- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമുക്കൊരുമിച്ച് ഒരു ദിവസം കൂടി ലഭിച്ചിരുന്നെങ്കിൽ; സൈമൻഡ്‌സിന്റെ കാറപകടം നടന്ന സ്ഥലത്ത് വികാരനിർഭര കുറിപ്പ് സ്ഥാപിച്ച് സഹോദരി; സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ സൈമൻഡ്‌സിന്റെ സംശയാസ്പദ മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
സിഡ്‌നി: കായിക ലോകത്തിന് തന്നെ ഞെട്ടലായിരുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ആൻഡ്രൂ സൈമൻഡ്‌സിന്റെ മരണം.തന്റെ പതിവ് വിനോദമായ മീൻപിടിത്തത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.സൈമൻഡസ് തൽക്ഷണം മരിക്കുകയും ചെയ്തു.ഇപ്പോഴിത അപകടം നടന്ന സ്ഥലത്ത് സൈമൻഡ്‌സിന്റെ സഹോദരി ലൂയ്‌സി സ്ഥാപിച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.ഒരുമിച്ച് ഒരു ദിവസമോ..അല്ലെങ്കിൽ ഒന്നു ഫോൺ ചെയ്യാനോ അവസരം ലഭിച്ചെങ്കിലെന്നാണ് തൻ ആഗ്രഹിക്കുന്നതെന്ന് സഹോദരി കുറിച്ചു.
ക്വീൻസ്ലൻഡിനു സമീപം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം.സൈമണ്ട്‌സിന്റെ മരണത്തിനു പിന്നാലെ ലൂയ്‌സി അപകട സ്ഥലം സന്ദർശിച്ചിരുന്നു. തന്റെ ഹൃദയം തകർന്നെന്നും സഹോദരനൊപ്പം ഒരു ദിവസം കൂടി ചെലവിടാനോ ഒരു ഫോൺ കോൾ ചെയ്യാനോ എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയും അവർ കുറിപ്പിൽ പങ്കുവച്ചു.
'ഇത്ര വേഗം ഞങ്ങളെ വിട്ടു പിരിഞ്ഞുവോ, അന്ത്യവിശ്രമം കൊള്ളൂ ആൻഡ്രൂ, നമുക്ക് ഒരു ദിവസം കൂടി ലഭിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു ഫോൺ കോൾ കൂടിയെങ്കിലും ലഭിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. താങ്കളോടുള്ള സ്‌നേഹം എല്ലായ്‌പ്പോഴുമുണ്ടാകും' ഓസ്‌ട്രേലിയൻ ദേശീയ ചാനൽ പുറത്തുവിട്ട കുറിപ്പിലെ വരികൾ.
'ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. ഞങ്ങളുടെ 2 കുട്ടികളെക്കുറിച്ചു മാത്രമാണ് ആലോചിക്കുന്നത്' സൈമണ്ട്‌സിന്റെ ഭാര്യ ദേശീയ ദിനപത്രത്തോടു പ്രതികരിച്ചു. സൈമണ്ട്‌സിന്റെ വാഹനത്തിന്റെ ചിത്രങ്ങളും മിൻപിടിക്കാനായി തന്റെ വളർത്തുനായ്ക്കളുമായി വാഹനത്തിൽ പോകുന്ന വീഡിയോയും ഓസ്‌ട്രേലിയൻ ഓൺലൈൻ വാർത്താ മാധ്യമങ്ങൾ പങ്കുവച്ചിരുന്നു.
സൈമണ്ട്സ് അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാനായി വന്ന ക്വീൻസ്ലൻഡ് സ്വദേശിയായ വൈലോൺ ടൗൺസണാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. അപകടത്തിൽപ്പെട്ട സൈമണ്ട്സിനെ ആദ്യമായി കണ്ടതും രക്ഷാപ്രവർത്തകരെ വിവരമറിയിച്ചതും ടൗൺസണായിരുന്നു. നൈൻ എന്ന ഓസ്ട്രേലിയൻ മാധ്യമമാണ് ടൗൺസണിന്റെ വാക്കുകൾ ലോകത്തിന് മുന്നിലെത്തിച്ചത്. പരിക്കേറ്റ് കിടക്കുന്നത് സൈമണ്ട്സാണെന്ന് ടൗൺസണിന് ആദ്യം മനസ്സിലായിരുന്നില്ല.
'സൈമണ്ട്സ് കാറിനുള്ളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. കാറിൽനിന്ന് അദ്ദേഹത്തെ പുറത്തേക്കെടുത്ത് കിടത്തി കൃത്രിമശ്വാസവും പ്രാഥമിക ശുശ്രൂഷയും നൽകിയെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന് അനക്കമുണ്ടായിരുന്നില്ല'- ടൗൺസൺ പറഞ്ഞു.ടൗൺസൺ വിളിച്ചയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും സൈമണ്ട്സിന്റെ ജീവൻ രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ കാറപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് അപകടം നടന്നത് എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
2003, 2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു സൈമണ്ട്‌സ്. മാരക പ്രഹര ശേഷിയുള്ള ബാറ്റർ എന്നതിലുപരി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായി കൂടിയാണു സൈമണ്ട്‌സ് വിലയിരുത്തപ്പെടുന്നത്.198 ഏകദിനങ്ങളിൽ നിന്നായി സൈമണ്ട്സ് 5088 റൺസും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സൈമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്