തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനിൽ കാന്ത് ചുമതലയേറ്റു. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിരമിക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഡി.ജി.പിയുടെ അധികാരത്തിന്റെ പ്രതീകമായ ബാറ്റൺ ഏറ്റുവാങ്ങി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഡൽഹി സ്വദേശിയായ അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്. പട്ടിക വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഡൽഹി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് യു പി എസ് സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ അനിൽകാന്ത് ഇടം നേടിയത്.

1988 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ അനിൽകാന്ത് നിലവിൽ റോഡ് സുരക്ഷാ കമീഷണറാണ്. 2022 ജനുവരിയിൽ വിരമിക്കുന്നതിനാൽ ഏഴുമാസം മാത്രമാണ് ഡി.ജി.പി പദവിയിൽ ഉണ്ടാവുക. കേരളാകേഡറിൽ എ.എസ്‌പി ആയി വയനാട്ടിൽ സർവീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്‌പി ആയി പ്രവർത്തിച്ചു. തുടർന്ന് കേന്ദ്ര ഡെപ്യൂേട്ടഷനിൽ ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടറുമായി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്‌പി ആയും പ്രവർത്തിച്ചു.

സ്‌പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്‌പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്‌സൈസ് കമീഷണർ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, സൗത്ത്‌സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയി ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമീഷണർ എന്നീ തസ്തികകളും വഹിച്ചു.

വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 64 ാമത് ആൾ ഇന്ത്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ൽ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ് ഡൽഹി സ്വദേശിയായ അനിൽ കാന്ത്.

പരേതനായ റുമാൽ സിങ്ങാണ് പിതാവ്. ശകുന്തള ഹാരിറ്റ് മാതാവുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകൻ റോഹൻ ഹാരിറ്റ്. നേരത്തെ ടോമിൻ.ജെ തച്ചങ്കരി ഉൾപ്പടെയുള്ളവരുടെ പേരുകൾ കേരളത്തിൽ നിന്ന് ഡി.ജി.പി സ്ഥാനത്തേക്കായി അയച്ചിരുന്നു. എന്നാൽ, മൂന്ന് പേരുകൾ മാത്രമാണ് യു.പി.എസ്.സി കേരളത്തിന് കൈമാറിയത്.