കൊച്ചി: മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെ മൂന്നുപേർ കാർ അപകടത്തിൽ മരിച്ച സംഭവത്തിൽ മത്സരയോട്ടം നടന്നതായി പൊലീസ് സ്ഥിരീകരിക്കുമ്പോഴും ദുരൂഹതയായി സിസിടിവി ദൃശ്യങ്ങൾ കാണാതാകൽ. ഇവരെ പിന്തുടർന്നെത്തിയ ആഡംബര കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെ ചോദ്യം ചെയ്തതോടെ സംശയങ്ങൾ കൂടി.

കുണ്ടന്നൂരിൽ വാക്കുതർക്കമല്ല, യുവതികൾ ഉൾപ്പടെയുള്ളവർക്കു ഹോട്ടലിൽ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാൻ പറയുന്നതിനാണു പിന്തുടർന്നത് എന്നുമാണ് സൈജു നൽകിയ മൊഴിയിലുള്ളത്. സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാൽ വാഹനം ഹോട്ടൽ ഉടമയുടേതല്ലെന്നാണു വിവരം.

വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പൊലീസിനോടു പറഞ്ഞത്. നമ്പർ 18 ഹോട്ടൽ ഉടമായയ റോയ് ഒളിവിൽ പോയതും അപകടത്തിന് പിന്നിൽ കൊലപാതകമാണെന്ന സംശയം ഉയരുന്നു. ഓഡി കാറിലുള്ളവർ അപകട ശേഷം ഇടപ്പള്ളിയിൽ നിന്ന് തിരിച്ചെത്തിയതും ദുരൂഹമാണ്. അപകടത്തിൽ പെട്ടവരെ രക്ഷിക്കാനും ശ്രമം നടന്നില്ല. അപകടത്തിൽ അവർ മരിക്കട്ടേ എന്ന ചിന്തയാണ് ഇതിന് പിന്നിലെന്ന നിഗമനവും സജീവമാണ്. ഇതും സിസിടിവി പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങഅങൾ നശിപ്പിച്ചതും സംശയം കൂട്ടുന്നു.

നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടത്ത് നടന്ന കാറപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ, സുഹൃത്ത് കെഎ മുഹമ്മദ് ആഷിഖ് എന്നിവരാണ് മരിച്ചത്. കാറപകടത്തിന് തൊട്ടുമുമ്പ് ഇവർ രാവ് ആഘോഷിച്ച ഹോട്ടലിലെ ഡാൻസ് ബാറിലെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റിയതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഫോർട്ടുകൊച്ചിയിലെ ആഡംബര ഹോട്ടലായ നമ്പർ 18 ലെ മുകൾ നിലയിലുള്ള ക്ലബ് 18 ലെ നൈറ്റ് ക്ലബ്ബിലായിരുന്നു ആഘോഷം. ഹോട്ടലിലെ താഴത്തെ നിലയിലെ ദൃശ്യങ്ങൾ പകർത്തിയ സിസിടിവി ഹാർഡ് ഡിസ്‌കും ഡിവിആറും ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഭാഗത്ത് യുവതികളും യുവാക്കളും മദ്യപിക്കുന്നതും നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുറേ ഭാഗങ്ങൾ ഡിലീറ്റ് ചെയ്തതായും പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ പരിശോധനയിൽ ഹോട്ടലിനു പുറത്തേക്കു യുവതികൾ വരുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ പെൺകുട്ടികൾ നൃത്തം ചെയ്താണ് ഇറങ്ങി പോകുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ഐപിസി 279 പ്രകാരം അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും. അപകടത്തിൽപെട്ട കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ അടുത്ത ദിവസം കസ്റ്റഡിയിൽ എടുത്തു വീണ്ടും ചോദ്യം ചെയ്യും. സൈജുവിനെ പൊലീസ് വിട്ടയച്ചെങ്കിലും എപ്പോൾ വേണമെങ്കിലും വിളിപ്പിച്ചാൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ഹോട്ടൽ ഉടമ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു. ഇയാൾ കേസിൽ പ്രതിയല്ലാത്തതിനാൽ ഒളിവിലാണെന്നു പറയാനാകില്ല.

ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനു തെളിവു നശിപ്പിച്ചെന്ന പേരിൽ കേസെടുക്കേണ്ട സാഹചര്യമില്ല. ഹോട്ടലിനുള്ളിലെ ദൃശ്യങ്ങൾ ഉള്ള ഹാർഡ് ഡിസ്‌ക് പൊലീസിനു ലഭിച്ചിട്ടില്ല. അകത്തു നടന്ന ഇടപാടുകളും, ഇടപാടുകാരുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനുമാകണം ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്നാണു സൂചന. അങ്ങനെ എങ്കിൽ എന്തിനാണ് സിസിടിവിയിലൂടെ ഇത് പകർത്തുന്നതെന്ന ചോദ്യവും ബാക്കി. ഊരിയെടുത്ത ഹാർഡ് ഡിസ്‌ക് ഹോട്ടൽ ഉടമയ്ക്ക് കൈമാറിയതായി ജീവനക്കാരൻ പൊലീസിനോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.