- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ സീറ്റിൽ ഭാര്യയായി വർഷ; ഫൈസൽ ഓടിച്ച കാറിന്റെ പിന്നിൽ കഞ്ചാവ് കാർ; പൊലീസിനെ കണ്ടാൽ വർഷയുടെ ഫോൺകോൾ; എല്ലാ ആസൂത്രണവും പൊളിച്ച് റൂറൽ എസ്പിയും സംഘവും വട്ടമിട്ട് പിടിച്ചപ്പോൾ അയ്യടാ ഭാവം; അങ്കമാലി കറുകുറ്റിയിലെ വൻകഞ്ചാവ് വേട്ടയ്ക്ക് പിന്നിലെ കഥ
ആലുവ: അങ്കമാലി കറുകൂറ്റിയിൽ പിടിയിലായ കഞ്ചാവ് കടത്തൽ സംഘത്തിന്റെ പഴുതടച്ച ആസൂത്രണം തകർത്തത് പൊലീസിന്റെ മുന്നൊരുക്കങ്ങൾ. രണ്ട് വാഹനങ്ങളിലായിട്ടാണ് കഞ്ചാവ് കടത്തൽ സംഘം സഞ്ചരിച്ചിരുന്നത്.വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലവും ഇവർ പാലിച്ചിരുന്നു. തങ്ങൾ പൊലീസിന് മുന്നിൽപ്പെട്ട വിവരം മുന്നിലുണ്ടായിരുന്നവർ പിന്നാലെ എത്തിയിരുന്ന വാഹനത്തിൽ ഉണ്ടായിരുന്നവരെ അറിയിച്ചു.
ഇതോടെ വാഹനം തിരിച്ച് സ്ഥലം വിടുന്നതിനായി ഇവരുടെ ശ്രമം. ഇത്തരത്തിലൊരു നീക്കത്തിന് സാധ്യത തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇവരുടെ വാഹനത്തിനു പിന്നിൽ കൃത്യമായ അകലം പാലിച്ച് പിൻതുടർന്നിരുന്നു.വാഹനം തിരിക്കുന്നതിനുള്ള നീക്കത്തിനിടെ തന്നെ പൊലീസ് രംഗപ്രവേശം ചെയ്യുകയും എതിർത്ത് രക്ഷപെടാൻ ശ്രമിച്ച കടത്തൽ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയുമായിരുന്നു.
പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവരെയാണ് 225 കിലോ കഞ്ചവുമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ഇന്നലെ രാവിലെ 7 മണിയോടെയാണ് പൊലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്.ഫൈസലും വർഷയുമായിരുന്നു മുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഉണ്ടായിരുന്നത്.
കാർ ഓടിച്ചിരുന്നത് ഫൈസൽ ആയിരുന്നു. മുൻസീറ്റിൽ യാത്ര ചെയ്തിരുന്ന വർഷയെ ഭാര്യയെന്നാണ് പൊലീസിന് മുമ്പാകെ പരിചയപ്പെടുത്തിയത്. ദമ്പതികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾ അപൂർവ്വമായി മാത്രമെ ചെക്കിങ് കേന്ദ്രങ്ങളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കാറുള്ളു. ഈ വിവരം മനസ്സിലാക്കിയിരുന്ന ഫൈസൽ മുമ്പ് പയറ്റിയിരുന്ന തന്ത്രം കറുകുറ്റിയിലും ആവർത്തിക്കുകയായിരുന്നു. എന്നാൽ പൊലീസ് സംഘം ഇത് മുഖവിലയ്ക്കെടുത്തില്ലന്നു മാത്രമല്ല,വാഹനം വിശദമായ പരിശോധിച്ച് , ഒളിപ്പിച്ചുവച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
ഫൈസലും വർഷയും ദമ്പതികൾ ആണോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ലന്നും കൂടുതൽ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവു എന്നും റൂറൽ എസ് പി കെ കാർത്തിക് മറുനാടനോട് വ്യക്തമാക്കി. സംഘത്തിലെ പ്രധാനി അനസാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾക്ക് ആന്ധ്രയിലെ കഞ്ചാവ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ പലവട്ടം ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ആന്ധ്രയിലെ കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങളിലേയ്ക്ക് ആവശ്യക്കാരെ സാധാരണയായി കൊണ്ടുപോകില്ലന്നും വാഹനം ഇടനിലക്കാർ കൊണ്ടുപോയി കഞ്ചാവ് കയറ്റിവരുകയാണ് പതിവെന്നുമാണ് ഇന്നലെ പിടിയിലായവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് കിലോയുടെ വീതം പാക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു.
ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്താണ് ഇവർ ഒരു കിലോ കഞ്ചാവ് വാങ്ങുന്നത്.ഇവിടെ വിൽക്കുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്.കഴിഞ്ഞ നവംബറിൽ വാഹനത്തിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ നിന്നും 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടിൽ നിന്നും പിടികൂടിയിരുന്നു. കൂടാതെ പെരുമ്പാവൂർ കുന്നുവഴിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറൽ പൊലീസ് പിടികൂടുകയുണ്ടായി.
ഒരു വർഷത്തിനുള്ളിൽ 400 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പൊലീസ് പിടികൂടിയത്. എസ്‌പി കാർത്തിക്ക്, നാർകോടിക് സെൽ ഡി,വൈ.എസ്‌പി സക്കറിയ മാത്യു, ആലുവ ഡി,വൈ.എസ്‌പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റർ, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.
മൂന്നുപേർ റിമാൻഡിൽ
കറുകുറ്റിയിൽ കഞ്ചാവുമായി പിടികൂടിയ മൂന്നുപേരെ റിമാന്റ് ചെയ്തു. പെരുമ്പാവൂർ കാത്തിരക്കാട് കളപ്പുരയ്ക്കൽ അനസ്, ഒക്കൽ പടിപ്പുരയ്ക്കൽ ഫൈസൽ, ശംഖമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവരെയാണ് അങ്കമാലി ജെ.എഫ്.സി.എം കോടതി റിമാന്റ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
തികളാഴ്ച രാവിലെ 7 മണിയോടെയാണ് രണ്ടു വാഹനങ്ങളിൽ കഞ്ചാവുമായെത്തിയ ഇവരെ റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സെപ്ഷ്യൽ ആക്ഷൻ ഫോഴ്‌സ് പിടികൂടുന്നത്. കാറിന്റെ ഡിക്കിയിലും സീറ്റുകൾക്കിടയിലും ആയി ഒളിപ്പിച്ച് 123 പായ്ക്കറ്റുകളിലായി കൊണ്ടുവന്ന 225 കിലോ കഞ്ചാവാണ് പിടികൂടിയത്. കേരളത്തിലെ കഞ്ചാവ്. വിതരണ ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞതെന്ന് എസ്‌പി കാർത്തിക് പറഞ്ഞു.
ഒരു മാസത്തിലേറെയായി ഈ സംഘം റൂറൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിലെ ഒഡീഷ, ജാർഖണ്ഡ് അതിർത്തിയായ പഡേരു ഗ്രാമത്തിൽ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. ഇവിടെ നിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവിന്റെ വിതരണം നടക്കുന്നത്. ഇതിന് മലയാളികൾ ഉൾപ്പടെയുള്ള ഏജന്റുമാർ അവിടെയുണ്ട്. കഞ്ചാവിന്റെ സാമ്പിൾ കാണിച്ച് വിലയുറപ്പിച്ച ശേഷം ഏജന്റുമാർ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തിൽ നിറച്ച് തിരിച്ചേൽപ്പിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വർഷമായി പഡേരുവിലേക്ക് സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടക്കും. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
മറുനാടന് മലയാളി ലേഖകന്.