ബെംഗളൂരു: സദാചാരപൊലീസിംഗിന് ഇരയായി മറ്റൊറു സെലിബ്രിറ്റി കൂടി. 2016ലെ ബെംഗളൂരു ഫെമിന മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ വിജയിച്ച അൻദലീബ് സെയ്ദിയാണ് ബിക്കിനിയിട്ടതിന്റെ പേരിൽ സ്വന്തം കുടുംബാംഗങ്ങളുടെ അടക്കം എതിർപ്പിന് പാത്രമായത്. എന്നാൽ ഇതുകൊണ്ടൊന്നും പിന്മാറാൻ ഈ സുന്ദരി തയാറായില്ല.

വിദ്യാസമ്പന്നയായ തനിക്ക് എന്തു ജോലി ചെയ്യണമെന്നും എന്തു വേഷം ധരിക്കണമെന്നും വ്യക്തമായി അറിയാമെന്നു പറഞ്ഞ് വിമർശകരുടെ വായടച്ചിരിക്കുകയാണ് അൻദലീബ്. വീട്ടുകാരോടുള്ള ബഹുമാനം മൂലമാണ് ഇത്രയും കാലം ഒന്നും പറയാതിരുന്നതെന്നും ഇനി അത് പ്രതീക്ഷിക്കരുതെന്നും യുവതി മുന്നറിയിപ്പു നല്കി.

2016ലെ ബെംഗളൂരു ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ ബിക്കിനിയിട്ടതിന്റെ പേരിൽ ചില്ലറയൊന്നുമല്ല അൻദലീബ് കേട്ടത്. 2016ലെ ബെംഗളൂരു ഫെമിന മിസ് ഇന്ത്യ വിജയിയാണ് അൻദലീബ് സെയ്ദി. 2016ലെ തന്നെ ക്യാംപസ്സ് പ്രിൻസസ് മത്സരത്തിലെ ഫൈനലിസ്റ്റ് കൂടിയാണ് അൻദലീബ്. മത്സരങ്ങളുടെ ഭാഗമായി ധരിച്ച ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങളാണ് അൻദലീബിന് പണികൊടുത്തത്.

തന്റെ അനുഭവം അൻദലീബ് സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുകയുണ്ടായി. മോഡലായ ഒരു മുസ്ലിം യുവതിയുടെ ജീവിതം എന്ന തലക്കെട്ടോടുകൂടിയാണ് അൻദലീബ് തന്റെ അനുഭവം കുറിച്ചിരിക്കുന്നത്. യുവതിയുടെ പോസ്ററിന് വൻപിന്തുണയാണ് ലഭിക്കുന്നത്.

ബിക്കിനിയിട്ട ചിത്രങ്ങൾ വൈറലായതോടെ തന്നെ ആക്രമിക്കാൻ ബന്ധുക്കൾക്ക് മികച്ച അവസരം ലഭിച്ചുവെന്ന് അൻദലീബ് പറയുന്നു. തന്റെ കരിയറോ മോഡലിംഗോ അല്ല മറിച്ച് ആൾക്കാർക്ക് അറിയാൻ താൽപര്യം തനിക്ക് വീട്ടുകാരിൽ നിന്നുള്ള എതിർപ്പിന്റെ കഥകളാണെന്നും ഈ സുന്ദരി വിമർശിക്കുന്നു.

മകൾ നാണം കെട്ടവളാണ് എന്നും നരകത്തിൽ പോലും ഇടം ലഭിക്കില്ലെന്നുമാണ് ബന്ധുക്കൾ തന്റെ മാതാപിതാക്കളോട് പറയുന്നത്. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും അവർ ആരോപിക്കുന്നുവെന്നും അൻദലീബ് പറയുന്നു.

ബിക്കിനിയുടെ പേരിൽ തനിക്ക് ലഭിച്ച വിമർശനങ്ങളോട് ഇത്രയും കാലം മൗനം പാലിച്ചു. ഇനി അതിന് വയ്യെന്നും അൻദലീബ് പറയുന്നു. വീട്ടുകാരോടുള്ള ബഹുമാനം മൂലമാണ് മറുത്ത് പറയാതിരിക്കുന്നതെന്നും ഇനി അത് പ്രതീക്ഷിക്കരുതെന്നും താരം തുറന്നടിച്ചു.

താൻ വിദ്യാസമ്പന്നയായ യുവതിയാണ്. ഏത് ജോലി ചെയ്യണമെന്നോ എന്ത് വേഷം ധരിക്കണമെന്നോ തനിക്കറിയാം. മാതാപിതാക്കളല്ലാതെ തന്നെ മറ്റാരും ശരിയും തെറ്റും പഠിപ്പിക്കാൻ വരേണ്ടെന്നും അൻദലീബ് വ്യക്തമാക്കുന്നു.

ഞാൻ ജീവിതത്തിലെ ഏറ്റവും വലിയ പാപമാണ് ചെയ്തത് എന്ന് പറയുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ എഴുത്ത്. തന്നെ വിലയിരുത്താൻ ആരും മുതിരേണ്ടതില്ല. എനിക്ക് നിങ്ങളാകാനോ നിങ്ങൾക്ക് ഞാനാകാനോ കഴിയില്ലെന്നും പറഞ്ഞാത് അൻദലീബിന്റെ കുറിപ്പ് അവസാനിക്കുന്നത്.