തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയന് കടന്നു പോകുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയതിൽ കടുത്ത പ്രതിഷേധവുമായി അനിൽ അക്കര എംഎൽഎ. മന്ത്രിയെ കാണാൻ ചെന്ന് മടങ്ങവേ മുഖ്യമന്ത്രിക്ക് കടന്നുപോകാൻ തന്നെ തടഞ്ഞുനിർത്തിയെന്നാണ് എംഎൽഎയുടെ ആക്ഷേപം.

ഇപ്പോൾ ജീവിക്കുന്നത് ജനാധിപത്യ കേരളത്തിൽ അല്ലെന്നും മറിച്ച് രാജഭരണ കാലത്താണെന്നുമുള്ള തോന്നലാണ് ഉണ്ടാകുന്നതെന്ന പരിഹാസവുമായി അനിൽ അക്കര ഫേസ്‌ബുക്കിൽ കുറിപ്പും നൽകി. ഇതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.

കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് എംഎ‍ൽഎ അനിൽ അക്കര തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. താനിപ്പോൾ ജീവിക്കുന്നത് ജനാധിപത്യ കേരളത്തിലല്ല എന്നു പറഞ്ഞു തുടങ്ങുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ, ജന്മി- കുടിയാൻ വ്യവസ്ഥയുടെ പുതിയ രൂപമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഞാൻ ജനാധിപത്യ കേരളത്തിലല്ല. ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയെ കണ്ട് സെക്രട്ടറിയേറ്റിലെ ഗോവണി ഇറങ്ങി താഴെ നിലയിൽ എത്തി ഉടനെ കരിമ്പൂച്ചകൾ തടഞ്ഞു നിർത്തി. അവർ പറഞ്ഞു, സി.എം. വരുന്നു. അടിയൻ തമ്പ്രാന്റെ എഴുന്നള്ളത്തു കഴിഞ്ഞു പുറത്തിറങ്ങി. സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം നീണാൾ വാഴട്ടെ..