- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സൈബർ വേട്ട..ലയ എന്റെ അടുത്ത ബന്ധു; ലയ മാത്രമല്ല...നിങ്ങൾ കാരണം ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും എന്റെ അടുത്ത ബന്ധുക്കൾ തന്നെ; ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് നേതാവ് ലയ രാജേഷ് തന്റെ ബന്ധുവെന്ന പ്രചാരണത്തിന് മറുപടിയുമായി അനിൽ അക്കര എംഎൽഎ; സൈബർ ആക്രമണത്തിൽ തോറ്റോടില്ലെന്ന് ലയയും
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിനിടെ പൊട്ടിക്കരഞ്ഞ ലയ രാജേഷിനെതിരെ ക്രൂരമായ സൈബർ ആക്രമണമാണ് നടന്നത്. സൈബർ സഖാക്കൾ അസഭ്യം ചൊരിഞ്ഞ് ലയയെ ഒന്നുകൂടി കരയിച്ചു. പോരാളി ഷാജി അടക്കമുള്ളവർക്ക് ലയ കോൺഗ്രസുകാരിയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പിൻവാതിൽ നിയമനങ്ങൾ നടന്നപ്പോൾ ചേച്ചിമാർക്ക് ജലദോഷമായിരുന്നു എന്നും മറ്റുമായിരുന്നു പരിഹാസം. ഏതായാലും ലയയുടെ കരയുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലരും ലയ ആരെന്ന് അന്വേഷിച്ചു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാർ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർത്ഥികൾ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ലയ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.എന്നാൽ ഈ കരച്ചിൽ മാധ്യമങ്ങളുടെ മുന്നിലെ ഷോ ആണെന്നായിരുന്നു സൈബർ സഖാക്കളുടെ വ്യാഖ്യാനം. പിന്നീട് അനിൽ അക്കരെ എംഎൽഎയുടെ ബന്ധുവാണെന്നായി പ്രചാരണം. ഇതിനെതിരെ അനിൽ അക്കര തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടു. ലയ മാത്രമല്ല സർക്കാർ അനാസ്ഥയെ തുടർന്ന് ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും തന്റെ അടുത്ത ബന്ധുക്കൾ തന്നെയാണെന്ന് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.
സൈബർ ആക്രമണങ്ങളിൽ തളർന്ന് പിന്നോട്ടില്ലെന്നും അർഹമായ ജോലിക്ക് വേണ്ടിയാണ് സമരമെന്നും ലയ രാജേഷ് പറഞ്ഞു. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തിലാണ് കരഞ്ഞുപോയത്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കുന്നതുപോലെ നാടകം കളിക്കാനല്ല ഇവിടെ വന്നതെന്നും ലയ രാജേഷ് പറഞ്ഞു.
സുഹൃത്തായ ഡെൻസി റിത്തുവിന്റെ ചുമലിൽ ചാരിയാണ് പൊട്ടിക്കരഞ്ഞത്. ഒരു സർക്കാർ ജോലി എന്ന പ്രതീക്ഷയിൽ രണ്ടര വർഷമായി ഈ റാങ്ക് ലിസ്റ്റിന്റെ പിന്നിലാണ് താൻ. സമരവേദിയിൽ രണ്ട് പേർ ആത്മഹത്യാ ശ്രമം നടത്തുകയും അതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തപ്പോൾ സ്വയം നിയന്ത്രിക്കാനാകാതെ കരഞ്ഞുപോവുകയായിരുന്നു.
സങ്കടവും ദേഷ്യവും നിരാശയുമായിരുന്നു അപ്പോൾ മനസിൽ, തന്റെ ചിത്രങ്ങൾ മാധ്യമ ഫോട്ടോഗ്രാഫർമാർ പകർത്തുന്നത് അപ്പോൾ ഓർത്തില്ല.സമൂഹമാധ്യമങ്ങളിൽ തന്റെ കരച്ചിലിനെ നാടകമെന്ന് ആക്ഷേപിക്കുന്നവർക്കും ലയ മറുപടി നൽകുന്നു. മക്കളെപ്പോലും വിട്ട് ഇവിടെ വന്ന് അർഹതപ്പെട്ട ജോലിക്കായി ദിവസങ്ങളോളം സമരം ചെയ്യുന്നവരുടെ മാനസികനില അറിയാത്തവരാണ് തങ്ങളെ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയ വിരോധം തങ്ങൾക്കില്ലെന്നും, ആരു ഭരിച്ചാലും അർഹതപ്പെട്ടതു കിട്ടാതിരുന്നാൽ ഞങ്ങൾ സമരം ചെയ്യുമെന്നും ലയ വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുള്ളവരും ഈ സമരത്തിനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ