- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താഴത്തെ നില വാടകയ്ക്ക് കൊടുത്തിരിക്കുന്ന ലാലൻ; മേൽപ്പാലത്തിന് താഴെ വാടകയ്ക്ക് കഴിയുന്ന ജോർജ്ജും; അനീഷ് ജോർജിനോടുള്ള പ്രവാസിയുടെ പകയ്ക്ക് കാരണം സാമ്പത്തിക അന്തരമോ? ഒരേ പള്ളിയിൽ വച്ച് സ്ഥിരമായി കണ്ടുമുട്ടുന്ന യുവാവിനെ കള്ളനെന്ന് കരുതി കുത്തിയെന്നത് പച്ചക്കള്ളം
തിരുവനന്തപുരം: തന്റെ മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി പേട്ടയിൽ കൊല്ലപ്പെട്ട അനീഷ് ജോർജിന്റെ കുടുംബം. സൈമൺ ലാലന് അനീഷിനോട് പകയുണ്ടായിരുന്നുവെന്നും അനീഷിന്റെ അച്ഛൻ പറയുന്നു. ആ വീട്ടിലെ അമ്മയോ മകളോ വിളിക്കാതെ മകൻ അവിടെ പോകില്ല. പുറത്തു പറയുന്നതെല്ലാം പച്ചക്കള്ളമാണ്. കള്ളനെന്ന് കരുതിയല്ല ലാലൻ മകനെ കുത്തിയതെന്നും ജോർജ് പറയുന്നു. സാമ്പത്തികമായ അന്തരമാണ് മകനോടുള്ള ലാലന്റെ പകയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
പേട്ട ആനയറയിലെ വലിയ വീടാണ് ലാലന്റേത്. താഴത്തെ നില വാടകയ്ക്ക് കൊടുത്തിരിക്കുന്ന പ്രവാസി. മേൽപ്പാലത്തിന് താഴെ വാടകയ്ക്ക് കഴിയുന്ന ജോർജ്ജും. ഈ സമ്പാത്തിക അന്തരമാണ് അനീഷ് ജോർജിനോടുള്ള പ്രവാസിയായ ലാലന്റെ പകയ്ക്ക് കാരണം എന്നാണ് സൂചന. ഒരേ പള്ളിയിൽ വച്ച് സ്ഥിരമായി കണ്ടുമുട്ടുന്ന യുവാവിനെ കള്ളനെന്ന് കരുതി കുത്തിയെന്നത് പച്ചക്കള്ളമാണെന്ന് നാട്ടുകാരും പറയുന്നു. അമ്മയോ മകളോ വിളിച്ചിട്ടാകണം മകൻ അവിടെ പോയതെന്ന് അനീഷിന്റെ അച്ഛനും ആരോപിക്കുന്നു. ഇതോടെ കൊലയിൽ സർവ്വത്ര ദുരൂഹത നിറയുകയാണ്.
സൈമൺ ലാലന് അനീഷിനോട് മുൻ വൈരാഗ്യമുണ്ടായിരുന്നെന്നും, അച്ഛൻ കുഴപ്പക്കാരനായിരുന്നെന്ന് പെൺകുട്ടി പറഞ്ഞിരുന്നുവെന്നും യുവാവിന്റെ മാതാപിതാക്കൾ ആരോപിച്ചു. മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവർ പറഞ്ഞു.പെൺകുട്ടിയോ അമ്മയോ വിളിക്കാതെ മകൻ ആ വീട്ടിലേക്ക് പോകില്ല. സൈമൺ വീട്ടിൽ നിരന്തര പ്രശ്നക്കാരനായിരുന്നു. ഇക്കാര്യം പെൺകുട്ടിയും, അമ്മയും പല തവണ പറഞ്ഞിട്ടുണ്ടെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചു.
'അവർ അവനെ വിളിച്ചുവരുത്തി. വീട്ടിൽ പ്രശ്നമാണ്, വീട്ടിൽ വരണം, ഞങ്ങൾ പ്രശ്നത്തിൽപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ് കോൾ വന്നു. അങ്ങനെയായിരിക്കാം അവൻ പോയത്. കോൾ വരാതെ അവൻ പോകത്തില്ല. മോളോ അമ്മയോ ആണ് വിളിച്ചത്. അല്ലാതെ അവൻ പോകത്തില്ല. നൂറ്റൊന്ന് ശതമാനവും പോകത്തില്ല.'- അനീഷിന്റെ മാതാപിതാക്കൾ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് അനീഷ് കൊല്ലപ്പെട്ടത്.
കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തി കൊണ്ട് കുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കേസിലെ പ്രതിയായ സൈമണിന്റെ ഭാര്യയുടെയും മകളുടെയുമൊക്കെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ മൊഴിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കേസിലെ പ്രധാന സാക്ഷി മകളാണ്. അതുകൊണ്ട് തന്നെ കോടതിയിൽ ഈ കുട്ടി പറയുന്നത് അതീവ നിർണ്ണായക തെളിവായി മാറും. അതുപോലെയാണ് ഭാര്യയും.
രാത്രിയിൽ പെൺകുട്ടിയെ കാണാൻ വീട്ടിലെത്തിയതായിരുന്നു അനീഷ് ജോർജ്. മകളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്നാണ് ലാലൻ ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തല്ലി തകർത്ത് അകത്ത് കയറി ലാലൻ ഒറ്റകുത്തിന് അനീഷിനെ കുത്തിവീഴ്‌ത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. മരണ വെപ്രാളത്തിൽ പിടയുന്ന അനീഷിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കുടുംബാംഗങ്ങൾ തയ്യാറായില്ല. ഞാൻ ഒരാളെ കുത്തിയിട്ടിട്ടുണ്ടെന്നും കള്ളനാണെന്ന് തോന്നുന്നു എന്ന് ഗൃഹനാഥൻ പൊലീസ് സ്റ്റേഷനിൽ പോയി അറിയിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ