തിരുവനന്തപുരം: പേട്ടയിലെ കൊലപാതകം കരുതി കൂട്ടി നടത്തിയ കൊലപാതമെന്ന് സൈമൺ ലാലന്റെ മൊഴി. പേട്ടയിൽ മകളുടെ സുഹൃത്തായ അനീഷ് ജോർജിനെ കൊലപ്പെടുത്തുന്നതിന് തയ്യാറെടുത്തിരിക്കുകയായിരുന്നു. അനീഷ് വീട്ടിൽ വരാറുണ്ടെന്ന് സൈമണ് അറിയാമായിരുന്നു. അവസരം കാത്തിരുന്നു നടത്തിയ കൊലപാതകമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. സൈമൺ ലാലനുമായി പൊലീസ് തെളിവെടുപ്പു നടത്തി.

കള്ളനെന്നു കരുതി കുത്തിയെന്നായിരുന്നു സൈമൺ നേരത്തെ പൊലീസിനോടു പറഞ്ഞത്. വിശദ ചോദ്യം ചെയ്യലിൽ ഈ മൊഴി സൈമൺ തിരുത്തി. അനീഷ് വീട്ടിൽ വരാറുണ്ടെന്ന് അറിയാമായിരുന്ന സൈമൺ കൊലപാതകത്തിന് മാനസികമായി തയ്യാറെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ, ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം അനീഷിനെ വിളിച്ചുവരുത്തിയ കൊലപ്പെടുത്തിയാണെന്ന, മാതാപിതാക്കളുടെ വാദം പൊലീസ് തള്ളി. അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കളായ ജോർജും ഡോളിയും ആരോപിച്ചത്. തലേന്ന് അനീഷും പെൺകുട്ടിയും കുടുംബാംഗങ്ങളും നഗരത്തിലെ മാളിൽ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തിൽ മകനെ വിളിച്ചു വരുത്തി വകവരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്.

ഇതിന്റെ തെളിവുകൾ കൊല നടന്ന വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയ അനീഷിന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നും കുടുംബം പറയുന്നു. കൊല്ലപ്പെട്ട അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്നും കോൾ വന്നതായുള്ള തെളിവുകൾ ഇവർ പുറത്തുവിട്ടിരുന്നു.

മൂത്ത മകളും അനീഷും തമ്മിലുള്ള പ്രണയം പ്രതി സൈമൺ ലാലന് ഇഷ്ടമായിരുന്നില്ല. അനീഷും പെൺകുട്ടിയും സഹോദരിയും അമ്മയും സൗഹൃദം തുടർന്നതിലും സൈമണ് ദേഷ്യമുണ്ടായിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ വഴക്കും ഉണ്ടായിട്ടുണ്ടെന്ന്, നേരത്തെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.

സംഭവദിവസം പുലർച്ചെ അനീഷിനെ വീട്ടിൽ കണ്ടതോടെ, പക ഇരട്ടിച്ചു. തുടർന്ന് തടഞ്ഞുവെച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു. അനീഷിന്റെ നെഞ്ചിലും മുതുകിലുമാണ് കുത്തിയത്. കുത്താൻ ഉപയോഗിച്ച കത്തി വാട്ടർ മീറ്റർ ബോക്സിൽ ഒളിപ്പിച്ചു. രക്തം പുരണ്ട പ്രതി കണ്ടെടുത്ത് നൽകിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.