- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിൽ മന്ത്രി എ സി മൊയ്തീൻ രണ്ട് കോടി രൂപയുടെ അഴിമതി നടത്തി; ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നു; അഴിമതി തെളിയിക്കാനുള്ള അവസരമാണ് മന്ത്രി അയച്ച വക്കീൽ നോട്ടീസ്; യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസന്റ് ആണെങ്കിൽ ലൈഫ് മിഷൻ എന്തിന് കത്തയച്ചു; ആരോപണം ആവർത്തിച്ചു അനിൽ അക്കര; എംഎൽഎ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രിയും
തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിൽ അഴിമതി ആരോപണം ആവർത്തിച്ചു അനിൽ അക്കര എംഎൽഎ. രണ്ട് കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും അനിൽ അക്കര എംഎൽഎ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അഴിമതി തെളിയിക്കാനുള്ള അവസരമാണ് മന്ത്രി അയച്ച വക്കീൽ നോട്ടീസ്. താൻ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാൽ, ജനപ്രതിനിധിയായ തന്നെ മന്ത്രി അപമാനിച്ചുവെന്നും അനിൽ അക്കര പറഞ്ഞു.
താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ പദ്ധതി തന്നിൽനിന്നും മറച്ചു വെച്ചു. യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസന്റ് ആണെങ്കിൽ ലൈഫ് മിഷൻ എന്തിന് കത്തയച്ചുവെന്നും അനിൽ ചോദിച്ചു. ലൈഫ് മിഷൻ ഫ്ളാറ്റ് വിവാദത്തിൽ അഴിമതി ആരോപണമുന്നയിച്ച അനിൽ അക്കരക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി എ.സി. മൊയ്തീൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു എംഎൽഎ. ഭവന സമുച്ചയം നിർമ്മിക്കുന്നതിൽ മന്ത്രി എന്ന നിലയിൽ താൻ രണ്ട് കോടി വാങ്ങിയെന്ന എംഎൽഎയുടെ ആക്ഷേപം വസ്തുതാ വിരുദ്ധവും നട്ടാൽ കുരുക്കാത്ത നുണയുമാണെന്ന് മന്ത്രി പറഞ്ഞു.
'സോയിൽ ടെസ്റ്റ് എന്താണെന്നതിനെ സംബന്ധിച്ച് മന്ത്രി വല്ല ധാരണയുമുണ്ടോ. വടക്കാഞ്ചേരിയിൽ സോയിൽ ടെസ്റ്റ് യൂണിടാക് നടത്തിട്ടില്ല. സാധാരണ കെട്ടിടം പണിയുന്നത് പോലെയാണ് അവിടെ കെട്ടിടം പണിഞ്ഞിരിക്കുന്നത്. പണി തീർന്നതിന് ശേഷം സോയിൽ ടെസ്റ്റ് നടത്താമെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് എത്ര ഉത്തരവാദിത്തം ഉണ്ടെന്നത് നമുക്ക് മനസ്സിലാക്കാം'അനിൽ അക്കര പറഞ്ഞു.
റെഡ്ക്രെസന്റ് 500 കോടി നൽകുമെന്ന് പറഞ്ഞത് യുഎഇയിലുള്ള മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ്. അഴിമതി നടത്തണമെന്ന് മുൻകൂട്ടി നടത്തിയ ആസൂത്രണമാണ്. അതുകൊണ്ടാണ് യൂണിടാക്കുമായി കരാറുണ്ടാക്കുന്നത്. യൂണിടാക്കുമായി കരാറുണ്ടാക്കാൻ യുഎഇ കോൺസുലേറ്റിന് അധികാരമില്ലെന്ന് അറിയാത്തവരല്ല ഇവർ. അഴിമതി നടത്താൻ വേണ്ടി മാത്രം ചെയ്തതാണ്. എല്ലാം അറിയാമെന്ന് പറയുന്ന മന്ത്രി അവിടെ ആശുപത്രി പണിയുന്നത് ആരാണെന്ന് പറയണം. ആശുപത്രി പണിയുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ പക്കൽ ഒരു രേഖയുമില്ലെന്നതാണ് യാഥാർത്ഥ്യമെന്നും അനിൽ അക്കര പറഞ്ഞു.
അതേസമയം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി.മൊയ്തീൻ പ്രതികരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നുണപ്രചരണമാണ് നടത്തുന്നത്. ഒരു ഉളപ്പുമില്ലാത്തവർക്ക് എന്തും പറയാം. മണ്ഡലത്തിൽ ഒന്നും ചെയ്യാത്ത ജനപ്രതിനിധി അത് മറച്ചുവെക്കാൻ ഇത്തരം ആക്ഷേപം ഉന്നയിക്കുന്നു. സ്വന്തം കഴിവുകേടുകൾക്ക് മറയിടാൻ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതി ഒരു ജനകീയ പദ്ധതിയാണ്. സന്നദ്ധ സംഘടനകൾ മുതൽ കേന്ദ്ര സർക്കാർ ഫണ്ടുകൾ വരെ ഇതിന്റെ ഭാഗമാണ്. യുഡിഎഫിന്റെ കാലത്ത് ഇങ്ങനെ ഒരു ഭവന പദ്ധതിയെ ഇല്ലായിരുന്നു. മൂന്ന് ഘട്ടമായിട്ടാണ് ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്നത്. വീട് പണി പൂർത്തീകരിക്കാത്തവർക്ക് അത് പൂർത്തീകരിക്കുന്നതാണ് ഒന്നാം ഘട്ടം. 96.5 ശതമാനവും ഇത് പൂർത്തീകരിച്ചു. രണ്ടാം ഘട്ട ഭൂമി ഉള്ളവർക്ക് വീടുകൾ വച്ച് നൽകുന്ന പദ്ധതിയാണ്. മൂന്നാം ഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവനരഹിതരുടെ കാര്യമാണ്.
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ,സംഭവനയായി ലഭിക്കുന്ന ഭൂമി ഇങ്ങനെയുള്ളയിടങ്ങളിൽ ഭവന സമുച്ചയങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യപടിയായി ഇടുക്കിയിലെ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ നൽകി. 41 സ്ഥലങ്ങളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. തറക്കല്ലിടൽ ചടങ്ങ് ഈ ആഴ്ച മുഖ്യമന്ത്രി നിർവഹിക്കും. പെരിന്തൽമണ്ണയിൽ അത് നേരത്തെ തുടങ്ങി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി നേരിട്ടാണ് അത് ചെയ്യുന്നത്. അത്തരത്തിൽ ടെൻഡർ നടത്തിയ ഒരു സ്ഥലമാണ് വടക്കാഞ്ചേരിയെന്നും. അതിന്റെ സ്ഥലമേറ്റെടുപ്പടക്കം എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും മന്ത്രി വ്യക്താക്കി.റെഡ്ക്രസന്റ് ഏൽപ്പിച്ച യൂണിടാക് എന്ന കരാറുകാരെ അറിയില്ലെന്നും മന്ത്രി ഇതിനിടെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ