അങ്കമാലി: മരോട്ടിച്ചോടിൽ, മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഈ മാസം 18 ന് അച്ഛനും മകനും തീകൊളുത്തി മരിച്ചതിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യകൾക്ക് പിന്നിലെന്ന് നേരത്തെ വ്യക്തമായിരുന്നു. മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ അന്തോണി (70) മകൻ ആന്റോ (32) എന്നിവരാണ് മരിച്ചത്. സ്വയം ജീവൻ വെടിയും മുമ്പ് ആന്റോ ഭാര്യ നിയയ്ക്കും തന്റെ സഹോദരൻ ജിന്റോയ്ക്കും അയച്ച ഇ-മെയിലിലെ വിവരങ്ങളാണ് പുറത്തുവന്നത്.

'നിരപരാധി ആയ എന്റെ അമ്മയെ കേസിൽ നിന്ന് ഒഴിവാക്കണം. ഞാൻ ചത്താൽ നിയയ്ക്ക് സന്തോഷം ആവുമെങ്കിൽ അങ്ങനെ ആവട്ടെ. എനിക്ക് ഒന്നും താങ്ങാൻ ശക്തി ഇല്ലാതായി. ഇന്നലെ രാത്രി തന്നെ മരിക്കാൻ ഒരുങ്ങിയതാണ് പക്ഷെ മരിക്കുന്നതിന് മുൻപ് മക്കളെ കാണാൻ തോന്നി. ഇനി അതൊന്നും നടക്കില്ലെന്ന് ബോധ്യമായി. ദയവായി എന്നെ പറ്റിയുള്ള കേസും പരാതികളും യഥാർത്ഥത്തിൽ ഉള്ളതാണോ എന്ന് അനേഷിക്കണം'-സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടിൽ ആന്റോ (32) മരണത്തിന് മുമ്പ് ഭാര്യ നിയക്ക് അയച്ച ഇ-മെയിലിലെ അവസാന വാചകങ്ങൾ ഇങ്ങനെ.സമയം ക്രമപ്പെടുത്തി ആയിരുന്നു മെയിൽ അയച്ചിരുന്നത്. ഭാര്യ നിയയുടെ niyapj297@gmail.com എന്ന അഡ്രസിലേയ്ക്കാണ് ആന്റോ മെയിൽ അയച്ചിരുന്നത്.സഹോദരന്റെ antonyjinto994@gmail.com എന്ന മെയിൽ ഐഡിയിലേയക്ക് കോപ്പി അറ്റാച്ച് ചെയ്യുകയും ചെയ്തിരുന്നു.

19-ന് ആന്റോയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് സഹോദരൻ ജിന്റോ മെയിൽ തുറക്കുന്നത്. തുടർന്ന് വീട്ടുകാർ വിവരം പൊലീസിലും അറിയിച്ചു. മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കാരണക്കാരായവർക്ക് എതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് ജിന്റോ മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതാധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.

18-ന് ഉച്ചയക്ക് 12 മണിയോടെ മരോട്ടിച്ചോട് തേന്മാലി ഭാഗത്തെ പാടത്തെത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് ആന്റോ സ്വയം തീകൊളുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ മരിച്ചത് അറിഞ്ഞ പിതാവ് വൈകിട്ട് 5.30 തോടെ കുന്നുകരയിൽ മകന്റെ ഭാര്യവീടിനടുത്തെത്തി പെട്രോൾ ദേഹത്തൊഴിച്ച് സ്വയം തീ കൊളുത്തിയിരുന്നു. പൊലീസ് സ്ഥലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്തോണി മരണപ്പെട്ടു.

കുടുബപ്രശ്നങ്ങളാണ് ആന്റോയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബാംഗം മറുനാടനോട് വ്യക്തമാക്കിയിരുന്നു. ഭാര്യ നിയയുടെയും വീട്ടുകാരുടെയും പെരുമാറ്റം മനസ് തകർത്തതിനെ തുടർന്നാണ് ആന്റോ ജീവനൊടുക്കിയതെന്ന് വീട്ടുകാർ വ്യക്തമാക്കിയിരുന്നു. ആന്റോ ഇ -മെയിൽ വിശദമാക്കിയിട്ടുള്ള വിവരങ്ങൾ ഇക്കാര്യം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണെന്നും വീട്ടുകാർ പറയുന്നു. ഇ-മെയിലിന്റെ പൂർണ്ണ രൂപം ചുവടെ ....

ഞാൻ ആന്റോ ആന്റണി എഴുതുന്ന ആത്മഹത്യ കുറിപ്പ്

ഞാൻ ആത്മഹത്യ ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദികൾ എന്റെ ഭാര്യ നിയ ജോസും നിയയുടെ അമ്മ ഷൈല ജോസും നിയയുടെ അപ്പൻ ജോസ് പുതുവയും നിയയുടെ ചേട്ടൻ നിക്സൺ ജോസും അവരുടെ അയൽവാസി ആയ ഷേർലി ജോസും മാത്രമായിരിക്കും.

ഇവർമൂലം ഒന്നര വർഷത്തോളം ആയി ഞാൻ കടുത്ത മാനസിക പീഡനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എനിക്കെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ 2 പരാതികൾ ആലുവ വനിതാ സെല്ലിലും ഒരു പരാതി കാലടി പൊലീസ് സ്റ്റേഷനിലും ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ ഒരു കേസും കൊടുത്തിട്ടുണ്ട്.

ആലുവ വനിതാസെല്ലിൽ അവർ കൊടുത്ത പരാതികളുടെ സത്യാവസ്ഥ അനേഷിക്കാനോ എന്നോട് വിവരങ്ങൾ ചോദിക്കാനോ പൊലീസുകാർ തയ്യാറായില്ല. എന്റെ നിരപരാധിത്വം അവരോട് പറഞ്ഞെങ്കിലും നിയയെ സപ്പോർട്ട് ചെയ്യുന്ന സമീപനം ആയിരുന്നു അവരുടേത്. ഞാൻ പറയുന്നത് കേൾക്കാൻ പോലും വനിതാ സെല്ലിലെ പൊലീസുകാർ തയ്യാറായില്ല. കൂടാതെ എന്നെ മറ്റു സ്ത്രീകളെ കൂട്ടി അവിഹിതം ആണെന്നും കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ എന്നെ വിളിക്കുകയും ചെയ്തു.

കള്ള കേസുകൾ ഫയൽ ചെയ്തിട്ടാണെങ്കിലും എന്നെ ജയിലിൽ കേറ്റുമെന്നും എന്നെ ഒരിക്കലും മനസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും എന്റെ അമ്മക്കെതിരെയും വേണമെങ്കിൽ കള്ളക്കേസ് കൊടുക്കാൻ മടിക്കില്ലെന്നും എന്റെ ഭാര്യ നിയയും നിയയുടെ അമ്മ ഷൈലയും എന്നെ രണ്ടു പ്രാവശ്യം ഭീഷണിപ്പെടുത്തിയിരുന്നു.

നിയ ഭീഷണിപ്പെടുത്തിയത് ഒരു പ്രാവശ്യം എന്റെ വീട്ടിൽ ബെഡ് റസ്റ്റ് ചെയ്തിരുന്ന സമയത്തും, ഒരു പ്രാവശ്യം അവളുടെ വീട്ടിൽ ഞാൻ കുട്ടിയെ, എന്റെ മൂത്ത മകളെ കാണാൻ ചെന്നപ്പോഴും ആയിരുന്നു. നിയയുടെ അമ്മ അവരുടെ വീട്ടിൽ ഞാൻ മകളെ കാണാൻ ചെന്ന അവസരത്തിൽ ആയിരുന്നു ഭീഷണിപ്പെടുത്തിയത്. സമാനമായി ഒരു വട്ടം നിയയുടെ അപ്പനും എന്നെ നിക്സണിന്റെ ഫോണിൽ നിന്ന് വിളിച്ചു കള്ളകേസ് കൊടുത്തിട്ടാണെങ്കിലും ജയിലിൽ ഇടാനുള്ള വകുപ്പ് ഉണ്ടാക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

2021 ഡിസംബറിൽ ഞാൻ നാട്ടിൽ വന്നതിനു ശേഷം രണ്ട് പ്രാവശ്യം നിയയുടെ വീട്ടിൽ പോയി. ആദ്യത്തെ പ്രാവശ്യം വീട്ടിൽ ചെന്നപ്പോൾ അവളോട് വീട്ടിലേക്കു വരുന്ന കാര്യം സംസാരിച്ചു. കൗൺസിലിങ് കഴിഞ്ഞു എന്റെ വീട്ടിലേക്കു വരാം എന്ന് അവൾ സമ്മതിച്ചു. അടുത്ത പ്രാവശ്യം വരുമ്പോ മകളെ വീട്ടിലേക്കു കൊണ്ട് പോകാനും അവൾ സമ്മതിച്ചതാണ്.

പിറ്റേ ആഴ്ച നിയ ആൻ മോളെ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞതുകൊണ്ടാണ് ഞാൻ അവളുടെ വീട്ടിൽ പോയത്. പക്ഷെ ഞാൻ ആൻ മോളെ കൊണ്ട് പോരാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ അവൾ സമ്മതിച്ചില്ല. കൂടാതെ അവളുടെ അപ്പൻ എന്നെ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. ഈ സംഭവം അന്ന് തന്നെ ചെങ്ങാമനാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നതാണ്. പക്ഷെ ആ പൊലീസ്‌കാരൻ എന്റെ അടുത്ത് ദേഷ്യപെടുകയാണ് ചെയ്തത്.

ഷേർലി ജോസ് എന്ന അവരുടെ അയൽവാസി നിയക്കു വേണ്ടി എന്ന് പറഞ്ഞു ഇടപ്പെട്ടു ചെറിയ പ്രശ്നങ്ങൾ പോലും വഷളാകുന്ന അവസ്ഥയിൽ എത്തിച്ചു. ഒരിക്കൽ എന്നെ അവരുടെ മകന്റെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത് എന്ന് കർശനമായി തന്നെ ഞാൻ അവരോട് പറഞ്ഞിരുന്നു. അതിന് അവർ നിയേനെ കൊണ്ട് എനിക്കെതിരെ കേസ് കൊടുപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കേസ് കൊടുക്കുമ്പോൾ അതിൽ എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരങ്ങളെയും ഉൾപ്പെടുത്തി കേസ് കൊടുക്കും എന്നായിരുന്നു അവരുടെ ഭീഷണി.

വിവാഹം ഉറപ്പിച്ച സമയത്ത് എനിക്ക് സ്ത്രീധനം ആവശ്യമില്ല (പണമോ സ്വർണമോ വസ്തുവോ ) എന്ന് നിയയുടെ അപ്പനോടും അമ്മയോടും അവളുടെ രണ്ടു അച്ചാച്ചന്മാരോടും പറഞ്ഞിരുന്നു ഇതിന് എന്റെ അപ്പനും അമ്മയും അവരുടെ അയൽവാസി ആയ ഷേർലിയുടെ ഭർത്താവ് ജോസും സാക്ഷിയാണ്.

കൂടാതെ ഞാൻ സ്ത്രീധനം ചോദിച്ചട്ടില്ല എന്ന് ബ്രോക്കറും അവരുടെ ബന്ധുവും ആയ സന്തോഷിനും അറിയാവുന്നതാണ്. എങ്കിലും നിയക്ക് അവളുടെ അവകാശം ആയി 10 സെന്റ് സ്ഥലവും 10 പവനും കൊടുക്കും എന്ന് പറഞ്ഞു. ഞാൻ ഈ സ്ത്രീധനം നിയയോടോ അവളുടെ അപ്പനോടോ അമ്മയോടോ ഞാനോ എന്റെ വീട്ടുകാരോ ചോദിച്ചിട്ടില്ല. കല്യാണത്തിനു ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ ചോദിക്കാതെ തന്നെ അവർ അവൾക്കു കൊടുക്കും എന്ന് പറഞ്ഞിരുന്ന സ്ത്രീധനം തരില്ല എന്നോട് പറഞ്ഞു. എങ്കിലും സ്ത്രീധനത്തെ പറ്റി അവളോടോ അവളുടെ മാതാപിതാക്കളോടോ ഒന്നും ഞാൻ ചോദിച്ചിട്ടില്ല.

ഒരിക്കൽ നിയ എന്നോട് വഴക്ക് ഉണ്ടാക്കിയപ്പോൾ അവളുടെ അപ്പനും അമ്മയും വാക്കിന് വ്യവസ്ഥ ഇല്ലാത്തവർ ആണെന്ന് ഞാൻ പറഞ്ഞു അത് ഞാൻ സ്ത്രീധനം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞതെന്ന് അവളുടെ അമ്മയെ വിളിച്ചു അറിയിച്ചു തൊട്ട് അടുത്ത ദിവസം തന്നെ നിയയുടെ അമ്മയും ചേട്ടനും എന്റെ വീട്ടിൽ വന്നു ബഹളം ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അന്നുതന്നെ നിയയുടെ അപ്പൻ എന്നെ നിക്സണിന്റെ ഫോണിൽ നിന്ന് വിളിച്ചു എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. നിയ പല പ്രാവശ്യം എന്നോട് എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലെന്നും ഞാൻ ഡിവോഴ്സ് ചെയ്തു അവൾക്കു പണം നൽകണം എന്നും പറഞ്ഞിരുന്നു. എന്നാൽ എനിക്ക് ഡിവോഴ്സ് ചെയ്യാൻ താല്പര്യം ഇല്ലെന്ന് ഞാൻ അറിയിച്ചു. ഡിവോഴ്സ് ചെയ്യാനുള്ള കാരണം ചോദിച്ചെങ്കിലും ഒരു കാരണവും എന്നോട് പറഞ്ഞില്ല. പിന്നീട് അവളുടെ അമ്മയുടെ കൂടെ ജീവിക്കണം എന്നും അമ്മ പറയുന്ന പോലെ എല്ലാം ചെയ്യും എന്നും പറഞ്ഞിരുന്നു.

എനിക്കെതിരെ വനിതാ സെല്ലിൽ പരാതികൊടുത്തപ്പോൾ എനിക്ക് മരിക്കാനേ വഴിയുള്ളു അതൊന്നും താങ്ങാൻ ശക്തി എല്ലാ എന്ന് ഞാൻ നിയ യോട് പറഞ്ഞിരുന്നു. പക്ഷെ അവൾക്കു ഞാൻ ചത്താലും പ്രശ്നമില്ല എന്ന രീതിയിൽ ആയിരുന്നു അവളുടെ മറുപടി. ഞാൻ ചത്തു കാണാൻ ആഗ്രഹിക്കുന്നവർ ആണ് എന്റെ ഭാര്യ നിയ യും അവളുടെ കുടുംബത്തിലുള്ളവരും. ഞാൻ ജീവിച്ചിരുന്നാൽ എന്റെ അപ്പനെയും അമ്മയെയും ചേച്ചിമാരെയും അനിയനെ പോലും നിയ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല.

നിയ കേസ് കൊടുത്തതുമൂലം ഉണ്ടായ വിഷമത്തിൽ പല പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ആലോചിച്ചതാണ്. പക്ഷെ മക്കളെ ഓർത്തപ്പോൾ അങ്ങനെ ചെയ്യാൻ തോന്നിയില്ല. ഇപ്പോൾ എന്റെ മക്കളെയും എന്നിൽ നിന്ന് അകറ്റാൻ ആണ് ശ്രമിക്കുന്നത്. നിയ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല. അവളുടെ മക്കളുടെ അപ്പൻ ആണെന്നോ ഏറ്റവും കുറഞ്ഞത് ഒരു ഭർത്താവ് എന്ന പരിഗണന പോലുമോ അവൾ തന്നിട്ടില്ല.
എന്റെ സ്വത്തും പണവും മാത്രേ അവൾ ആഗ്രഹിച്ചിട്ടൊള്ളു. നിയ എന്റെ കൂടെ ജീവിക്കാൻ അനവധി ശ്രമങ്ങൾ ഞാൻ നടത്തി. അവസാനമായി മറ്റൂർ കോൺവെന്റിലെ മദർ ആയി ഒരുമിച്ചു കൗൺസിലിങ് നടത്തി എന്റെ എല്ലാ കാര്യങ്ങളും നിയ അവളുടെ കാര്യങ്ങളും മദറിനോട് പറഞ്ഞതാണ്. അവിടെ വെച്ച് എല്ലാം പറഞ്ഞു തീർത്തു വീട്ടിലേക്കു കൊണ്ടുവരാൻ ശ്രേമിച്ചു. പക്ഷെ അവൾ തയ്യാറായില്ല.

നിയയ്ക്ക് ജയിക്കാൻ വേണ്ടി എനിക്കും അമ്മക്കും എതിരായി കേസ് ഫയൽ ചെയ്തിരിക്കുവാണ്. നിരപരാധി ആയ എന്റെ അമ്മയെ കേസിൽ നിന്ന് ഒഴ്ിവാക്കണം. ഞാൻ ചത്താൽ നിയയ്ക്ക് സന്തോഷം ആവുമെങ്കിൽ അങ്ങനെ ആവട്ടെ. എനിക്ക് ഒന്നും താങ്ങാൻ ശക്തി ഇല്ലാതായി. ഇന്നലെ രാത്രി തന്നെ മരിക്കാൻ ഒരുങ്ങിയതാണ് പക്ഷെ മരിക്കുന്നതിന് മുൻപ് മക്കളെ കാണാൻ തോന്നി. ഇനി അതൊന്നും നടക്കില്ലെന്ന് ബോധ്യമായി.ദയവായി എന്നെ പറ്റിയുള്ള കേസും പരാതികളും യഥാർത്ഥത്തിൽ ഉള്ളതാണോ എന്ന് അന്വേഷിക്കണം.

 മകൻ ആന്റോയുടെയും പിതാവ് അന്തോണിയുടെയും മരണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് ബന്ധുക്കളും സ്ഥിരീരികരിച്ചിരുന്നു.മകന്റെ മരണത്തിന് കാരണം അയാളുടെ ഭാര്യയും വീട്ടുകാരുമാണെന്നുള്ള തിരിച്ചറിവിലാവാം അന്തോണി കുന്നുകരയിലെത്തി ജീവൻ വെടിയാൻ കാരണമെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിഗമനം.

ഇവരുടെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് അടുത്ത ബന്ധു മറുനാടനുമായി പങ്കിട്ട വിവരം ഇങ്ങനെ:

വളരെ സാധാരണ നിലയിലുള്ള കുടുംബമായിരുന്നു അന്തോണിയുടേത്. സ്വന്തമായുള്ള ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്തും പുറത്ത് കൃഷിപ്പണികൾക്കും പോയിട്ടാണ് അന്തോണി കുടംബം പുലർത്തിയിരിരുന്നത്. ഇടക്കാലത്ത് അരിമില്ലിലും ജോലിയെടുത്തിട്ടുണ്ട്. മരണമടഞ്ഞ മകൻ ആന്റോ വർഷങ്ങളായി ഗൾഫിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. താമസിയാതെ ആന്റോയുടെ ഇരട്ട സഹോദരൻ ജിന്റോയും വിദേശത്ത് ജോലിയിൽ പ്രവേശിച്ചു.

ഇതോടെ കുടുംബം സാമാന്യം ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയിലായി. പുതിയ വീട് പണിയുകയും താമസം മാറുകയും ചെയ്തിരുന്നു. മക്കൾ സമ്പാദിക്കുന്നത് മക്കൾക്കും താൻ സമ്പാദിക്കുന്നത് കുടുംബത്തിനും എന്നതായിരുന്നു അന്തോണിയുടെ നയം. നിയയുമായുള്ള വിവാഹം ഉറപ്പിച്ചത് മുതൽ ആന്റോ വലിയ സന്തോഷത്തിലായിരുന്നു. വിവാഹം ഉറപ്പിക്കലിനും വിവാഹത്തിനും ആന്റോ സാമാന്യം ഭേദപ്പെട്ട രീതിയിൽ നിയക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകിയിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ നിയയും ആന്റോയുടെ വീട്ടുകാരും തമ്മിൽ പൊരുത്തക്കേടുകൾ തുടങ്ങി. ഇത് പറഞ്ഞ് പരിഹരിക്കുന്നതിന് ആന്റോ ഇടപെട്ട് പലതവണ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിച്ചില്ല. നിയ തന്റെ വീട്ടുകാർ പറയുന്നത് മാത്രം അനുസരിക്കാൻ തുടങ്ങിയതോടെ പ്രശ്നം വീണ്ടും കീറാമുട്ടിയായി.

ആദ്യത്തെ കുഞ്ഞിന് ആഭരണങ്ങൾ വാങ്ങി നൽകിയതിനൊപ്പം നിയയ്ക്കും വില കൂടിയ മാല ആന്റോ വാങ്ങി നൽകിയിരുന്നു. ഇങ്ങനെ കഴിയാവുന്ന രീതിയിലെല്ലാം നിയയെ സന്തോഷിപ്പിക്കുന്നതിന് ആന്റോ നീക്കം നടത്തിയിരുന്നു. തന്റെ പണം മാത്രം മതിയെന്ന നിലയിലേയ്ക്കുള്ള നിയുടെ നിലപാട് മാറ്റം ആന്റോയെ വല്ലാതെ വിഷമിപ്പിച്ചു. നിയയെ തിരുത്താൻ ആന്റോ നടത്തിയ പരിശ്രമങ്ങളെല്ലാം ഇവരുടെ വീട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് നിഷ്ഫലമായി.

ആന്റോയുടെ സഹോദരൻ ജിന്റോയുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നിയയെ സമീപിച്ചിരുന്നെങ്കിലും തിരിഞ്ഞുനോക്കിയില്ല. ഇളയ കുട്ടിയെ 4 മാസം ഗർഭണിയായിരിക്കെ നിയ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. പിന്നീട് ആന്റോയും വീട്ടുകാരും പലവട്ടം വിളിച്ചിട്ടും തിരിച്ചുവരാൻ തയ്യാറായില്ല. കുഞ്ഞിന്റെ ജനനം പോലും ഇവർ ആന്റോയിൽ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു. ഇത് ആന്റോയ്ക്ക് കടുത്ത മാനസിക ആഘാതമായി. ഈ സ്ഥിതിയിൽ ഒരു മാസം മുമ്പ് ആന്റോ ലീവിന് നാട്ടിലെത്തി.

കുഞ്ഞിനെ കാണുന്നതിനും ഭാര്യയെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ട് വരുന്നതിനുമായി ആന്റോ വീട്ടിലെത്തിയെങ്കിലും നിയ വഴങ്ങിയില്ല. ഒരാഴ്ച മുമ്പ് അവസാന ശ്രമത്തിന്റെ ഭാഗമായി ആന്റോ വീട്ടിലെത്തിയപ്പോൾ മർദ്ദനം ഏൽക്കേണ്ടിയും വന്നു. ഇതോടെ ആന്റോ മാനസികമായി വല്ലാതെ തളർന്നു. വിവരം അറഞ്ഞ് പിതാവ് അന്തോണി എല്ലാവിധത്തിലും മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു.

ഇതിനിടെ ഈ മാസം 14-ന് നിയ ചെങ്ങമനാട് പൊലീസിൽ നിയ ആന്റോയെയും വീട്ടുകാരെയും പ്രതി ചേർത്ത് ഗാർഹിക പീഡന പാരാതിയും നൽകി. പിന്നാലെ കാലടി പൊലീസ് സഹായത്തോടെ നിയ ആന്റോയുടെ വീട്ടിൽ നിന്നും അലമാരയും തന്റെതെന്ന് അവകാാശപ്പെട്ട് കുറച്ച് സാധന-സാമഗ്രികളും എടുത്തുകൊണ്ടുപോയി.

ഇതുകൂടി ആയതോടെ ആന്റോയുടെ മനോവിഷമം ഇരട്ടിയായി. മാൾട്ടയിലെ പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തി വന്നിരുന്ന ആന്റോയ്ക്ക് കേസ് ഇരട്ടി പ്രഹരമായി. യാത്ര മുടങ്ങുമോ എന്നുള്ള ആശങ്ക വീട്ടുകാരുമായി ആന്റോ പങ്കിടുകയും ചെയ്തിരുന്നു. തുടർന്ന് ആന്തോണിയും ആന്റോയും അഭിഭാഷകന്റെ വീട്ടിലെത്തി കേസിന്റെ കാര്യങ്ങൾ സംസാരിച്ചു.

തുടർന്ന് മകനെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ട ശേഷം അന്തോണി പണി സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു. പിന്നീട് കേൾക്കുന്നത് ആന്റോയുടെ ദാരുണ മരണത്തെക്കുറിച്ചാണ്. പിന്നാലെ അന്തോണിയുടെ മരണ വാർത്തയുമെത്തി.