തിരുവനന്തപുരം: റഹ്മാനും ഭാമയും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന 'മറുപടി' എന്ന ചിത്രത്തിന്റെ ട്രെയിലർ ഫെയ്‌സ് ബുക്കിലൂടെ ഷെയർ ചെയ്ത മുന്മന്ത്രിയും ലീഗ് നേതാവുമായ എംകെ മുനീർ എംഎൽഎയ്ക്ക് എതിരെ  സോഷ്യൽ മീഡിയയിൽ പൊങ്കാല. ലീഗ് അനുഭാവികൾ തന്നെയാണ് തങ്ങളുടെ നേതാവിനെതിരെ അധിക്ഷേപങ്ങളുമായി കൂടുതലും എത്തുന്നത്.

വി എം വിനു അണിയിച്ചൊരുക്കുന്ന മറുപടി എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇക്കഴിഞ്ഞ 24ന് മുൻ മന്ത്രി പോസ്റ്റ് ചെയ്തത്. രാഷ്ട്രീയ നേതാവ് എന്നതിലുപരി ചിത്രകാരനും ഗായകനുമെന്ന നിലയിലൊക്കെ കലാവാസന പ്രകടിപ്പിച്ച മുനീറിനെ ഞെട്ടിച്ചുകൊണ്ടാണ് ലീഗ് അണികൾതന്നെ അദ്ദേഹത്തെ കരിവാരിത്തേയ്ക്കുംവിധം കമന്റുകളുമായി എത്തുന്നത്. ഇസഌമിന്റെയും ലീഗിന്റെയും പേരുപറഞ്ഞാണ് മോശം കമന്റുകൾ മുനീറിന്റെ പോസ്റ്റിനു കീഴെ നിറയുന്നത്.

ദയവുചെയ്ത് നിങ്ങൾ തന്നെ നിങ്ങളെ നാറ്റിക്കരുതെന്നും നിങ്ങൾ ലീഗ് സെക്രട്ടറിയേറ്റ് അംഗവും വർക്കിങ് കമ്മിറ്റി അംഗവും അതിലുപരി സിഎച്ചിന്റെ മകനും ആണെന്ന് ഓർക്കണമെന്നുമാണ് ഒരു കമന്റ്. സിനിമാ പോസ്റ്റർ പൊക്കി നടക്കാനല്ല നിങ്ങളെ ലീഗിന്റെ ബാനറിൽ ജയിപ്പിച്ചു വിട്ടതെന്നും ഇപ്പോൾ സിനിമാ പ്രൊമോഷൻ ആണോ പണിയെന്നുമാണ് മറ്റൊരുവന്റെ ചോദ്യം. മുസ്‌ളീം ലീഗിന്റെ നേതാവ് കുറച്ചുകൂടി പക്വത കാണിക്കണമെന്നും സിനിമയെ പൊക്കിപ്പറയുന്നതെന്തിനെന്നുമെല്ലാം ചോദിച്ച് പലരും എത്തുന്നു. ലീഗിന്റെ ബാനറിൽ നിന്നുകൊണ്ട് സിനിമാ കഥ പറയാമെന്ന മോഹം വേണ്ടെന്നും ഇനി അതു ചെയ്‌തേ തീരൂ എന്നാണെങ്കിൽ ലീഗിൽ നിന്ന് രാജിവയ്ക്കണമെന്നുമാണ് മറ്റൊരു അസഹിഷ്ണുവിന്റെ പ്രതികരണം.

മുസ്‌ളീം ലീഗിന്റെ തട്ടകമായ മലപ്പുറത്ത് പല സിനിമകളും പ്രത്യേകിച്ച് സൂപ്പർസ്റ്റാർ മമ്മുട്ടി നായകനാകുന്ന സിനിമകൾ വൻ തരംഗമായി മാറാറുണ്ട്. ലീഗ് അണികളിൽ വലിയൊരു വിഭാഗം നല്ല സിനിമാ പ്രേമികളും ആസ്വാദകരും ആണുതാനും. അങ്ങനെയിരിക്കെ ലീഗ് നേതാവായ മുനീർ മാന്യമായൊരു സിനിമാ ട്രെയ്‌ലർ പോസ്റ്റ് ചെയ്തത് ദഹിക്കാത്ത പാർട്ടിയിലെ തന്നെ ചിലരും മതാന്ധത ബാധിച്ച മറ്റു ചിലരുമാണ് മുനീറിനെതിരെ മോശം കമന്റുകളുമായി എത്തുന്നതെന്നാണ് വിവരം. ഇതൊക്കെ ശരീയത്ത് സംരക്ഷണമായി കൂട്ടിയാൽ മതിയെന്നും മറ്റുമുള്ള പോസ്റ്റുകൾ വരുന്നതുതന്നെ ഇസഌംവിരുദ്ധ സമീപനം മുനീർ സ്വീകരിക്കുന്നുവെന്ന് വരുത്താനും അത് പാർട്ടി വേദികളിൽ പിന്നീട് വിഷയമാക്കാനുമുള്ള നീക്കമാണെന്നും ഉള്ള സൂചനകളാണ് പുറത്തുവരുന്നത്.

അതേസമയം, മുനീറിന് അനുകൂലിച്ചും പ്രതികരണങ്ങൾ വരുന്നു. മുനീർ സാഹിബ് തന്റെ അഭിപ്രായ സ്വാതന്ത്ര്യം ഒരു സമസ്തയുടേയും കാൽച്ചുവട്ടിൽ അടിയറ വച്ചിട്ടില്ലെന്നു പറഞ്ഞ് പിന്തുണയുമായും ഒരുവിഭാഗം എത്തിയതോടെ ഇത്തരം വിഷയങ്ങളിൽ പാർട്ടിക്കകതത്തും വിഷയം ചൂടുപിടിക്കുന്നുണ്ടെന്ന് വ്യക്തമാകുന്നു. തന്റെ അടുത്ത സുഹൃത്തുകൂടിയായ വി എം വിനുവിന്റെ ചിത്രത്തിന്റെ ട്രെയ്‌ലർ എന്ന നിലയ്ക്കു മാത്രമാണ് മുനീർ ഇത്തരമൊരു ട്രെയ്‌ലർ ഫെയ്‌സ് ബുക്കിൽ ഷെയർ ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ, ഇത് അദ്ദേഹത്തെ താറടിച്ചു കാണിക്കാൻ സ്വന്തം പാർട്ടിയിലെ ചിലർതന്നെ അവസരമാക്കുകയാണെന്ന വാദം ശക്തമാണ്.

കഴിഞ്ഞദിവസം ഫിദൽ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മുനീർ നൽകിയ പോസ്റ്റിനെതിരെയും ചിലർ പ്രതിഷേധമുയർത്തിയിട്ടുണ്ട്. 'ഭക്ഷണവും മരുന്നും നിഷേധിക്കപ്പെട്ട, കഴിക്കാൻ ഒരു നേരത്തെ ആഹാരം പോലുമില്ലാത്ത മനുഷ്യ ജീവിതങ്ങളെക്കുറിച്ചാണ് എനിക്കീ ലോകത്തോട് സംസാരിക്കാനുള്ളത്!!ഫിദൽ കാസ്‌ട്രോ (ഐക്യ രാഷ്ട്ര സഭ.1979). വിസ്മയകരമാം വിധം സാമൂഹിക നീതിയുടെ പോരാട്ടം കൂടി നിർവ്വഹിച്ച ഇതിഹാസ പുരുഷന് ഓർമ്മപ്പൂക്കൾ!!' - ഇങ്ങനെയായിരുന്നു മുനീർ കാസ്‌ട്രോയെ അനുസ്മരിച്ചത്. ഇതോടെ ട്രെയ്‌ലറിന്റെ പേരിൽ നേതാവിനെ ചോദ്യംചെയ്തവർ അടുത്ത ചോദ്യവുമായി വീണ്ടുമെത്തി.

നിങ്ങളെന്താ സാഹിബേ പാർട്ടിവിടുകയാണോയെന്ന മട്ടിലുള്ള കമന്റുകളാണ് ഇക്കുറി മുനീറിന് നേരിടേണ്ടി വന്നിരിക്കുന്നത്. സോഷ്യലിസത്തിൽ വിശ്വസിച്ച ഒരാളെ പിന്തുണയ്ക്കുന്നതെങ്ങനെയെന്നും നിങ്ങളുടെ ചിന്തകൾ ഇടതുപക്ഷത്തേക്ക് പോകുകയാണെന്നും പറഞ്ഞ് വിമർശിക്കുന്ന കൂട്ടത്തിൽ ലീഗ് അണികൾ തന്നെ കാസ്‌ട്രോയെ ന്യായീകരിച്ചും എത്തിയിട്ടുണ്ട്. അമേരിക്കയ്ക്ക് കീഴ്‌പ്പെടാതെ നിന്നതിന്റെ പേരിലും പടിഞ്ഞാറൻ സാമ്രാജ്യത്വ കഴുകന്മാർക്ക് മുന്നിൽ നട്ടെല്ലുവളയാതെ നിവർന്നു നിൽക്കുന്ന ആൺകുട്ടി എന്ന നിലയിലുമെല്ലാം ആണ് കാസ്‌ട്രോയ്ക്കുള്ള ആദരവ് പലരും പ്രകടിപ്പിച്ചിട്ടുള്ളത്.