റിയാദ്: സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതിന് കർശന നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. എന്നാൽ, ലോകത്തെ പ്രമുഖരായ പല സ്ത്രീകളും ഈ നിബന്ധനയെ കാറ്റിൽപ്പറത്തി സൗദിയിലെത്തിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ എന്നിവരാണ് ശിരോവസ്ത്രമില്ലാതെ സൗദിയിൽ രാജാവിനെ സന്ദർശിച്ചതും ചർച്ച നടത്തിയതും.

ഇപ്പോഴിതാ ജർമൻ ചാൻസലർ ആംഗല മെർക്കലും സമാനമായ രീതിയിൽ സൗദി സന്ദർശിക്കുകയും സൽമാൻ രാജാവുമായി ചർച്ച നടത്തുകയും ചെയ്തു. സ്ത്രീകൾക്കുനേരെയുള്ള അടിച്ചമർത്തലിന്റെ ചിഹ്നമായാണ് പാശ്ചാത്യലോകം ശിരോവസ്ത്രത്തെയും ശരീരം മുഴുവൻ മൂടുന്ന ബുർഖയെയും കാണുന്നത്.

ജർമനിയിൽ ബുർഖ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. ആ സാഹചര്യത്തിലാണ് ശിരോവസ്ത്രമണിയാതെയുള്ള മെർക്കലിന്റെ സന്ദർശനം കൂടുതൽ പ്രസക്തമാകുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നും പശ്ചിമേഷ്യയിൽനിന്നും യൂറോപ്പിലേക്ക്, പ്രത്യേകിച്ച് ജർമനിയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന് കാര്യമായ നടപടികളെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതിനാണ് മെർക്കൽ സൗദി രാജാവിനെ കണ്ടത്.

ശരീരം മുഴുവൻ മൂടുന്ന വസ്ത്രധാരണം ജർമനിക്ക് ചേർന്നതല്ലെന്നാണ് ഡിസംബറിൽ മെർക്കൽ പ്രഖ്യാപിച്ചത്. എന്നാൽ, യാഥാസ്ഥിതിക സ്വഭാവമുള്ള തന്റെ സി.ഡി.യു പാർട്ടിയുടെ സമ്മേളനത്തിൽ, മെർക്കൽ നിലപാട് മയപ്പെടുത്തി. എവിടെയൊക്കെ നിയമപരമായി നിരോധിക്കാനാവുമോ അവിടെയൊക്കെ ബുർഖ നിരോധിക്കുമെന്നായി പുതിയ നിലപാട്.

ജർമൻ സമൂഹവുമായി ഇഴുകിച്ചേരുന്നതിന് മുസ്ലിം സ്ത്രീകളെ തടയുന്നത് ബുർഖയാണെന്ന് മെർക്കൽ പറഞ്ഞു. ബുർഖ ഒരു വേലിക്കെട്ട് തീർക്കുന്നുണ്ട്. ശരീരം മുഴുവൻ മറച്ചുവെച്ചുകൊണ്ട് ജീവിക്കുന്ന സ്ത്രീക്ക് ജർമൻ സമൂഹത്തിലെ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ഓഗസ്റ്റിൽ മെർക്കൽ അഭിപ്രായപ്പെട്ടിരുന്നു.