മനാമ: ബഹ്‌റിനിലെ മലയാളി സമൂഹത്തെ വീണ്ടും ദുഃഖത്തിലാഴ്‌ത്തി മറ്റൊരു മരണ വാർത്ത കൂടിയെത്തി. കഴിഞ്ഞദിവസം പത്തനംതിട്ട സ്വദേശി ഉറക്കത്തിൽ മരിച്ച വാർത്തയ്ക്ക് പിന്നാലെയാണ് ജോലി സ്ഥാപനത്തിലെ യന്ത്രത്തിൽ കുടങ്ങി മറ്റൊരു മലയാളി മരിച്ച വാർത്ത എത്തുന്നത്.ഉപയോഗ ശൂന്യമായ കാർഡ് ബോർഡ് പെട്ടികൾ അമർത്തി അടുക്കിവെക്കുന്ന ബൈലിങ് മെഷീനിൽ കുടുങ്ങിയാണ് വടകര സ്വദേശി മരിച്ചത്.

സൽമാബാദിലെ ബഹ്‌റൈൻ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് വടകര കടലേരി അരയാലുള്ളതിൽ അനിൽ കുമാർ (40) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിക്കിടെയാണ് അപകടമുണ്ടായത്. സെൻസർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന യന്ത്രം ഓൺ ആണെന്ന് അറിയാതെ അബദ്ധത്തിൽ അനിൽ കുമാർ
ഇറങ്ങുകയായിരുന്നു. ഈ സമയം യന്ത്രം പ്രവർത്തിക്കുകയും അനിൽ കുമാർ കുടുങ്ങി പ്പോകുകയുമായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

12 വർഷമായി ഈ കമ്പനിയിൽ വർക്കറായി ജോലി ചെയ്തുവരികയായിരുന്നു. നാരായണൻ- കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: രാജി. അഞ്ചും ഏഴും വയസ്സുള്ള മക്കളുണ്ട്. സഹോദരങ്ങൾ: മനോജ് (ബഹ്‌റൈൻ), സുനിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.