- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗ്ലീഷ് അവതാരകരുടെ പ്രകടനം മലയാള ദൃശ്യസംസ്‌കാരത്തെ മോശമായി ബാധിക്കും; മെഗാ സീരിയലുകൾ അന്യ സംസ്ഥാനത്തു നിന്നു വരുന്ന കീടനാശിനി കലർന്ന പച്ചക്കറികൾപോലെ: മികച്ച ടെലിവിഷൻ അവതാരകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അനീഷ് ചിറയിൻകീഴ് മറുനാടൻ മലയാളിയോട്
മംഗ്ലീഷ് അവതാരകരുടെ പ്രകടനം മലയാളത്തിന്റെ ദൃശ്യസംസ്‌കാരത്തെത്തന്നെയാണ് മോശമായി ബാധിക്കുന്നതെന്ന് മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടിയ അനീഷ് ചിറയിൻകീഴ്. അന്യ സംസ്ഥാനത്തു നിന്നെത്തുന്ന കീടനാശിനികൾ കലർന്ന പച്ചക്കറികൾപോലെയാണ് മലയാളത്തിലെ മെഗാ സീരിയലെന്നും അനീഷ് പറഞ്ഞു. മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിലാണ
മംഗ്ലീഷ് അവതാരകരുടെ പ്രകടനം മലയാളത്തിന്റെ ദൃശ്യസംസ്‌കാരത്തെത്തന്നെയാണ് മോശമായി ബാധിക്കുന്നതെന്ന് മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം നേടിയ അനീഷ് ചിറയിൻകീഴ്. അന്യ സംസ്ഥാനത്തു നിന്നെത്തുന്ന കീടനാശിനികൾ കലർന്ന പച്ചക്കറികൾപോലെയാണ് മലയാളത്തിലെ മെഗാ സീരിയലെന്നും അനീഷ് പറഞ്ഞു. മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിലാണ് അനീഷ് ഇംഗ്ലീഷ് പദങ്ങൾ തിരുകിക്കയറ്റി അവതരിപ്പിച്ചു കുളമാക്കുന്നവരെയും മെഗാ സീരിയലുകളെയുംപറ്റി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. അനീഷുമായുള്ള അഭിമുഖത്തിൽ നിന്ന്...
- ഈ വർഷത്തെ മികച്ച ടെലിവിഷൻ അവതാരകനുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് താങ്കൾക്കാണല്ലോ?
നിരവധി പ്രതിഭാധനന്മാർ അടക്കിവാഴുന്ന ഈ മേഖലയിൽ ഒരംഗീകാരം ലഭിക്കുകയെന്നു പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഈ രംഗത്തുള്ള ചിലർ പ്രോഗ്രാം അവതരിപ്പിക്കുന്നത് പോലെ ഇംഗ്ലീഷും മലയാളവും അനാവശ്യമായി ചേർത്തു മലയാള ഭാഷയെ വക്രീകരിക്കുകയല്ല ഞാൻ ചെയ്യുന്നത്. നല്ല മലയാളം പറഞ്ഞു കൊണ്ട് ലാളിത്യത്തോടെ ഷോ അവതരിപ്പിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു മലയാളം ഷോയിൽ അനാവശ്യമായി ഇംഗ്ലീഷ് പദങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ചാൽ അത്തരം പ്രോഗ്രാമുകൾ ജനങ്ങളിൽനിന്ന് അകലുക മാത്രമേയുള്ളൂ. ചില അവതാരികമാരുടെ ഇത്തരം നിലവാരമില്ലാത്ത പ്രോഗ്രാമുകൾ മലയാളത്തിന്റെ ദൃശ്യസംസ്‌കാരത്തെ തന്നെ മോശമായി ബാധിക്കും. ഞാൻ പ്രോഗ്രാം അവതരിപ്പിക്കുന്നത് ചെറിയ തമാശകൾ ഇടകലർത്തി പ്രേക്ഷകനൊപ്പമുള്ള ഒരാളെ പോലെയാണ്. പരസ്യം വരുമ്പോൾ ചാനൽ മാറ്റാതെയാണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നതെന്ന് ഒരുപാടുപേർ പറഞ്ഞിട്ടുണ്ട് .പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള അത്തരം വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപോലെയുള്ള കലാകാരന്റെ ഊർജം.
- കെ ബാലചന്ദറിനെപ്പോലെയുള്ള സംവിധായകന്റെ സീരിയലിൽ ഹീറോ ആയിരുന്നല്ലോ?
ജീവിതത്തിൽ എനിക്ക് ലഭിച്ച വലിയ ഭാഗ്യമായി ഞാൻ അതിനെ കാണുന്നു. ജയ ടി.വി സംപ്രേഷണം ചെയ്ത ശാന്തിനിലയം എന്ന സീരിയൽ ആയിരുന്നു അത്. രജനീകാന്തിനെയും കമൽഹാസനെയും പോലുള്ള, ഇന്ത്യ കണ്ട വലിയ നടന്മാരുടെ ഗുരുവായിരുന്ന ഒരാളുടെ സംവിധാനത്തിൽ അഭിനയിക്കുകയെന്നു പറയുന്നത് എന്നെ പോലുള്ള ഒരു ചെറിയ കലാകാരനു കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. ആ സീരിയൽ തമിഴ്‌നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. സൺ ടിവി സംപ്രേഷണം ചെയ്ത മേഖല എന്ന തമിഴ് സീരിയലിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.
- മെഗാ സീരിയലുകൾ വലിച്ചു നീട്ടിക്കൊണ്ടുപോകുന്ന കണ്ണീർക്കഥകളാകുന്നു എന്നൊരു ആക്ഷേപം ഉണ്ട് . ഒരു സീരിയൽ നടൻ എന്ന നിലയ്ക്ക് എങ്ങനെ ഇതിനെ നോക്കിക്കാണുന്നു?
ഒരു ചന്തയിൽ പോയാൽ രണ്ടുതരം പച്ചക്കറികൾ കിട്ടും. കീടനാശിനി കലർന്ന അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന പച്ചക്കറിക്ക് വളരെ കുറഞ്ഞ വില മാത്രമേ കാണു. എന്നാൽ വിലയല്പം കൂടുതലാണെങ്കിലും നമ്മുടെ നാട്ടിൽ വിളയിച്ച ജൈവ പച്ചക്കറികളും കാണും. എന്നാൽ മോശമാണെന്നും കാൻസർ വരുമെന്നുമൊക്കെ അറിയാമെങ്കിലും ആളുകൾ കൂടുതലായും വാങ്ങിക്കുന്നത് അന്യസംസ്ഥാനത്തുനിന്നും വരുന്ന വില കുറഞ്ഞ പച്ചക്കറികളായിരിക്കും .ഇതുപോലെയാണ് പ്രേക്ഷകരും. മെഗാ സീരിയലുകളിൽ അവിഹിതബന്ധങ്ങളും വീട്ടിൽ നടക്കുന്ന ചെറിയ കാര്യങ്ങളും വരെ ഊതിവീർപ്പിച്ചു വലിച്ചുനീട്ടുന്നു എന്നൊക്കെ അറിയാമെങ്കിലും അവർ സ്ഥിരമായിരുന്ന് അതുമാത്രമേ കാണു. 6.30 നു സീരിയൽ കാണാൻ വേണ്ടി ടി വി ഓൺ ചെയ്യുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ ഓഫ് ചെയ്യുന്നത് 11 മണിക്കുള്ള അവസാനത്തെ സീരിയലും കണ്ടിട്ടായിരിക്കും. അപ്പോൾ സീരിയലിന്റെ റേറ്റിങ് കുത്തനെ കൂടുന്നു. പലരും അവരുടെ ജീവിതചര്യയുടെ ഭാഗമായി സീരിയൽ കാണുന്നതാണ് പ്രധാന പ്രശ്‌നം. ഏതു കാണണം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഒരു നിലപാടെടുക്കാൻ കഴിയാതെ വെറുതെ സീരിയലുകാരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. ഒരു സീരിയൽ നിലച്ചാൽ അതിന്റെ നിർമ്മാതാവിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. നഷ്ടം വരാതിരിക്കാൻ വേണ്ടി പരമാവധി ചേരുവകൾ ചേർത്താണ് ഒരു സീരിയൽ കൊണ്ടുപോകുന്നത്. എന്നാൽ മികച്ച പ്രോഗ്രാമുകൾ ഏതെന്നു തിരഞ്ഞെടുത്തു കാണാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്കാണ്. അവർ ആ ചുമതല സത്യസന്ധമായി ചെയ്യാതിരിക്കുമ്പോഴാണ് ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഞാൻ മുഖ്യവേഷത്തിൽ അഭിനയിക്കുന്ന കൈരളി ടി വി യിലെ 'കാര്യം നിസാരം' സീരിയൽ ഇത്തരത്തിലുള്ള യാതൊരു ആക്ഷേപങ്ങളും കേൾക്കാത്തതാണ്. ഒരു സത്യസന്ധനായ സർക്കാർ ഉദ്യോഗസ്ഥന്റെ സമൂഹത്തെ കുറിച്ചുള്ള ആകുലതകൾ നർമ്മത്തിൽ ചാലിച്ചാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് നന്മയുടെ സന്ദേശം പകരുന്നതാണ് കാര്യം നിസാരം .
- സീരിയൽ നടന്മാരെ സിനിമക്കാർ അയിത്തം കല്പിച്ചു മാറ്റി നിർത്തിയിട്ടുണ്ടെന്നു പല സീരിയൽ താരങ്ങളും പറയുന്നുണ്ട്. ഇതിൽ താങ്കളുടെ അഭിപ്രായം?
ഒരു പരിധി വരെ അത് ശരിയാണ്. എല്ലാപേർക്കും ഇല്ലെങ്കിലും ചിലർക്കെങ്കിലും അത്തരം തരംതിരിക്കലുകൾ ഉണ്ടെന്നു പറയാതെ വയ്യ. ചിലരെ കാസ്റ്റ് ചെയ്യുമ്പോൾ തന്നെ സീരിയൽ നടനല്ലേ എന്ന് പറയുന്നവരുണ്ട്. മിനീ സ്‌ക്രീനും ബിഗ് സ്‌ക്രീനും എന്ന വ്യത്യാസമല്ലാതെ അഭിനയമെന്നത് രണ്ടിലും ഒന്നു തന്നെയല്ലേ. ഞാൻ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . സിനിമയിലെ വളരെ ചെറിയ വേഷത്തിനു വേണ്ടി നമ്മൾ മാറ്റിവയ്ക്കുന്നത് നല്ല റേറ്റിങ്ങിൽ പൊയ്‌ക്കൊണ്ടിരിക്കുന്ന സീരിയലിന്റെയൊ കുക്കറി പ്രോഗ്രാമിന്റെയോ ഷൂട്ടിങ്ങായിരിക്കും.സിനിമയിലെ ഈ ചെറിയ വേഷം അഭിനയിച്ചിട്ടു തിരിച്ചു വരുമ്പോൾ ടെലിവിഷൻ രംഗത്തെ ഉള്ള അവസരംകൂടി പോയെന്നു വരാം. എന്നാൽ സിനിമയിൽ പിന്നെ വിളിച്ചില്ലെന്നും വരാം. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളിൽ കിട്ടുന്ന ചെറിയ വേഷങ്ങൾക്ക് വേണ്ടി ടെലിവിഷൻ രംഗത്തെ അവസരങ്ങൾ കളയാൻ എന്തായാലും ഞാൻ തീരുമാനിച്ചിട്ടില്ല. സീരിയൽ നടന്മാരെ പുച്ഛിച്ചു തള്ളുന്ന സിനിമാക്കാർ അറിഞ്ഞിരിക്കേണ്ടത് ഇന്ത്യ കണ്ട വലിയ താരമായ ഷാരൂഖ്ഖാൻ വന്നത് ടി വി സീരിയലിലൂടെയാണെന്നതാണ്. അമിതാഭ് ബച്ചനെയും സൽമാൻ ഖാനെയും പോലുള്ളവർ സജീവമായി ടെലി വിഷനിലുണ്ട് .മലയാളത്തിലെ മിക്ക താരങ്ങളുടെയും കടന്നുവരവ് ടെലിവിഷനിലൂടെയാണ്. പിന്നെ എന്നോ വരാനിരിക്കുന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിനു വേണ്ടി ടി വി യിലെ അവസരങ്ങൾ എല്ലാം കളഞ്ഞു കാത്തിരിക്കാൻ എന്നെ കിട്ടില്ല .
- താങ്കൾ അവതാരകനായ മീഡിയ വൺ ചാനലിലെ കുക്കുംബർ സിറ്റി എന്ന പ്രോഗ്രാം മികച്ച റേറ്റിങ്ങിൽ ആണല്ലോ പോകുന്നത്.
വൈവിധ്യങ്ങൾ തേടിയുള്ള ഒരു സഞ്ചാരമാണ് ആ പ്രോഗ്രാം. ആലപ്പുഴയിലെ വെള്ളപ്പൊക്കം പോലെയുള്ള പല ദുരന്തഭൂമികളിലൂടെയും ഞങ്ങൾ സഞ്ചരിച്ചു. യാത്രയുടെ, രുചിയുടെ, കാണാക്കാഴ്‌ച്ചകളുടെ എല്ലാം അവിസ്മരണീയമായ അനുഭവം പ്രേക്ഷകരിലെത്തിക്കുക എന്നതാണ് ആ ഷോയുടെ ലക്ഷ്യം.
- എങ്ങനെയാണു കലാരംഗത്തേയ്ക്ക് കടന്നുവന്നത്?
ചിറയിൻകീഴിലെ മഞ്ചാടി മൂട് എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ മിമിക്രി വേദികളിലെയും, സ്‌കൂൾ നാടകങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ഞാൻ. പിന്നീടു കോളേജിൽ പഠിക്കുമ്പോൾത്തന്നെ അമച്വ്ർ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. നാടകയോഗം എന്ന അമച്വർ നാടക സംഘത്തിന്റെ സൂതപുത്രൻ എന്ന നാടകത്തിൽ കർണൻ ആയി വേഷമിട്ടു. അതിനു ശേഷം പ്രൊഫഷണൽ നാടകരംഗത്തേയ്ക്ക് വന്നു .തിരുവനന്തപുരം സംഘചേതന, തിരുവനന്തപുരം സങ്കീർത്തന, തിരുവനന്തപുരം സൗപർണിക തുടങ്ങിയ സമിതികളിലെ നാടകങ്ങളിൽ അഭിനയിച്ചു. .സംഘചേതനയുടെ രാവണപ്രഭു എന്ന നാടകം നാനൂറോളം വേദികളിൽ അവതരിപ്പിച്ചു. നാടകരംഗത്തെ അതികായന്മാരായ കണ്ണൂർ വാസുട്ടി, വക്കം ഷക്കീർ, കരകുളം ചന്ദ്രൻ, ചിറയിൻകീഴ് താഹ തുടങ്ങിയവരുമായി വേദികൾ പങ്കിട്ടു. കേരളാ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യമായി ടെലിവിഷനിൽ എത്തുന്നത് അലി അക്‌ബറിന്റെ ഉണ്ണി വന്ന നാൾ എന്ന ദൂരദർശനിലെ സീരിയലിലൂടെയാണ് . പിന്നീടു ദൂരദർശനിലെ മോഹനം എന്ന സീരിയലിലെ മണികണ്ഠൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൂരദർശനിലെ തന്നെ ശ്രീനാരായണ ഗുരുദേവൻ സീരിയലിൽ ഗുരുദേവൻ ആയി വേഷമിട്ടു. നിരവധി അംഗീകാരങ്ങൾ നേടിത്തന്ന ഒരു വേഷം ആയിരുന്നു അത് . ഇപ്പോഴും ആ സീരിയൽ സംപ്രേഷണം ചെയ്യുന്നുണ്ട് . സൂര്യ ടി വി യിലെ മിന്നുകെട്ട് 1164 എപ്പിസോഡ് പിന്നിട്ട സീരിയലാണ്. മലയാളത്തിൽ പുതിയ റിക്കാർഡിട്ട ആ സീരിയലിൽ വിമൽ ആർ മേനോൻ എന്ന നെഗറ്റീവ് കഥാപത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. സ്ത്രീ, മനസറിയാതെ, സൂര്യകാന്തി തുടങ്ങിയ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട ഏഷ്യാനെറ്റിലെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനെക്കുറിച്ചുള്ള പ്രോഗ്രാം, വാൽക്കണ്ണാടി തുടങ്ങി പതിനഞ്ചോളം ടി വി ഷോകളിലെ അവതാരകനായി.
- ഭാവി പ്രോജക്റ്റുകൾ
നിരവധി സീരിയലുകളിൽ വിളിക്കുന്നുണ്ടെങ്കിലും എല്ലാം ഒരേ ടൈപ്പ് കഥാപാത്രങ്ങൾ ആയതുകൊണ്ട് പലതും സ്വീകരിക്കുന്നില്ല. കാര്യം നിസ്സാരവും കുക്കുംബർ സിറ്റിയും നല്ല ഹിറ്റായി പോകുന്നതുകൊണ്ട് തല്ക്കാലം അതിൽ തന്നെ തുടരും. വ്യത്യസ്തങ്ങളായ വേഷങ്ങളോടാണ് എന്നും എനിക്ക് താല്പര്യം. ഗൾഫ് ഷോ അവതരിപ്പിക്കുന്ന ഒരു ടീം തന്നെ എനിക്കുണ്ട്. ഒരു പ്രത്യേക സ്‌ക്രിപ്റ്റിൽ പോകുന്ന തികച്ചും വ്യത്യസ്തമായ ഒരു ഷോയാണത്. ഗുണപാഠകഥകളുടെ ഒരു ഓഡിയോ സി ഡി ഇറക്കി കണ്ണു കാണാത്ത കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഒരു പദ്ധതിയും മനസിലുണ്ട് .