ഹോളിവുഡിലെ സൂപ്പർത്താര ദമ്പതിമാരായിരുന്നു ആഞ്ജലീന ജൂലിയും ബ്രാഡ്പിറ്റും. ലോകംമുഴുവൻ ആരാധനയോടെ നോക്കിക്കൊണ്ടിരുന്ന ദമ്പതിമാർ. ഒരുവർഷംമുമ്പ് ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകൾ ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാലിപ്പോൾ ഇരുവരുടെയും ആരാധകർക്ക് സന്തോഷിക്കാൻ വക നൽകുന്ന ചില കാര്യങ്ങൾ കേട്ടുതുടങ്ങിയിരിക്കുന്നു.

ഭാര്യ അകന്നുപോയതോടെ ബ്രാഡ്പിറ്റ് ആകെ തകർന്നുപോയെന്നും അദ്ദേഹം മദ്യപാനം നിർത്തി നല്ല കുട്ടിയായെന്നുമാണ് വാർത്തകൾ. ഭർത്താവിന്റെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ ആഞ്ജലീനയും പ്രതീക്ഷയോടെയാണ് കാണുന്നത്. വിവാഹമോചനത്തിനുള്ള നടപടികൾ തൽക്കാലം വൈകിപ്പിക്കാൻ ഹോളിവുഡ് സുന്ദരി തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഏതാനും മാസങ്ങളായി നടപടികളിൽ ഒരുമാറ്റവും ഉണ്ടായിട്ടില്ല. ഇരുവരുടെയും ഭാഗത്തുനിന്ന് ഇടപെടലുണ്ടാകാത്തതിനാൽ, നടപടികൾ വൈകുകയാണെന്നും സൂചനയുണ്ട്. ബ്രാഡ് പിറ്റിനെന്നപോലെ, ആഞ്ജലീനയ്ക്കും ഇക്കാര്യത്തിൽ പുനരാലോചനയുണ്ടെന്നാണ് സൂചനകൾ. തങ്ങളുടെ കുട്ടികൾക്കുവേണ്ടി വീണ്ടും യോജിച്ചാലോ എന്ന തരത്തിലും ചർച്ചകൾ മുന്നേറുന്നുണ്ട്.

ദത്തെടുത്ത ആറ് കുട്ടികളെയാണ് ഇവർ വളർത്തുന്നത്. മാഡോക്‌സ് (15), പാക്‌സ് (13), ഷിലോ (11), സെഹറ (12) എന്നിവരും ഇരട്ടകളായ വിവിയൻ, നോക്‌സ് (9) എന്നിവരും. 2016 സെപ്റ്റംബറിൽ വേർപിരിയൽ പ്രഖ്യാപിക്കുമ്പോൾ ഇരുവരും വലിയ വാശിയിലായിരുന്നുവെങ്കിലും ഇപ്പോൾ അത്ര വാശിയോടെയല്ല വിവാഹ മോചന നടപടികളുമായി മുന്നോട്ടുപോകുന്നത്.

വിവാഹ മോചന നടപടികൾ അവസാനിപ്പിച്ചതായും ചില കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴത്തെ ദുശീലങ്ങളൊഴിവാക്കി കുടുംബം പുലർത്താനുള്ള ഉത്തരവാദിത്തം കാണിക്കുകയാണെങ്കിൽ ബ്രാഡുമായി യോജിക്കുന്ന കാര്യം ആലോചിക്കുമെന്ന് ആഞ്ജലീന നേരത്തേ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബ്രാഡ് മദ്യപാനം അവസാനിപ്പിച്ചത് അതിന്റെ ഭാഗമാണെന്ന് കരുതുന്നു.