾ കണ്ടെത്തി; 900 കൊല്ലം പഴക്കമുള്ള വാൾ കണ്ടെത്തിയത് തുറമുഖ നഗരമായ ഹൈഫയിൽ നിന്ന്; പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രദർശിപ്പിക്കുമെന്ന് ഇസ്രയേൽ പുരാവസ്തു വകുപ്പ്
ജറുസലേം: വടക്കൻ ഇസ്രയേൽ തുറമുഖ നഗരമായ ഹൈഫയിൽനിന്ന് കുരിശു യുദ്ധകാലത്തെ വാൾ കണ്ടെത്തി. 900 കൊല്ലം പഴക്കമുള്ള വാളിന് ഒരു മീറ്ററാണ് നീളം. കാർമൽ തീരത്തെ ആഴംകുറഞ്ഞ ഭാഗത്തുനിന്നാണ് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഷലോമി കാറ്റ്‌സിൻ വാൾ കണ്ടെടുത്തത്.
വർഷങ്ങളോളം മൂടപ്പെട്ടു കിടന്നിരുന്ന വാൾ മണൽ നീങ്ങിയതിനെതുടർന്നാണ് കണ്ടെത്താനായത്. ഹൈഫയുടെ തെക്കൻ പട്ടണമായ അറ്റ്ലിറ്റിൽ കുരിശുയുദ്ധക്കാരുടെ കോട്ട സ്ഥിതിചെയ്തിരുന്നു. ഇതുമായി ബന്ധമുള്ള വാളാണ് കണ്ടെത്തിയതെന്നാണ് ഗവേഷകരുെട നിഗമനം. വാൾ വൃത്തിയാക്കിയശേഷം പ്രദർശനത്തിനായി വെക്കുമെന്ന് ഇസ്രയേൽ പുരാവസ്തു വകുപ്പ് (ഐ.എ.എ.) അറിയിച്ചു.
കാറ്റിൽനിന്ന് രക്ഷതേടാൻ കപ്പലുകൾക്ക് അഭയമൊരുക്കിയിരുന്ന ഇടമായിരുന്നു വാൾ കണ്ടെത്തിയ കാർമൽ തീരമെന്ന് ഐ.എ.എ. തലവൻ കോബി ഷാർവിറ്റ് പറഞ്ഞു. ഒട്ടേറെ ചരക്ക് കപ്പലുകൾ സ്ഥിരമായി ഇവിടെ എത്തിയിരുന്നത് ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കൾ ഇവിടെനിന്ന് കണ്ടെത്താൻ കാരണമായതായും അദ്ദേഹം പറഞ്ഞു. ജറുസലേമിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി 1095 മുതൽ 1291 വരെ നടന്ന യുദ്ധപരമ്പരകളാണ് കുരിശുയുദ്ധമെന്നറിയപ്പെടുന്നത്.