തിരുവനന്തപുരം:ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ വാർത്ത നൽകാൻ മടിച്ച മലയാള മനോരമയിൽ നിന്നും ലേഖകൻ രാജിവച്ചു. മനോരമ ന്യൂസിലെ ചീഫ് റിപ്പോർട്ടർ അനിൽ ഇമ്മാനുവേലാണ് രാജിവെച്ചത്. മനോരമ ന്യൂസിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ താൻ സ്ഥാപനത്തിൽ നിന്നും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കി അദ്ദേഹം കുറിപ്പ് പങ്കുവച്ചിരുന്നു.

മന്ത്രി ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് എടുത്ത് കൃത്രിമം കാട്ടിയ കേസിലെ തെളിവുകൾ അനിലിനാണ് ആദ്യം ലഭിച്ചത്. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് അദേഹം ഇക്കാര്യങ്ങൾ കണ്ടെത്തുന്നത്. ഈ തെളിവുകൾ അടക്കം അദേഹം വാർത്ത തയാറാക്കി നൽകി. എന്നാൽ, മനോരമ ന്യൂസ് അധികൃതർ വാർത്ത നൽകിയില്ല. അതോടെ എല്ലാ തെളിവുകളും അടക്കം ലേഖകൻ വാർത്ത ഫേസ്‌ബുക്ക് പോസ്റ്റു ചെയ്തിരുന്നു. ഇത് ഏഷ്യാനെറ്റ് ന്യൂസ് വലിയ വാർത്തയാക്കി നൽകുകയും ചെയ്തു.

അനിൽ ഇമ്മാനുവേൽ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കുറിപ്പ്

നേരിട്ടൊരു യാത്ര പറച്ചിലിന് അവസരമില്ല, പടിയിറങ്ങുകയാണ്. പിന്തുണച്ചവർക്കെല്ലാം നന്ദി.

വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങൾ പലരോടും ഉണ്ടായിട്ടുണ്ടെങ്കിലും മനോരമ എന്ന വലിയ കുടുംബത്തോട് ഇഷ്ടം മാത്രമേയുള്ളു. അതുകൊണ്ട് തന്നെയാണ് കയ്യിൽ വന്ന തരക്കേടില്ലാത്ത ഒരു വാർത്ത ഇവിടെ കൊടുക്കാൻ കഴിയില്ലെന്ന് തീരുമാനം ഫൈനലായി എന്നെ അറിയിച്ചശേഷവും, അത് മറ്റൊരിടത്തും കൊണ്ടുപോയി കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്; പലരും ആവശ്യപ്പെട്ടെങ്കിലും. 3,4 മാസത്തോളം അതിനായി കൂടെ നിന്നവരോടുള്ള മര്യാദയെക്കരുതിയാണ്, നശിപ്പിച്ച് കളയാതെ ഒടുവിലത് എനിക്ക് അവയ്‌ലബിൾ ആയ, എന്റെ തന്നെയൊരു പ്ലാറ്റ്‌ഫോമിൽ ഇട്ടത്.

കുലംകുത്തിയായി ഇറങ്ങിപ്പോകേണ്ട സാഹചര്യമില്ലെന്ന് നല്ല ഉറപ്പുള്ളതുകൊണ്ടും, എന്നാലങ്ങനെ വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടക്കുന്നത് മനസിലാക്കുന്നതുകൊണ്ടും ചുരുക്കത്തിൽ ഇത്രയും അറിയിച്ചെന്ന് മാത്രം. ഇനിയും സംശയമുള്ളവർ ഉണ്ടെങ്കിൽ എന്നെ വിളിക്കാം. തെളിവ് സഹിതം സംസാരിക്കാവുന്നതെയുള്ളൂ. 94970 81819 ആണ് പുതിയ നമ്പർ. ഒഫീഷ്യൽ ഫോൺ മുന്നറിയിപ്പ് ഒന്നുമില്ലാതെ ഡിസ്‌കണക്ട് ആക്കിയിട്ടുണ്ട്. അടുത്തത് എന്തെന്ന് തീരുമാനിച്ചിട്ടില്ല. ഈ ജോലി മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്; ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അന്തസ്സും ആത്മാഭിമാനവും അടിയറ വയ്ക്കാതെ നിൽക്കാൻ കഴിയണമെന്ന് മാത്രമാണ് നിർബന്ധമുള്ളത്.