ടി പി ചന്ദ്രശേഖരനും ഫാഷൻ ഗോൾഡും; നിയമസഭയിൽ രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പിണറായി; എന്തിന് ചുടാകുന്നതെന്ന ചോദ്യത്തിന് ഇതിനല്ലെങ്കിൽ പിന്നേതിന് ചൂടാവണമെന്ന് തിരിച്ചടി; ചൂടൻ പിണറായി റീലോഡഡ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ചെറുചിരിയുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന പിണറായിയാണ് ഇപ്പോഴത്തെ രൂപം.അത് കണ്ട് പഴയ ചൂടൻ പിണറായി ഇപ്പോൾ ഇല്ല എന്ന് പറഞ്ഞവരും ഏറെ.എന്നാൽ അതൊക്കെ ഒരു മരീചികയാണെന്നും ചൂടൻ പിണറായി എവിടെയും പോയിട്ടില്ലെന്ന് അടിവരയിടുന്നതായിരുന്നു ഇന്നലത്തെ നിയമസഭയിലെ ചോദ്യോത്തരവേള. ഫാഷൻ ഗോൾഡ് വിഷയവും ടിപി ചന്ദ്രശേഖരൻ വധക്കേസുമാണ് പിണറായിയെ ചൊടിപ്പിച്ചത്.
മുൻ എംഎൽഎ എം.സി.കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് കേസിനെ എൻ.ഷംസുദ്ദീൻ ലഘൂകരിച്ചപ്പോൾ പിണറായി വിജയൻ കത്തിക്കയറി. എന്തിനാണു ചൂടാകുന്നതെന്ന കമന്റ് ഉയർന്നപ്പോൾ പിണറായിയുടെ മറുചോദ്യം: 'ഇതിനു ചൂടായില്ലെങ്കിൽ പിന്നെ എന്തിനാണു ചൂടാകുക?'എന്നായി.
ടിപി ചന്ദ്രശേഖരന്റെ പേര് കടന്നുവന്നതാണ് മറ്റൊരു സംഭവം. ടിപിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമ, സംഘടിത കുറ്റകൃത്യം തടയാനുള്ള നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയുമാണു ടിപിയെ ഇന്നലെ സഭയിൽ 'എത്തിച്ചത്'.ടിപി കേസ് പ്രതികളെ സംരക്ഷിക്കാനും സഹായമെത്തിക്കാനും പൊലീസ് ഉന്നതർ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു ചോദ്യത്തിനിടെ രമയുടെ പരാമർശം. ടിപി കേസിന്റെ അന്വേഷണം നടന്ന സമയം കെ.കെ.രമയ്ക്കു തെറ്റിപ്പോയോ എന്നു സംശയമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിരിക്കുന്നവർക്കു മറവിയുണ്ടാകില്ല. അന്നത്തെ സർക്കാർ അവർക്കു കഴിയാവുന്ന രീതിയിലൊക്കെ അന്വേഷണം നടത്തി. അതിൽ പിഴവുണ്ടായി എന്നാണോ രമ ഉദ്ദേശിച്ചതെന്നു തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല രീതിയിൽ അന്വേഷണം നടന്നുവെന്നു ഭംഗ്യന്തരേണ മുഖ്യമന്ത്രി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തിരുവഞ്ചൂരിനെത്തന്നെയാണ് ഉദ്ദേശിച്ചതെന്നും അത് അദ്ദേഹത്തിനു കൊണ്ടു എന്ന് ഈ പ്രതികരണത്തിൽ നിന്നു മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. ''കൂടുതൽ ഞാൻ പോകുന്നില്ല. എന്തൊക്കെയാണ് അന്നു നടന്നതെന്ന് അങ്ങേക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ഉണ്ടായിരുന്നല്ലോ.നടന്നത് എന്തൊക്കെയാണെന്ന് എല്ലാവർക്കുമറിയാം'' മുഖ്യമന്ത്രി പറഞ്ഞു.
മോൻസൻ മാവുങ്കൽ കൂടി വന്നതോടെ ചൂട് ചെമ്പോലയിലേക്കായി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ അനാസ്ഥയ്‌ക്കെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച ശേഷം പതിവ് ഇറങ്ങിപ്പോക്കുണ്ടായില്ല. പക്ഷേ, പ്ലസ് വൺ സീറ്റ് അപര്യാപ്ത വി.ഡി.സതീശൻ സബ്മിഷനാക്കിയതോടെ ചൂട് മാറി പോർവിളിയായി. പ്രതിപക്ഷം സഭ വിട്ടു.ചോദ്യോത്തര വേള തന്നെ അങ്ങനെ ചൂടു പിടിച്ചതായി.
മറുനാടന് മലയാളി ബ്യൂറോ