ന്യൂഡൽഹി: റാഫേൽ ഇടപാടിൽ റിലയൻസ് ഗ്രൂപ്പും അനിൽ അംബാനിയും വിവാദ ക്കുരുക്കിൽ നിൽക്കവേ അനിലിന്റെ പഴയ ഫേസ്‌ബുക്ക് കുറിപ്പ് കുത്തിപ്പൊക്കി സൈബർ ലോകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി റിലയൻസ് ഗ്രൂപ്പ് ഉടമ അനിൽ അംബാനി 2016ൽ പിറന്നാൾ ആശംസ നേർന്നിരുന്നു. ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മോദിയുടെ നിർദ്ദേശം അനുസരിച്ചാണ് റാഫേൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയതെന്ന ഫ്രഞ്ച് മുൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മോദിയെ പുകഴ്‌ത്തിയുള്ള അംബാനിയുടെ കുറിപ്പ് ചർച്ചയാവുന്നത്.നരേന്ദ്ര മോദിയുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാൻ കഴിഞ്ഞത് അംബാനി കുടുംബത്തെ സംബന്ധിച്ച് മഹാഭാഗ്യമാണെന്നാണ് ആശംസയിൽ അനിൽ അംബാനി പറയുന്നത്.

മോദിയെ നേതാക്കളുടെ നേതാവെന്നും രാജാക്കന്മാരുടെ രാജാവെന്നും വിശേഷിപ്പിക്കുന്നുമുണ്ട് അനിൽ അംബാനി.റാഫേൽ വിവാദവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധിയാളുകൾ ഈ കുറിപ്പ് പ്രചരിപ്പിക്കുന്നുണ്ട്.


കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

നമ്മുടെ എല്ലാമെല്ലാമായ പ്രധാനമന്ത്രി നരേന്ദ്രഭായിയുടെ പിറന്നാളാണിന്ന്. 1990കളിൽ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഞാൻ ഓർക്കുന്നു. അച്ഛൻ പത്മവിഭൂഷൺ ധീരുഭായ് അംബാനി അത്താഴവിരുന്നിനായി വീട്ടിലേക്കു ക്ഷണിച്ചതായിരുന്നു അദ്ദേഹത്തെ.

നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പോയപ്പോൾ പപ്പ പറഞ്ഞു: 'വലിയ നിലയിലെത്താനുള്ള ചുണയുണ്ട് അദ്ദേഹത്തിന്. യഥാർത്ഥ നേതാവ്. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാവും.'

എന്നത്തേയും പോലെ പപ്പ വ്യക്തമായി വളരെ സിമ്പിളും ദീർഘദർശിയുമായി!

2014ൽ രാജ്യം നരേന്ദ്രഭായിയെ നമ്മുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ അത് ചരിത്രത്തിലെ അനിർവചനീയമായ നിമിഷമായി. പതിവുപോലെ തന്റെ പ്രവചനം ഫലിച്ചതുകൊണ്ട് പപ്പ സ്വർഗത്തിലിരുന്ന് പുഞ്ചരിച്ചിട്ടുണ്ടാവും.

എല്ലാറ്റിലും കുറ്റംകാണുന്ന രീതിയിൽ നിന്നും അഭിമാനത്തിലേക്കും അലസതയിൽ നിന്ന് ആലസ്യത്തിലേക്കും വഴിമാറി അഴിമതി വിരുദ്ധ തീരുമാനങ്ങളുമായി ഇന്ത്യ ഇപ്പോൾ നിലകൊള്ളുമ്പോൾ തീർച്ചയായും അത് നരേന്ദ്രഭായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമാണ്.

നരേന്ദ്രഭായിയെ പലതരത്തിൽ വിവരിക്കാം.

ആ പേരിന്റെ അർത്ഥം കൊണ്ടുതന്നെ അദ്ദേഹമെനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടവനായി.

സംസ്‌കൃതത്തിൽ 'നര' എന്നതിനർത്ഥം മനുഷ്യൻ എന്നും 'ഇന്ദ്ര' എന്നതിനർത്ഥം രാജാവ് അല്ലെങ്കിൽ നേതാവ് എന്നുമാണ്.

'ഇതാണ് എനിക്ക് കണക്കിൽ ലഭിച്ച വളരെ പ്രശസ്തമായ മാർക്ക്'; പഴയ ഉത്തരക്കടലാസുകളുമായി നടി സുരഭി, വീഡിയോ

മറ്റൊരുതരത്തിൽ പറഞ്ഞാൽ നരേന്ദ്രഭായി നേതാക്കളുടെ നേതാവാണ്. രാജാക്കന്മാരുടെ രാജാവാണ്.

എന്റെ അച്ഛന്റെ വാക്കുകളിൽ പറഞ്ഞാൽ നരേന്ദ്രഭായി 'കണ്ണുകൾ തുറന്ന് സ്വപ്നം കാണുന്നു' . അർജുനനെപ്പോലെ ലക്ഷ്യബോധത്തോടെയും വ്യക്തതയോടെയും.

ഇന്ന്, നരേന്ദ്രഭായിക്ക് 66 വയസാവുകയാണ്. രാജ്യം അദ്ദേഹത്തിന്റെ പിറന്നാൾ കൊണ്ടാടുകയാണ്. നരേന്ദ്രഭായിയെ വ്യക്തിപരമായി അറിയാനുള്ള മഹാ ഭാഗ്യമുണ്ടായി എന്നത് അംബാനി കുടുംബത്തിന് ലഭിച്ച അനുഗ്രഹമായി ഞാൻ കാണുന്നു.

എന്റെ അമ്മ കോകിലാബെൻ, ഭാര്യ ടിന, മക്കളായ അന്മോൾ, അൻഷുൽ എന്നിവരടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്: 'കരുത്തിൽ നിന്നും കരുത്തിലേക്ക് ഞങ്ങളെ നയിക്കാനുള്ള ശക്തിയും ബുദ്ധിയും ദൈവം തുടർന്നും അദ്ദേഹത്തിനുമേൽ ചൊരിട്ടെയെന്നും അദ്ദേഹത്തിന് നമ്മുടെ രാജ്യത്തെ ഇന്ത്യയെ ഭാരതത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു.' ജയ് ഹിന്ദ്