തിരുവനന്തപുരം: പേട്ടയിൽ അർധരാത്രി പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന വാദം തള്ളി പൊലീസ്. കൊല്ലപ്പെട്ട അനീഷ് ജോർജിനെ പ്രതിയും പെൺകുട്ടിയുടെ പിതാവുമായ സൈമൺലാൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ, ഇത് ശരിയല്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

അനീഷ് വന്ന വിവരം പിന്നീടാണ് സൈമൺ അറിഞ്ഞതെന്നും മകളുടെ മുറിയിൽ യുവാവിനെ കണ്ടതോടെ കോപാകുലനായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനീഷ് രണ്ട് മണിക്കു മുമ്പ് തന്നെ പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നു എന്നതിന് തെളിവുണ്ടെന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

രാത്രി ഒരു മണിയോട് അടുപ്പിച്ച് അനീഷ് പെൺകുട്ടിയെ വിളിച്ചിരുന്നു. രണ്ടു മണിക്ക് മുൻപ് തന്നെ അനീഷ് വീട്ടിലെത്തി. വീടിന്റെ പിൻവശത്ത് കാടുമൂടിയ വശത്തുകൂടി രഹസ്യമായാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ഇത് ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിലും വ്യക്തമായിട്ടുണ്ട്. മൂന്നു മണിക്ക് ശേഷമാണ് പെൺകുട്ടിയുടെ മുറിയിൽ അനീഷ് ഉണ്ടെന്ന കാര്യം സൈമൺ ലാൽ അറിയുന്നത്. മുറിയിൽ അനീഷിനെ കണ്ടതോടെ പ്രകോപിതനായ സൈമൺലാൽ മുൻ വൈരാഗ്യം കൂടി വെച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്ന് ബിയർ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

കൊലപാതകത്തിന് മുൻപ് വീട്ടിൽ വഴക്ക് നടന്നതായി തെളിവില്ല. അയൽവാസികളുടെ മൊഴികളിലും ശബ്ദം കേട്ടെന്ന വിവരമില്ല. സംഭവത്തിൽ പെൺകുട്ടിയുടെയും അനീഷിന്റെയും കുടുംബാംഗങ്ങളെ പൊലീസ് അടുത്ത ദിവസങ്ങളിൽ വീണ്ടും ചോദ്യംചെയ്യും. റിമാൻഡിലുള്ള ലാലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ പേട്ട സിഐ റിയാസ് രാജ പറഞ്ഞു.

കള്ളനാണെന്നു കരുതി സുരക്ഷയ്ക്കായി കത്തിയെടുത്തതെന്നാണ് സൈമൺ ലാലു പൊലീസിനോട് പറഞ്ഞത്. സൈമൺ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി അനീഷിനെ കുത്തിയ കാര്യം അറിയിച്ചത്. എന്നാൽ, മകളുടെ ആൺ സുഹൃത്താണെന്ന് വ്യക്തമായിട്ടു തന്നെയാണ് സൈബൻ ലാലൻ യുവാവിനെ കുത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.