കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ, ഇവർ സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ വീണ്ടും അന്വേഷകസംഘം ചോദ്യം ചെയ്യും. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് വിശദീകരണവുമായി രംഗത്തു വന്നു. വിഐപി വാദം തള്ളുകയാണ് പൊലീസ്. സംഭവത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് പങ്കുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും ഈ വാർത്ത നൽകി. ഇതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

നമ്പർ 18 ഹോട്ടലിൽ മോഡലുകൾ മരിച്ച ദിവസം വിഐപി വന്നതായി കണ്ടെത്തിയിട്ടില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് റോയിയെയും മറ്റ് അഞ്ചു ജീവനക്കാരെയും അറസ്റ്റ് ചെയ്തത്. ചില പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിൽ അടിസ്ഥാനരഹിതമായ വാർത്തകളാണ് വരുന്നതെന്ന് അനന്തലാൽ പറഞ്ഞു. ഹോട്ടലിൽനിന്ന് കാണാതായ കംപ്യൂട്ടർ ഹാർഡ്ഡിസ്‌ക് കണ്ടെത്താൻ ഊർജിതശ്രമം നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എ അനന്തലാൽ പറഞ്ഞു. അപകടമരണത്തിനുപിന്നിൽ വിഐപികളുടെയോ സിനിമാമേഖലയിലെ വ്യക്തികളുടെയോ പങ്ക് കണ്ടെത്താനായിട്ടില്ലെന്നും വിശദീകരിച്ചു.

മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജുവിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇയാൾ കുണ്ടന്നൂരിൽവച്ച് മോഡലുകളുമായി സംസാരിച്ചതിന് തെളിവുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് പറയാനാണ് കാറിനെ പിന്തുടർന്നതെന്നാണ് സൈജു നേരത്തേ പൊലീസിനോട് പറഞ്ഞത്. അപകടശേഷം നമ്പർ 18 ഹോട്ടൽ ഉടമ റോയി ജെ വയലാട്ടിനെ വിളിച്ചിരുന്നു. ഡ്രൈവർ അബ്ദുൾ റഹ്മാൻ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

മോഡലുകൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം കൊച്ചി സിറ്റി പൊലീസിന് പരാതി നൽകി. ഹോട്ടലിൽനിന്ന് ഇറങ്ങുന്നതുവരെ അഞ്ജനയ്ക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് സഹോദരൻ അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാമധ്യേ കുണ്ടന്നൂർ ജങ്ഷനിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അവിടെ കാർ നിർത്തി സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ഔഡി കാർ പിന്തുടർന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ ഔഡി കാർ ഓടിച്ച സൈജുവിന്റെയും ഹോട്ടൽ ഉടമ റോയിയുടെയും പങ്ക് അന്വേഷിക്കണം. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും അർജുൻ വ്യക്തമാക്കി. അഞ്ജനയുടെ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

അതേസമയം, അഞ്ജന ഷാജന്റെയും അൻസി കബീറിന്റെയും അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലിൽ ലഹരി ഉപയോഗം നടന്നോയെന്ന് എക്‌സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.