ബ്രിട്ടണിൽ കഴിയുന്ന ഇന്ത്യൻ ശതകോടീശ്വരനായ സ്വരാജ് പോളിന്റെ മകൻ അൻഗദ് പോൾ 2015 നവംബർ എട്ടിന് ലണ്ടനിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. അപ്പൻ ഉണ്ടാക്കിയ പണം തട്ടിപ്പുകാരന് ഇരട്ടിക്കാൻ കൊടുത്ത് നഷ്ടമായതിന്റെ വേദനയിലാണ് ഇദ്ദേഹം ഒരു പെന്റ്ഹൗസ് ബാൽക്കണിയിൽ നിന്നും എടുത്ത് ചാടിയതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ശതകോടീശ്വരനായ ഇന്ത്യൻ ടൈക്കൂണിന്റെ മകന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയുമാണ്.

57കാരനായ ഫിലിം പ്രൊഡ്യൂസർ ടെറെൻസ് പോട്ടറിനാണ് അൻഗദ് തന്റെ പണം നൽകി ചതിയിലകപ്പെട്ടതെന്നാണ് തെളിഞ്ഞിരിക്കുന്നത്. നികുതി നിയമങ്ങൾ ചൂഷണം ചെയ്യുന്ന ടെറെൻസ് ഇൻവെസ്റ്റർമാരുടെ വൻ തുകകൾ അടിച്ച് മാറ്റുകയാണ് ചെയ്യുന്നത്.ഫിലിം കമ്പനികൾ രൂപീകരിക്കുന്ന ഇയാൾ ധനികരായ നിക്ഷേപകരെ ആകർഷിക്കുകയും എന്ത് നഷ്ടം സംഭവിച്ചാലും അവർക്ക് നികുതിയിളവ് നൽകുമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ തട്ടിപ്പ് കമ്പനിയിൽ പ ണം നിക്ഷേിച്ച ഒമ്പത് പണക്കാരിൽ ഒരാളായിരുന്നു അൻഗദ്. ഇവരെല്ലാവരും കൂടി നാല് ലക്ഷം പൗണ്ടായിരുന്നു ഇതിൽ നിക്ഷേപിച്ചിരുന്നത്.

അൻഗദ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്ന വേളയിൽ എച്ച്എംആർസി ഈ തട്ടിപ്പ് കമ്പനിയെക്കുറിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു.സിനിമയിൽ അതീവ താൽപര്യം പുലർത്തിയിരുന്നു അൻഗദ് ലോക്ക്, സ്‌റ്റോക്ക് ആൻഡ് ടു സ്‌മോക്കിങ് ബാരൽസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പോട്ടർ എർണസ്റ്റ് ആൻഡ് യംഗ് എൽഎൽപിയിലെ മുൻ ടാക്‌സ് പാർട്ണറായിരുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള കമ്പനി ഹിറ്റ് ചിത്രമായ സ്റ്റാർസക്കേർസ് നിർമ്മിച്ചിരുന്നു. തുടർന്ന് മെർസിഡെസ് ദി മൂവി നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. തട്ടിപ്പുകൾ നടക്കുമ്പോൾ പോട്ടർ മൊണാക്കോയിലായിരുന്നു കഴിഞ്ഞിരുന്നത്. നികുതി പണം ഉപയോഗിച്ച് താൻ തട്ടിപ്പ് നടത്തിയെന്ന് ഇയാൾ സമ്മതിച്ചിട്ടുമുണ്ട്.

ഒമ്പത് നിക്ഷേപകരിൽ ഓരോരുത്തരും 63,000 പൗണ്ട് വീതമായിരുന്നു നിക്ഷേപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ പോട്ടറോട് 1.8 മില്ല്യൺ പൗണ്ട് തിരിച്ച് കൊടുക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ 123,000 പൗണ്ട് ചെലവിന് നൽകാനും വിധിച്ചിരുന്നു. എട്ട് വർഷത്തേക്കാണ് ഈ തട്ടിപ്പിന്റെ പേരിൽ പോട്ടറിനെ ജയിലിൽ ഇട്ടിരിക്കുന്നത്. ആത്മഹത്യയ്ക്ക് തൊട്ട് മുമ്പ് മാനസികമായി തകർന്ന നിലയിലും ചിത്തഭ്രമം ബാധിച്ച നിലയിലുമായിരുന്നു അൻഗദ് എന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിലെ ധനികരിലൊരാളായ ലോർഡ് പോൾ സ്ഥാപിച്ച വ്യവസായ സാമ്രാജ്യമായ കാപറോ പിഎൽസിയെ നഷ്ടത്തിൽ നിന്നും രക്ഷിക്കാൻ അഡ്‌മിനിസ്‌ട്രേറ്റർമാർ പാടുപെടുന്നതിനിടെയായിരുന്നു അൻഗദിന്റെ ആത്മഹത്യ.ഇവരുടെ സ്റ്റീൽ കമ്പനിയായ കാപറോ പിഐസി സ്റ്റീൽമേഖലയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് കടുത്ത നഷ്ടത്തിലേക്ക് കുപ്പ് കുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു അൻഗദിന്റെ ആത്മഹത്യ.