ബ്യൂണസ് ഐറിസ്: അർജന്റീനയുടെ എയ്ഞ്ചൽ ഡി മരിയ ഖത്തർ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിനോട് വിടപറയും. ഡി മരിയ തന്നെ ഇക്കാര്യം വ്യക്തമാക്കി.

ഈ ലോകകപ്പ് അവസാനിക്കുന്നതോടെ അതിന് സമയമാവും. രാജ്യാന്തര ഫുട്ബോളിൽ ഒരുപാട് താരങ്ങൾ അവസരം കാത്തിരിക്കുന്നുണ്ട്. ഈ നിലവാരത്തിലേക്ക് ഉയരുന്നതിന്റെ സൂചനകൾ പതിയെ പതിയെ അവരിൽ നിന്ന് വരുന്നു. ഇനിയും ഞാൻ തുടർന്നാൽ അത് സ്വാർഥതയാവും. നേടാൻ ഞാൻ ആഗ്രഹിച്ചതെല്ലാം നേടിക്കഴിഞ്ഞു. ഖത്തറിന് ശേഷം ഞാൻ ഉറപ്പായും പിന്നിലേക്ക് മാറും, ഡി മരിയ വ്യക്തമാക്കി.

അർജന്റീനക്ക് വേണ്ടി 121 മത്സരങ്ങൾ കളിച്ച താരമാണ് ഡി മരിയ. നേടിയത് 24 ഗോളും. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിന് എതിരെ അർജന്റീന ഒരു ഗോളിന്റെ ജയം പിടിച്ചപ്പോൾ വല കുലുക്കിയത് ഡി മരിയ ആണ്.

ഈ സീസണോടെ ഡി മരിയ പിഎസ്ജി വിട്ടിരുന്നു. അടുത്ത സീസണിൽ ഏത് ടീമിലേക്ക് ചേക്കേറണം എന്ന് ഡി മരിയ ഇതുവരെ തീരുമാനിച്ചിട്ടില്ല. അർജന്റൈൻ കുപ്പായം അഴിക്കുമെങ്കിലും ക്ലബ് ഫുട്ബോളിൽ താൻ തുടരും എന്നാണ് മരിയ വ്യക്തമാക്കുന്നത്.