- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം കടത്തിയ കുറ്റം സരിത്തിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചതായി സംശയം; അനിലിന്റെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കോൺസുൽ ജനറൽ പോയത് ബന്ധത്തിന് തെളിവ്; സ്വർണം വന്നത് നയതന്ത്രബാഗേജ് വഴിയല്ലെന്നും സ്വകാര്യ ബാഗേജ് വഴിയാണെന്നും കോൺസൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ ഉപദേശിച്ചതും വാർത്താ അവതാരകൻ; അനിൽ നമ്പ്യാർ സംശയ നിഴലിൽ തന്നെ; വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാറിനെതിരെ കസ്റ്റംസ് നടത്തുന്നത് അതിശക്തമായ അന്വേഷണം. കേസ് അട്ടിമറിക്കാൻ അനിൽ നമ്പ്യാർ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തരത്തിൽ കസ്റ്റംസിന് മൊഴി നൽകിയത് സ്വപ്നാ സുരേഷാണ്. ബിജെപിയേയും വെട്ടിലാക്കുന്നതാണ് അനിൽ നമ്പ്യാർക്കെതിരായ മൊഴി. അതിനിടെ ജനം ടിവി ബിജെപി ചാനൽ അല്ലെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ വെളിപ്പെടുത്തലും വ്യാപക ചർച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്.
സ്വർണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസുൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ സ്വപ്നയെ അനിൽ നമ്പ്യാർ ഉപദേശിച്ചു. കോൺസുൽ ജനറലിന്റെ നിർദ്ദേശപ്രകാരം ഈ വാർത്താക്കുറിപ്പ് തയാറാക്കി നൽകാമെന്ന് അനിൽ നമ്പ്യാർ ഉറപ്പും നൽകി. സ്വപ്നയുടെ ഈ മൊഴിയിൽ കൃത്യമായ വിശദീകരണം നൽകാൻ അനിൽ നമ്പ്യാർക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. സ്വർണ്ണ കടത്ത് കേസിൽ ആരോപണം ഉയർന്നപ്പോൾ ഇതെല്ലാം അനിൽ നമ്പ്യാർ നിഷേധിച്ചിരുന്നു. എന്നാൽ ഫോൺ സംഭാഷണത്തിന്റെ ഓഡിയോയും കസ്റ്റംസിന്റെ കൈയിലുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യം കസ്റ്റംസ് സ്ഥിരീകരിക്കുന്നില്ല.
നയതന്ത്രചാനൽ വഴി കടത്തിയ സ്വർണം പിടിച്ച ജൂലൈ 5ന് ഉച്ചയോടെ അനിൽ നമ്പ്യാർ വിളിച്ചശേഷം സംസാരിച്ച കാര്യങ്ങളെക്കുറിച്ചുള്ള സ്വപ്നയുടെ മൊഴി കേസ് വഴി തിരിച്ചുവിടാൻ അനിൽനമ്പ്യാർ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. എന്നാൽ വാർത്താ ആവശ്യത്തിനാണ് വിളിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് അനിൽ നമ്പ്യാർ പരസ്യമായി പറയുന്നത്. ഈ സാഹചര്യത്തിലും അനിൽ നമ്പ്യാരെ കുറ്റവിമുക്തനാക്കാൻ കസ്റ്റംസ് തയ്യാറാകുന്നില്ല.
സ്വർണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ സ്വപ്നയെ അനിൽ നമ്പ്യാർ ഉപദേശിച്ചു. ഇക്കാര്യം സ്വപ്ന കോൺസുൽ ജനറലിനോട് പറഞ്ഞു. അനിൽ നമ്പ്യാരെ കോൺസുൽ ജനറലിന് അറിയാമായിരുന്നുവെന്നും പറഞ്ഞപ്രകാരം ഒരു കത്ത് തയാറാക്കി നൽകാൻ അനിലിനോട് കോൺസുൽ ജനറൽ നിർദ്ദേശിച്ചുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഇത്തരത്തിൽ കത്ത് തയാറാക്കി നൽകാമെന്ന് അനിൽ സമ്മതിച്ചു. എന്നാൽ കത്ത് തയാറാക്കി നൽകിയോ എന്ന് വ്യക്തമല്ല.
ഒളിവിൽ പോകാനുള്ള തയ്യാറെടുപ്പിലായതിനാൽ ഇക്കാര്യം ശ്രദ്ധിക്കാനായില്ലെന്നാണ് സ്വപ്നയുടെ മൊഴി. അനിൽ നമ്പ്യാരിന്റെ അഭ്യർത്ഥന പ്രകാരം അനിലിന്റെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കോൺസുൽ ജനറൽ പോയിരുന്നു. കേരളത്തിലെ യുഎഇ നിക്ഷേപങ്ങളുടെ വിവരം അനിൽ നമ്പ്യാർ ആവശ്യപ്പെട്ടെന്നും ബിജെപിക്ക് യുഎഇ കോൺസുലേറ്റിന്റെ സഹായം നൽകണമെന്നും ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയുണ്ട്. സ്വപ്നയ്ക്ക് അനിൽ നമ്പ്യാരെ അറിയാമെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ജനം ടി.വി കോഓഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ സംശയനിഴലിൽ ആണെന്ന് തന്നെയാണ് കേന്ദ്ര ഏജൻസികളും നൽകുന്ന സൂചന. മൊഴിയിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സ്വപ്ന സുരേഷിന്റെ മൊഴിയുമായി ഒത്തുനോക്കിയശേഷം അനിൽ നമ്പ്യാരെ വീണ്ടും വിളിപ്പിക്കും.
സ്വർണം പിടികൂടിയ ജൂലൈ അഞ്ചിന് രാവിലെ അനിൽ നമ്പ്യാർ പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചതാണ് സംശത്തിനിടയാക്കിയത്. സ്വർണം വിട്ടുകിട്ടുന്നതിന് ഇടപെട്ടുവോ എന്നാണ് അന്വേഷിക്കുന്നത്. സ്വർണം കടത്തിയ കുറ്റം സരിത്തിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്ന് നിർദ്ദേശിച്ചതായും സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ കസ്റ്റംസ് വരുംദിവസങ്ങളിൽ വ്യക്തത വരുത്തും.
അനിൽ നമ്പ്യാരെ അഞ്ച് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തു. എന്നാൽ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന സൂചന. സ്വർണം പിടിച്ചെടുത്ത ജൂലായ് അഞ്ച് മുതൽ തന്നെ അനിൽ നമ്പ്യാരും സ്വപ്ന സുരേഷും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കസ്റ്റംസിന് ലഭിച്ചിരുന്നു.
സ്വർണം എത്തിയശേഷം വിട്ടുകിട്ടാനടക്കം അനിൽ നമ്പ്യാരുടെ സഹായം തേടിയെന്ന് സ്വപ്ന തന്നെ മൊഴി നൽകിയിരുന്നു. ഇക്കാര്യത്തിൽ കൃത്യത വരുത്തുന്നതിനായാണ് അനിൽ നമ്പ്യാരുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ