- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈജു ആരുടെ നിർദേശപ്രകാരമാണ് കുണ്ടന്നൂരിൽ എത്തിയതെന്നും ആർക്കാണ് ഫോൺ ചെയ്തതെന്നും കണ്ടെത്തിയാൽ എല്ലാം തെളിയും; രക്ത-മൂത്ര സാമ്പിൾ ശേഖരണം ഒഴിവാക്കിയത് കുതന്ത്രം; ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുത്ത സിവിൽ സർവ്വീസ് ബുദ്ധി പാലാരിവട്ടത്തും; മറ്റൊരു ബാലഭാസ്കർ അപകടമായി ഇതും മാറുമോ?
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണത്തിലെ ദുരൂഹത നീക്കാൻ സൈജു തങ്കച്ചന്റേയും നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റേയും ഫോൺ പരിശോധിക്കണമെന്ന ആവശ്യം അതിശക്തം. പൊലീസ് ആസ്ഥാനത്തെ ഐപിഎസുകാരന്റെ ഇടപെടൽ ദുരൂഹമായി തുടരുമ്പോഴാണ് ഇത്. മോഡലുകളുടെ രക്ത-മൂത്ര സാമ്പിളുകൾ ശേഖരിക്കാത്തതും തെളിവ് നശീകരണമാണ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർകനായ കെഎം ബഷീർ കൊല്ലപ്പെട്ടപ്പോൾ നടന്നതിന് സമാനമായ അട്ടിമറിയായി ഇതിനെ വിലയിരുത്താം. ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനെതിരെ കടുത്ത വകുപ്പുകൾ ചുമത്താൻ കഴിയാത്തത് രക്തപരിശോധന വൈകിച്ചതു കാരണമാണ്.
അതിനിടെ ആൻസി കബീറിന്റെ കുടുംബം അതിശക്തമായി രംഗത്തു വന്നത് അന്വേഷണത്തിന് പുതിയ വേഗം നൽകും. എന്താണ് സംഭവിച്ചതെന്ന് സമൂഹത്തിന് മുന്നിൽ തെളിയിക്കണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നത് ഉന്നതരെ രക്ഷിക്കാനാണോയെന്ന് പൊലീസ് തെളിയിക്കണമെന്നും അബ്ദുൾ കബീർ അറിയിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യവും അവർ ഉയർത്തും. എന്നാൽ കേന്ദ്ര ഏജൻസികൾ എത്തിയാലും നമ്പർ 18 ഹോട്ടലുടമയെ കൊലക്കുറ്റത്തിൽ എത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നേരത്തെ പൊലീസ് എടുത്തുവെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഫോൺ കോൾ പരിശോധന നിർണ്ണായകമാകും.
ഔഡി കാർ മകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നതും നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ എടുത്തുമാറ്റിയതും എന്തിനാണെന്ന് അറിയണം. നിലവിൽ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവുകയാണെന്നാണ് വിശ്വാസം. വരും ദിവസങ്ങളിലും അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോയില്ലെങ്കിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉൾപ്പെടെ പരാതി നൽകുമെന്നും കബീർ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം. എന്നാൽ ആരെത്തിയാലും റോയി വയലാട്ടിന് ഒന്നും സംഭവിക്കില്ലെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ സിബിഐ അന്വേഷണം എത്തിയിട്ടും ഒന്നും സംഭവിച്ചില്ല. പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണവും കേസ് അന്വേഷണവും അട്ടിമറിച്ചതായിരുന്നു ഇതിന് കാരണം,
പാലാരിവട്ടത്തെ അപകടത്തിലും ഇതെല്ലാം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐ എത്തിയാലും കേസ് തെളിയിക്കാൻ കഴിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ആൻസി കൊച്ചിയിലേക്ക് പോകാറുള്ളത്. അപകട സമയത്ത് മകൾക്കൊപ്പമുണ്ടായിരുന്ന അഞ്ജനയെ നേരിട്ട് തനിക്ക് പരിചയമില്ല. മിസ് കേരള മത്സരത്തിന് ശേഷം 2019 മുതലാണ് ആൻസിയും അഞ്ജനയും ഉറ്റസുഹൃത്തുക്കളായത്. അപകടത്തിന് പിന്നാലെ അഞ്ജനയുടെ സഹോദരനുമായി ഒന്നുരണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നുവെന്നും കബീർ പറഞ്ഞു.
കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മരണപ്പെട്ട അഞ്ജനയുടെ കുടുംബവും ആവശ്യപ്പെട്ടു. ഹോട്ടലിൽനിന്ന് ഇറങ്ങുന്നതുവരെ അഞ്ജനയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു. എന്നാൽ യാത്രാമധ്യേ കുണ്ടന്നൂർ ജംഗ്ഷനിൽ വെച്ച് എന്തോ സംഭവിച്ചു. ഇതെന്താണെന്ന് കണ്ടെത്തണമെന്നും അഞ്ജനയുടെ സഹോദരൻ അർജുൻ പ്രതികരിച്ചു. സഹോദരി പൂർണ സന്തോഷവതിയാണെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വളരെ സന്തോഷമായിട്ടാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയത്. യാതൊരു ടെൻഷനും അവളുടെ മുഖത്തില്ലായിരുന്നു. എന്നാൽ കുണ്ടന്നൂർ ജംഗ്ഷനിൽ എന്തോ സംഭവിച്ചു. കാർ നിർത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും അർജുൻ പറഞ്ഞു.
ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞനയുടെ കുടുംബം എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. നേരത്തെയും അഞ്ജനയ്ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഔഡി കാർ പിന്തുടർന്നതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ ഔഡി കാർ ഓടിച്ച സൈജുവിന്റെയും ഹോട്ടൽ ഉടമയായ റോയിയുടെയും പങ്ക് വിശദമായി അന്വേഷിക്കണം. സൈജു ആരുടെ നിർദ്ദേശപ്രകാരമാണ് അവിടെയെത്തിയതെന്നും ആർക്കാണ് ഫോൺ ചെയ്തതെന്നും കണ്ടെത്തണം. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണത്തിനായാണ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും അർജുൻ പറഞ്ഞു.
കേസിൽ നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണ്. എന്നാൽ ചില സംശയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. കേസിൽ സൈജുവിനും റോയിക്കുമെതിരേ നിലവിൽ പരാതികളൊന്നുമില്ല. തെളിവ് നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോഴുണ്ടായ സംശയത്താലാണ് ഇവർക്കെതിരേയ പരാതി നൽകണമെന്ന് തോന്നിയെന്നും അർജുൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ