കൊച്ചി: ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മിസ് കേരള ജേതാക്കളായ മോഡലുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പൊലീസിന്. തുടക്കത്തിലേ തെളിവ് നശീകരണം നടന്നതു കൊണ്ടു തെന്നെ കേസിലെ കുറ്റവാളികൾ രക്ഷപ്പെടാനാണ് സാധ്യത. നിർണ്ണായക തെളിവുകൾ പലതും പൊലീസ് തുടക്കത്തിൽ ശേഖരിച്ചില്ല. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് അറിഞ്ഞിട്ടും അന്വേഷണത്തിൽ വേണ്ടത്ര ജാഗ്രത തുടക്കത്തിൽ പൊലീസ് കാട്ടിയില്ല. ഇതാണ് ഇപ്പോഴുള്ള തിരിച്ചടിക്ക് കാരണം.

ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകിയെന്ന സംശയം ശക്തമാണ്. എന്നാൽ, ഇവരുടെ രക്തസാംപിൾ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. വലിയ വീഴ്ചയാണ് ഇക്കാര്യത്തിൽ പൊലീസിന് സംഭവിച്ചത്. മുമ്പ് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകന്റെ അപകടത്തിൽ ഐഎഎസുകാരന്റെ രക്തസാമ്പിൾ പരിശോധന വൈകിപ്പിച്ചിരുന്നു. ഇത് കാരണം ആ ഐഎഎസുകാരന് സർവ്വീസിൽ തിരിച്ചെത്താനായി. ഇതിന് സമാനമായ അട്ടിമറിയാണ് പാലാരിവട്ടത്തെ അപകടത്തിലും സംഭവിച്ചത്.

മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കണം എന്നതാണ് അവസ്ഥ. ഇതാണ് ഹോട്ടലുടമ റോയി നശിപ്പിച്ചതും. ഇതോടെ എല്ലാ തെളിവും നഷ്ടമായി. കേസിൽ നിർണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്. അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളാണ്.

മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോൾ അൻസിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു. ഈ മുൻ പരിചയമാണ് അൻസിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ വഴിയൊരുക്കിയത്. ഹോട്ടലിലെ രാസലഹരി പാർട്ടികൾക്കു നേതൃത്വം നൽകിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണു യുവതികൾക്കു വിനയായതെന്നാണ് സൂചന. ഇയാൾ റോയിയുടെ അടുപ്പക്കാരനാണ്. റോയിയുടെ അനുമതിയോടെയായിരുന്നു സൈജുവിന്റെ ഇടെപടുലകൾ.

ഡാൻസ് പാർട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്കു സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനു ശേഷമാണ് ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുൽ റഹ്മാനും കൂടിയ അളവിൽ മദ്യം വിളമ്പി സൽക്കരിക്കാൻ തുടങ്ങിയതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കൂട്ടത്തിൽ യുവതികൾക്കും ശീതളപാനീയത്തിൽ അമിത അളവിൽ ലഹരി ചേർത്തു നൽകിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ഇതാണ് അപകടത്തിലേക്ക് കാര്യങ്ങളെത്തിയത്.

മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ മരിച്ച കേസിൽ 'നമ്പർ 18' ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച സൈജു തങ്കച്ചൻ മുൻകൂർജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പൊലീസ് സമർപ്പിച്ച കസ്റ്റഡിയപേക്ഷയിൽ സൈജുവിനെതിരേ പരാമർശങ്ങളൊന്നുമില്ലാതിരുന്നിട്ടും ഏന്തിനാണ് സൈജു മുൻകൂർ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്.

മോഡലുകളുടെ വാഹനം പിന്തുടരുകയും അപകടത്തിനുശേഷം മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തെത്തുകയും ചെയ്തയാളാണ് സൈജു. ഒക്ടോബർ 31-ന് ഹോട്ടൽ നമ്പർ 18-ൽ നടന്ന ഡി.ജെ. പാർട്ടിക്ക് ശേഷമുള്ള ആഫ്റ്റർ പാർട്ടിയിലേക്ക് മോഡലുകളെ അയാൾ ക്ഷണിച്ചിരുന്നോ എന്ന് പരിശോധിക്കും. നമ്പർ 18 ഹോട്ടലിൽ വി.ഐ.പി.കൾക്കായി ആഫ്റ്റർ പാർട്ടിയൊരുക്കൽ പതിവായിരുന്നെന്നാണ് വിവരം. ഹോട്ടലിൽ തുടരാൻ താത്പര്യം കാണിക്കാതെ മടങ്ങിയ പെൺകുട്ടികളേയും സുഹൃത്തുക്കളേയുമാണ് ഷൈജു ആഡംബര കാറിൽ പിന്തുടർന്നത്. അപകടത്തിനുശേഷം ഷൈജു ഹോട്ടലുടമ റോയിയെ വിളിച്ച് വിവരമറിയിച്ചിരുന്നു.

അപകടമരണമായിട്ടും എന്തിനാണ് റോയി ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലുണ്ടായ സംഭവങ്ങളെ മറയ്ക്കാനുള്ള ഗൂഢശ്രമം ഉണ്ടെന്നാണ് നിഗമനം. എക്‌സൈസ്, നർക്കോട്ടിക് സെൽ എന്നിവരിൽനിന്ന് ഷൈജു മുൻപ് ലഹരിയിടപാട് കേസുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന വിവരങ്ങളും തേടുന്നുണ്ട്.