കൊച്ചി: സ്വപ്‌നാ സുരേഷിന്റെ മൊഴിയിൽ കുടുങ്ങി ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ. അനിൽ നമ്പ്യാരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നാണ് സ്വപ്‌നയുടെ മൊഴി. അനിൽ നമ്പ്യാർക്ക് യുഎഇയിലേക്കുള്ള യാത്രാ വിലക്കുണ്ടായിരുന്നു. ഇത് നീക്കി കൊടുത്തത് താനാണ്. ടൈൽസ് കടയുടെ ഉദ്ഘാടനത്തിന് കോൺസുൽ ജനറൽ എത്തിയതും അനിൽ നമ്പ്യാരുടെ ഇടപെടിലലൂടെയാണെന്നും മൊഴിയിലുണ്ട്. മൊഴി പകർപ്പ് പുറത്തു വന്നു.

സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ജനം ടി.വി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയത്. സ്വർണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസുൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ സ്വപ്നയെ അനിൽ നമ്പ്യാർ ഉപദേശിച്ചു. കോൺസുൽ ജനറലിന്റെ നിർദേശപ്രകാരം ഈ വാർത്താക്കുറിപ്പ് തയാറാക്കി നൽകാമെന്ന് അനിൽ നമ്പ്യാർ ഉറപ്പും നൽകി. സ്വപ്നയുടെ ഈ മൊഴിയിൽ കൃത്യമായ വിശദീകരണം നൽകാൻ അനിൽ നമ്പ്യാർക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. ആരോപണം എല്ലാം അനിൽ നമ്പ്യാർ നിഷേധിച്ചു. എന്നാൽ കസ്റ്റംസ് ഇത് വിശ്വസിച്ചിട്ടില്ല.

നയതന്ത്രചാനൽ വഴി കടത്തിയ സ്വർണം പിടിച്ച ജൂലൈ 5 ന് ഉച്ചയോടെ അനിൽ നമ്പ്യാർ വിളിച്ച ശേഷം സംസാരിച്ച കാര്യങ്ങളെക്കുറിച്ചുള്ള സ്വപ്നയുടെ മൊഴി കേസ് വഴി തിരിച്ചുവിടാൻ അനിൽ നമ്പ്യാർ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. സ്വർണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ സ്വപ്നയെ അനിൽ നമ്പ്യാർ ഉപദേശിച്ചു. ഇക്കാര്യം സ്വപ്ന കോൺസുൽ ജനറലിനോട് പറഞ്ഞു. അനിൽ നമ്പ്യാരെ കോൺസുൽ ജനറലിന് അറിയാമായിരുന്നുവെന്നും പറഞ്ഞപ്രകാരം ഒരു കത്ത് തയാറാക്കി നൽകാൻ അനിലിനോട് കോൺസുൽ ജനറൽ നിർദേശിച്ചുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്.

ഇത്തരത്തിൽ കത്ത് തയാറാക്കി നൽകാമെന്ന് അനിൽ സമ്മതിച്ചു. എന്നാൽ കത്ത് തയാറാക്കി നൽകിയോ എന്ന് വ്യക്തമല്ല. ഒളിവിൽ പോകാനുള്ള തയ്യാറെടുപ്പിലായതിനാൽ ഇക്കാര്യം ശ്രദ്ധിക്കാനായില്ലെന്നാണ് സ്വപ്നയുടെ മൊഴി. അനിൽ നമ്പ്യാരിന്റെ അഭ്യർത്ഥന പ്രകാരം അനിലിന്റെ സുഹൃത്തിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ കോൺസുൽ ജനറൽ പോയിരുന്നു. കേരളത്തിലെ യുഎഇ നിക്ഷേപങ്ങളുടെ വിവരം അനിൽ നമ്പ്യാർ ആവശ്യപ്പെട്ടെന്നും ബിജെപിക്ക് യുഎഇ കോൺസുലേറ്റിന്റെ സഹായം നൽകണമെന്നും ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയുണ്ട്.

സ്വർണക്കടത്ത് കേസിൽ ആർഎസ്എസ് ചാനൽ മേധാവി അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ഉന്നത ബിജെപി നേതാക്കളും സംശയനിഴലിലാണെന്ന് ദേശാഭിമാനിയും റിപ്പോർട്ട് ചെയ്തു. മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുമായി ബിജെപി നേതാക്കൾക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചനയുണ്ട്. സ്വപ്ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിൽ നമ്പ്യാരെ അന്വേഷണസംഘം ചോദ്യംചെയ്തത്.

സ്വർണക്കടത്ത് കണ്ടെത്തിയ ജൂലൈ അഞ്ചിന് സ്വപ്ന സുരേഷും അനിൽ നമ്പ്യാരും തമ്മിൽ രണ്ടുതവണ മൊബൈലിൽ സംസാരിച്ചു. ബാഗേജ് വിട്ടുകിട്ടിയില്ലെങ്കിൽ സരിത്തിനോട് കുറ്റം ഏൽക്കാൻ പറയണമെന്നും ബാക്കിയെല്ലാം തങ്ങൾ നോക്കിക്കൊള്ളാമെന്നും അനിൽ നമ്പ്യാർ പറഞ്ഞിരുന്നു. അനിൽ നമ്പ്യാർക്ക് ബിനാമി നിക്ഷേപമുള്ളതെന്ന് ആരോപണമുള്ള തിരുവനന്തപുരത്തെ ടൈൽസ് ഷോറും 2019ൽ യുഎഇ കോൺസുലേറ്റ് ജനറലാണ് ഉദ്ഘാടനം ചെയ്തത്. ഈ ഷോറൂമിലെ മറ്റൊരു പങ്കാളിയുടെ പേരിലുള്ള ശാസ്തമംഗലത്തെ ആഡംബര ഫ്ളാറ്റിൽ സ്വപ്നയും ചില ബിജെപി ഉന്നത നേതാക്കളും ഒത്തുകൂടിയതിന്റെ തെളിവും അന്വേഷണ സംഘത്തിന് കിട്ടി.

തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്ര പാഴ്സലല്ലെന്ന് കസ്റ്റംസിന് എഴുതിക്കൊടുക്കാൻ സ്വപ്നയോട് നിർദേശിച്ചത് അനിൽ നമ്പ്യാരാണ്. വ്യക്തിപരമായ ബാഗേജ് ആണെന്നും വിട്ടുതരാൻ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചയക്കണമെന്ന് കോൺസുലേറ്റ് ജനറലിന്റെ മേൽ വിലാസത്തിൽനിന്ന് സ്വപ്ന മെയിൽ അയക്കുകയും ചെയ്തിരുന്നു. നയതന്ത്ര ബാഗേജ് അല്ല പിടിച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അതിനുശേഷമാണ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വാദം ഉയർത്തിയത്.