- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരി വിമാനത്താവളം റൂറലിൽ നിന്ന് മാറ്റി സിറ്റി പൊലീസിന്റെ പരിധിയിൽ കൊണ്ട് വരാൻ ചരടു വലി; കൊച്ചിയിലെ നിശാപാർട്ടിക്ക് എല്ലാ സൗകര്യങ്ങൾ ഒരുക്കുന്നത് സുപ്രധാന ചുമതലയിലുള്ള പൊലീസുകാരൻ; മരടിൽ സ്വത്തും; ഐപിഎസ് 'സിംഹത്തിന്' എതിരെ ഐബിയും
കൊച്ചി: കൊച്ചിയിലെ നിശാപാർട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് പിന്നിൽ സുപ്രധാന ചുമതല വഹിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തുന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടർ ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായ സൂചനകളാണ് ഈ വാർത്തകളിലുള്ളത്. നമ്പർ 18 ഹോട്ടൽ ഉടമയുമായി അടുപ്പമുള്ള ഐപിഎസുകാരനെതിരെ സംസ്ഥാന പൊലീസിലെ ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.
അതിനിടെയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെയുള്ള റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചത്. കൊച്ചി മരടിലുൾപ്പടെ ഈ ഉദ്യോഗസ്ഥൻ അനധികൃതമായി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഐപിഎസുകാർ കേന്ദ്ര സർക്കാരിന് കീഴിലെ ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ടിൽ കേന്ദ്രം എടുക്കുന്ന നിലപാടും നിർണ്ണായകമാണ്.
നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലും ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നെടുമ്പാശേരി വിമാനത്താവളം എറാണാകുളം റൂറലിൽ നിന്ന് മാറ്റി കൊച്ചി സിറ്റി പൊലീസിന്റെ അധികാര പരിധിയിൽ കൊണ്ട് വരാൻ ഇതേ ഉദ്യോഗസ്ഥർ ഇടപെട്ടതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിലും ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകി എന്നാണ് റിപ്പോർട്ട്.
മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് എതിരാണെന്ന് വ്യക്തമായതോടെ ഇനി ഏവരുടേയും കണ്ണ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീണ്ടിരുന്നു. അതിനിടെ ഐബിയും റിപ്പോർട്ടുമായി എത്തുന്നത്. അപകടദിവസം ഫോർട്ടുകൊച്ചി 'നമ്പർ 18' ഹോട്ടലിൽ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ എത്തിയെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥനെതിരേ നടപടിക്ക് സാധ്യതയുണ്ട്. മോൻസൺ മാവുങ്കലിനെ കൈവിട്ട് സഹായിച്ച ഐജി ലക്ഷ്മണയെ സസ്പെന്റ് ചെയ്തിരുന്നു. ഇതേ മാതൃകയിലെ നടപടിയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ലക്ഷ്മണയെ പോലെ തലസ്ഥാനത്താണ് ഇപ്പോൾ ജോലിയെന്നാണ് സൂചന. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടർച്ചയായുള്ള കൊച്ചി സന്ദർശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഒക്ടോബർ 31-ന് കൊച്ചിയിൽ എന്തിനാണ് എത്തിയതെന്നടക്കം ഉന്നത ഉദ്യോഗസ്ഥൻ വിശദീകരിക്കേണ്ടിവരും. എന്നാൽ ഭരണ സംവിധാനവുമായി അടുത്ത ബന്ധം ഈ ഉദ്യോഗസ്ഥനുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നിലപാടാകും നിർണ്ണായകം. മോൻസൺ കേസു പോലെ നമ്പർ 18 ഹോട്ടലിനെതിരെ തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഐപിഎസുകാരനും നടപടി നേരിടേണ്ടി വരില്ലെന്നാണ് സൂചന.
അപകടത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥൻ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്ന് ഇന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഹാർഡ് ഡിസ്‌കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണിത്. ഇതോടെ ഹാർഡ് ഡിസ്‌ക് കണ്ടെത്തുന്നതിൽ പൊലീസ് ഉഴപ്പി. ഹാർഡ് ഡിസ്‌ക് പരിശോധിച്ചാൽ താൻ ഹോട്ടലിൽ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ എന്നാണ് മാതൃഭൂമി ഇന്നലെ റിപ്പോർട്ട് ചെയ്തത്.
ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പൊലീസുദ്യോഗസ്ഥർക്കെല്ലാം അറിയാം. റോയിക്കുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിനൽകിയത് ഈ ബന്ധം മൂലമായിരുന്നു. അന്വേഷണത്തെ ഈ ഉദ്യോഗസ്ഥൻ സ്വാധീനിച്ചുവെന്നും സൂചനകൾ പുറത്തു വരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് സൂചനയുണ്ട്. മരട്, നെട്ടൂർ ഭാഗങ്ങളിൽ ബിനാമി പേരിൽ പല ഉന്നത ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പനങ്ങാട് ചാത്തമ്മ ജങ്ഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളവർ ചേർന്ന് അടുത്തിടെ ഭൂമി നികത്തിയിരുന്നു. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ കൊടുത്തെങ്കിലും നികത്തൽ തുടർന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമിയാണെന്ന് അറിഞ്ഞതോടെ പൊലീസ് നടപടിയെടുക്കാതെ മാറിനിന്നു. മുമ്പ് ഇത്തരത്തിൽ ഈ ഉദ്യോഗസ്ഥനെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും പൊലീസ് തലപ്പെത്തെ മറ്റൊരു ഉന്നതന്റെ സംരക്ഷണം ലഭിച്ചിരുന്നു. സർക്കാരുമായുള്ള അടുപ്പവും നിർണ്ണായകമാണ്. എന്നാൽ പൊലീസ് മേധാവി അനിൽ കാന്ത് കടുത്ത നിലപാടിലാണ്.
പൊലീസ് മേധാവിയുടെ ഓഫീസ്തന്നെ നേരിട്ട് ഇടപെട്ടതിനാൽ അപകടം സംബന്ധിച്ച കേസിൽ ഇനിയുള്ള അന്വേഷണം അതീവ ഗൗരവത്തിലാകും. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം പൊലീസ് ആസ്ഥാനത്തെ ഉന്നതർ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. സർക്കാർ നിലപാടുകൾ എതിരായില്ലെങ്കിൽ നമ്പർ 18 ഹോട്ടലുടമ പിടിക്കപ്പെടുമെന്നാണ് സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ