കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് കൂടുതൽ ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്. തിങ്കളാഴ്ച നടന്ന പരിശോധനയിൽ ആദ്യ ആൻജിയോപ്ലാസ്റ്റിയോടുതന്നെ ഗാംഗുലി നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി. ഇതോടെ ഇനി കൂടുതൽ ആൻജിയോപ്ലാസ്റ്റി വേണ്ടെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. കൊറോണറി ധമനികളിൽ മൂന്നിടത്ത് തടസങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ദാദയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. തിങ്കളാഴ്ച കൂടുതൽ പരിശോധനകൾക്ക് ശേഷം വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യണമോ എന്ന കാര്യം തീരുമാനിക്കുമെന്നായിരുന്നു ഡോക്ടർമാർ നേരത്തെ അറിയിച്ചത്.

എന്നാൽ രക്തധമനിയിലെ തടസ്സം പൂർണമായും ഒഴിവാക്കിയെന്നും ഒരുമാസംകൊണ്ട് പൂർണ ആരോഗ്യവാനാവുമെന്നും ഗാംഗുലി ചികിത്സയിലിരിക്കുന്ന വുഡ്‌ലാൻഡ്സ് ആശുപത്രി അധികൃതർ പറഞ്ഞു.

ശനിയാഴ്ച ആൻജിയോ പ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. ഗാംഗുലിയുടെ രക്തസമ്മർദവും ഓക്‌സിജന്റെ അളവുമെല്ലാം സാധാരണ നിലയിലാണ്. ശനിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെയാണ് നാൽപ്പത്തെട്ടുകാരനായ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.