കണ്ണൂർ: കണ്ണൂർ ജില്ലയിലെ തെയ്യ കഥകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് അണ്ടലൂർക്കാവ്. പല നാടുകളിൽ നിന്നും ആളുകൾ അണ്ടലൂർ കാവിൽ ഉത്സവം കാണാൻ എത്തും. കുംഭം 1 മുതൽ 7 വരെയാണ് അണ്ടലൂർ കാവിൽ ഉത്സവം. ഉത്സവം തുടങ്ങിയാൽ 7 ദിവസവും ഉച്ച 12 മുതൽ ബാലി സുഗ്രീവ യുദ്ധം തെയ്യ രൂപത്തിൽ അരങ്ങേറുന്നു. ഇവർക്കു പുറമേ ദൈവത്താർ ഈശ്വരൻ, ബൊപ്പണ്ണൻ എന്നിങ്ങനെ അനവധി തെയ്യങ്ങൾ അണ്ടലൂർ കാവിൽ ഉണ്ട്.

അണ്ടലൂർ കാവിൽ ഉത്സവം തുടങ്ങിയാൽ പിന്നെ കിലോമീറ്ററുകളോളം ചുറ്റളവിലുള്ള വീടുകളിൽ മത്സ്യമാംസാദികൾ ഉപയോഗിക്കുകയില്ല. മദ്യം എന്നത് ഈ സമയങ്ങളിൽ ഇവിടത്തുകാർക്ക് നിഷിദ്ധമാണ്. വാനരപ്പടയുടെ സൂചിപ്പിക്കാൻ ഈ നാട്ടിലെ ആളുകൾ തന്നെയാണ് തോർത്തും ബനിയനും വേഷം ധരിച്ച് ഉത്സവത്തിൽ വ്രതശുദ്ധിയോടെ പങ്കെടുക്കുന്നത്.

അണ്ടലൂർ കാവിൽ ഉത്സവം തുടങ്ങിയാൽ പിന്നെ വരുന്ന ആളുകൾക്ക് വീടുകളിൽനിന്ന് അവലും മലരും പഴത്തോടോപ്പം നൽകുന്നു. ഇതാണ് ഈ സമയങ്ങളിൽ ഇവിടുള്ള പ്രധാനഭക്ഷണം. ഈ ഭക്ഷണം ഇവിടുത്തെ വീടുകളിൽനിന്ന് ഭക്ഷിക്കാൻ മാത്രമായി നിരവധി ബന്ധുക്കളും ഈ സമയങ്ങളിൽ ഇവിടേക്ക് ഒഴുകിയെത്തുന്നു.