- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'രാത്രി എത്ര സന്തോഷത്തോടെ ആണ് അവൻ ഉറങ്ങാൻ കിടന്നത്; ഒരു ഗ്ലാസ് പാലും എടുത്തുകൊടുത്തിട്ടാണ് ഞാൻ ഉറങ്ങാൻ പോയത്; രാവിലെ കേൾക്കുന്നത് സൈമൺ ലാലന്റെ കൊലക്കത്തിക്ക് ഇര ആയെന്ന വാർത്തയും': മകന്റെ ദുരന്തത്തിൽ ആകെ തകർന്ന് അമ്മ ഡോളി
തിരുവനന്തപുരം: പേട്ടയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ വച്ച് മകനുണ്ടായ ദുരന്തത്തിൽ ആകെ തകർന്ന് അനീഷ് ജോർജിന്റെ അമ്മ ഡോളി. തലേന്ന് രാത്രി മകൻ എത്ര സന്തോഷത്തോടെയാണ് ഉറങ്ങാൻ കിടന്നത്. രാവിലെ കേൾക്കുന്നത് സൈമൺ ലാലന്റെ കൊലക്കത്തിക്ക് ഇരയായെന്നും.
ചൊവ്വാഴ്ച അനീഷിനൊപ്പം ലാലന്റെ കുടുംബം ലുലുമാളിൽ പോയി
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകനെ കണ്ടില്ല. ഫോണിലേക്ക് വിളിച്ചെങ്കിലും മറുപടി വന്നില്ല.പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് മമ്മീ, ഞങ്ങളെല്ലാവരും ലുലുമാളിലുണ്ടെന്നും ബിരിയാണി കഴിക്കുകയാണെന്നുമായിരുന്നു അവൾ പറഞ്ഞത്. അന്ന് വൈകിട്ട് ഓഫീസിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ വീണ്ടും പോയി. രാത്രി ഒമ്പത് മണിക്ക് മകനാണ് എന്നെ കൂട്ടാൻ വന്നത്. രാത്രി അവന് കുടിക്കാനായി ഒരു ഗ്ലാസ് പാലും എടുത്തുകൊടുത്തിട്ടാണ് ഉറങ്ങാനായി പോയത്.
രാവിലെ കേട്ട വാർത്ത ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതാണ്. അവൻ എപ്പോഴാണ് വീട്ടിൽ നിന്നും പോയതെന്ന് പോലും അറിഞ്ഞില്ല.പിന്നീട് മോന്റെ ഫോൺ നോക്കിയപ്പോഴാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്നും കോൾ വന്നിരിക്കുന്നത് കണ്ടത്. അവളോ അവളുടെ അമ്മയോ വിളിച്ചതാകും. ആ സമയത്ത് എന്തോ പ്രശ്നമുണ്ടായിട്ടാണ് അവൻ അവിടെ പോയത്.
സൈമൺ വീട്ടിൽ ഭയങ്കര ഉപദ്രവകാരി
സൈമണിന്റെ കുടുംബപ്രശ്നങ്ങൾ കുറച്ചൊക്കെ ഞങ്ങൾക്കും അറിയാം. ഭാര്യയെയും മക്കളെയും അയാൾ ഉപദ്രവിക്കാറുണ്ട്. അപ്പോഴെല്ലാം അവർ പറഞ്ഞിട്ട് മോൻ ഇവിടുന്ന് പോകാറുണ്ട്.ഭർത്താവ് കൊല്ലാൻ ശ്രമിക്കുന്നതായൊക്കെ അവർ പറഞ്ഞിട്ടുണ്ട്. അന്നും അതുപോലെ എന്തോ സംഭവിച്ചിട്ടാണ് അവൻ പോയിട്ടുണ്ടാവുക. വിവരമറിഞ്ഞ് പെൺകുട്ടിയുടെ അമ്മയെ വിളിച്ചെങ്കിലും അവർ പറഞ്ഞത് എനിക്കൊന്നും അറിയില്ല, സ്റ്റേഷനിൽ പോയാൽ മതിയെന്നായിരുന്നു. എന്റെ മോനെ എല്ലാവരും കൂടി ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു. ' ഡോളി പറഞ്ഞു.
ഇരുവീട്ടുകാർക്കും പരസ്പരം പരിചയമുണ്ട്. അനീഷ് മുമ്പും ആ വീട്ടിൽ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ കള്ളനെന്ന് വിചാരിച്ചാണ് കുത്തിയതെന്ന പ്രതി സൈമണിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. സൈമൺ വീട്ടിൽ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓർത്താണ് സഹിക്കുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛൻ ലാലൻ പ്രശ്നക്കാരനാണെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. അമ്മയോ പെൺകുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടിൽ പോകില്ലെന്നും ഡോളി പറഞ്ഞു.
'സൈമണിന്റെ കുടുംബ പ്രശ്നങ്ങളിൽ അനീഷ് ഇടപെട്ടതാണ് പകയ്ക്കു കാരണം. സൈമൺ ലാലന്റെ ഭാര്യ വീട്ടിൽ വരുമായിരുന്നു. ഭർത്താവ് ഉപദ്രവിക്കുന്നതായി അവർ സ്ഥിരം പറഞ്ഞിരുന്നു. ഭാര്യയെ ആരോടും സംസാരിക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. ഭർത്താവില്ലാത്തപ്പോഴാണ് അവർ പുറത്തിറങ്ങിയിരുന്നത്. സൈമൺ ലാലന്റെ ഭാര്യ എന്നെ എപ്പോഴും ഫോൺ ചെയ്യുമായിരുന്നു.-ഡോളി പറഞ്ഞു.
ഫോണിൽ വിളിക്കുമ്പോൾ മോൻ അവരെ സമാധാനപ്പെടുത്തും. അമ്മയും മകളും മോനുമായി ലുലു മാളിൽ പോയിരുന്നു. പിന്നീട് ഓട്ടോയിൽ വീട്ടിനു മുന്നിൽ കൊണ്ടിറക്കി. രാത്രി വീട്ടിൽ പ്രശ്നമുണ്ടായപ്പോൾ എന്റെ മോനെ വിളിച്ചു വരുത്തിയതാണ്. വഴക്കു പറയും എന്നു കരുതി അവൻ ആരോടും പറയാതെ വീട്ടിൽനിന്നും പോയതാകും'.
പേട്ട ചായക്കുടി ലൈനിലെ സൈമൺ ലാലന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിക്കാണ് സംഭവം നടക്കുന്നത്. അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചു. പുലർച്ചെ മകളുടെ മുറിയിൽ ശബ്ദം കേട്ടപ്പോൾ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ലെന്നാണ് സൈമൺ പൊലീസിനോട് പറഞ്ഞത്. ബലം പ്രയോഗിച്ച് കതകു തുറന്നപ്പോൾ അനീഷുമായി കയ്യേറ്റമുണ്ടായെന്നും കത്തി കൊണ്ട് കുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
സൈമൺ ലാലന്റെ മകളും ഭാര്യയും അനീഷിനൊപ്പം പേട്ട പള്ളിമുക്കിലുള്ള ക്രൈസ്തവ ദേവാലയത്തിലെ ഗായകസംഘത്തിലെ അംഗങ്ങളായിരുന്നു. സംഭവം നടക്കുമ്പോൾ മുറിയിൽ സൈമണിന്റെ രണ്ടു മക്കളും മുറിയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ഹോട്ടൽ സൂപ്പർവൈസറാണ് അനീഷിന്റെ പിതാവ് ജോർജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് അനീഷ്. ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന സൈമൺ ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാൾ. പേട്ട ചായക്കുടി ലെയ്നിലെ ഇരുനില വീടിന്റെ മുകൾ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ