- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ താൽപ്പര്യമില്ല; സുധാകരനെ വിമർശിച്ച് പാർട്ടി വിടുന്നുവെന്ന് പ്രഖ്യാപിച്ച് അനിൽകുമാർ; ഡിസിസി പ്രസിഡന്റുമാരെ സഞ്ചി തൂക്കികളെന്ന് വിളിച്ച അനിൽകുമാറിനെ പുറത്താക്കുന്നുവെന്ന് കെപിസിസി അധ്യക്ഷനും; കോൺഗ്രസിൽ നിന്ന് ഒരാൾ കൂടി പുറത്തേക്ക്; അനിൽകുമാർ സിപിഎമ്മിലേക്കോ?
കോഴിക്കോട്: ഡിസിസി പുനഃസംഘടനയേത്തുർന്ന് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനമുന്നയിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടു. കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് അനിൽകുമാർ അറിയിച്ചു. അനിൽ കുമാറിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. ഡിസിസി പ്രിസഡന്റുമാരെ സഞ്ചിതൂക്കികൾ എന്ന് വിളിച്ച് ആക്ഷേപിച്ച അനിൽകുമാറിനോട് പൊറുക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.
സുധാകരന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ താൻ പാർട്ടി വിടുന്ന കാര്യം അനിൽകുമാർ അറിയിച്ചിരുന്നു. അച്ചടക്ക നടപടി പാർട്ടി പിൻവലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അറിയിച്ചു. നേരത്തെ ഇക്കാര്യത്തിൽ അനിൽകുമാർ നൽകിയ വിശദീകരണം കെപിസിസി. തള്ളിയിരുന്നു. അദ്ദേഹം സിപിഎമ്മിലേക്ക് പോയേക്കുമെന്നാണ് സൂചന. നെടുമങ്ങാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പ്രശാന്തും സിപിഎമ്മിൽ ചേർന്നിരുന്നു.
കോൺഗ്രസിൽ നിന്ന് വരുന്ന എല്ലാവാരേയും സ്വീകരിക്കാൻ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. ഇത് അനിൽകുമാറിന് തുണയാകുമെന്നാണ് സൂചന. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനിൽകുമാർ. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമർശിച്ച് പരസ്യപ്രസ്താവന നടത്തി. തുടർന്ന് അനിൽകുമാർ പാർട്ടിക്ക് വിശദീകരണം നൽകിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോർട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനിൽകുമാർ പാർട്ടിവിടുന്നത്. പാർട്ടി നിർദ്ദേശം ലംഘിച്ച് സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനിൽകുമാറിനോട് കോൺഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അനിൽകുമാർ നൽകിയ വിശദീകരണത്തിൽ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല.
ഇതിനെതുടർന്ന് അനിൽകുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അച്ചടക്ക നടപടി ഉണ്ടാകുന്നതിനുമുമ്പുതന്നെ അദ്ദേഹം പാർട്ടിവിടുകയായിരുന്നു.അതേസമയം മുതിർന്ന നേതാക്കന്മാർക്കെതിരെ പ്രസ്താവന നടത്തിയ രാജ്മോഹൻ ഉണ്ണിത്താന്റെയും സസ്പെൻഷനിൽ കഴിയുന്ന ശിവദാസൻ നായരുടേയും വിശദീകരണത്തിൽ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ട്. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് രാജ്മോഹൻ ഉണ്ണിത്താനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.
ഇനി മേലിൽ കടുത്ത രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.തന്റെ വാക്കുകൾ സദുദ്ദേശപരമായിരുന്നു എന്ന വിശദീകരണമാണ് ശിവദാസൻ നായർ നൽകിയത്. ഇതും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ