- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചില്ല'; മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായുള്ള ഒറ്റ ഡയലോഗിൽ അനീഷ് ബി രാജന്റെ ജീവിതം മാറി! കൊച്ചിയിൽ നിന്ന് നാഗ്പൂർ വഴി എത്തുന്നത് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലേക്ക്; അനീഷ് ബി രാജിനെ കേന്ദ്രം തെക്കു വടക്ക് ഓട്ടിക്കുമ്പോൾ
കൊച്ചി: 'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചില്ല'- ഒറ്റ ഡയലോഗിൽ അനീഷ് ബി രാജൻ എന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ തലവര മാറി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തു കേസിൽ ഇടതു ബന്ധം ആരോപിക്കപ്പെട്ട് കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ അടിയന്തരമായ സ്ഥലം മാറ്റിയത് നാഗ്പൂരിലേക്കാണ്. ഇപ്പോൾ കസ്റ്റംസ് വകുപ്പും നഷ്ടമാകുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥൻ അനീഷ് പി രാജൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലേക്ക് ഇനി മാറും. നാഗ്പുർ കസ്റ്റംസ് അഡീഷണൽ കമ്മിഷണർ സ്ഥാനത്തുനിന്ന് സാംസ്കാരിക മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായാണ് മാറ്റം. ഡയറക്ടറേറ്റ് ഓഫ് റവന്യൂവിൽനിന്നുള്ള ശുപാർശപ്രകാരമാണ് കേന്ദ്ര ഡെപ്യൂട്ടേഷൻ. കൊച്ചി പനമ്പിള്ളി നഗർ സ്വദേശിയാണ്. കൊച്ചി കോർപ്പറേഷൻ മുൻ സിപിഎം. കൗൺസിലറും എറണാകുളം ഏരിയാ കമ്മിറ്റിയംഗവുമായ പി.ആർ. റനീഷിന്റെ സഹോദരനാണ് അനീഷ്.
2020-ൽ മികച്ച പ്രവർത്തനത്തിന് വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് അനീഷ് രാജൻ. നാലുവർഷത്തെക്കാണ് 2008 ബാച്ച് ഐ.ആർ.എസുകാരനായ അനീഷിന്റെ കേന്ദ്ര ഡെപ്യൂട്ടേഷൻ.
നയതന്ത്ര സ്വർണക്കടത്തിന്റെ തുടക്കത്തിൽ വിവാദങ്ങൾ കത്തിനിൽക്കവേയാണ് അനീഷ് വിവാദപ്രസ്താവനയിൽ പെട്ടത്. സ്വപ്നാ സുരേഷിനെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽനിന്ന് കസ്റ്റംസിനെ ബന്ധപ്പെട്ടെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാളായ അനീഷ് രാജനോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ 'ഒരു കോളും വന്നില്ല' എന്നായിരുന്നു മറുപടി.
ഇതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രസ്താവനയിറക്കുകയാണെന്ന് കെ. സുരേന്ദ്രൻ, അനീഷ് രാജന്റെ പേരെടുത്തുപറഞ്ഞ് ഫേസ്ബുക്കിലൂടെ വിമർശിച്ചു. ബിജെപി. സംസ്ഥാന നേതൃത്വം അനീഷിനെതിരേ കേന്ദ്രത്തിന് പരാതിയുംനൽകി. 2020 ജൂലായ് 30-ന് അനീഷ് രാജനെ നാഗ്പുരിലേക്ക് സ്ഥലംമാറ്റി. കസ്റ്റംസിന്റെ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ സ്ഥലംമാറ്റമായിരുന്നു അത്.
കൊച്ചി കോർപ്പറേഷൻ മുൻ സിപിഎം. കൗൺസിലറും എറണാകുളം ഏരിയാ കമ്മിറ്റിയംഗവുമായ പി.ആർ. റനീഷിന്റെ സഹോദരനാണ് അനീഷ്. വിമാനത്താവള സ്വർണക്കള്ളക്കടത്തുകേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ബി രാജ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും കസ്റ്റംസിലേക്ക് വിളിച്ചില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കള്ളക്കടത്ത് പിടികൂടിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട ചിലർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നായിരുന്നു ആരോപണം. അങ്ങനെയാരും വിളിച്ചിട്ടില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ തുടക്കത്തിലേയുള്ള പരസ്യപ്രതികരണം വിമർശനങ്ങൾക്കും ഇടവെച്ചു.
ഇടതുപശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വരുന്ന അനീഷ് ബി രാജിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അന്വേഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥൻ പ്രത്യേക സംഘത്തിൽ തുടരുകയായിരുന്നു. പിന്നീട് നാഗ്പൂരലിക്ക് അടിയന്തരമായി സ്ഥലം മാറ്റി. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് വരുത്തി തീർക്കാനായി സിപിഎം അനുഭാവമുള്ള കസ്റ്റംസ് ഓഫീസർ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായിരുന്നു. ഇതിന് കാരണായത് അനീഷ് ബി രാജിന്റെ കുടുംബ ബന്ധങ്ങൾ തന്നെയായിരുന്നു. ചില ഫെയ്സ് ബുക്ക് പോസ്റ്റുകളും വിവാദത്തിന് ആക്കം കൂട്ടി.
കുടുംബം നവോത്ഥാന മതിലിൽ പങ്കെടുത്തതിന്റെ ചിത്രവും പാർട്ടീ അനുഭാവം പുലർത്തുന്ന മറ്റ് പോസ്റ്റുകളും പങ്കു വെച്ചിരുന്നു. ജോയിന്റ് കമ്മീഷ്ണർ മാധ്യമങ്ങൾക്ക് ഇത്തരത്തിൽ ഒരു പ്രസ്താവന നൽകിയത് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിനെ പ്രകോപിപ്പിച്ചിരുന്നു. മാധ്യമങ്ങൾക്ക് യാതോരുവിധ പ്രസ്താവനകളും അനുമതി ഇല്ലാതെ നൽകരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് അനീഷ് മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ