- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വപ്നയെ ഫോണിൽ വിളിച്ചത് ഒരു തവണ മാത്രം; അവരെ ഉപദേശിക്കുന്നതോ നിർദ്ദേശങ്ങൾ നൽകുന്നതോ തന്റെ ജോലിയല്ല; ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിൽ എത്തിയ കാര്യം ആരും തിരക്കുന്നില്ല; 2018ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ? സ്വപ്നയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽ നമ്പ്യാരുടെ വിശദീകരണം ഇങ്ങനെ; കുരുക്കായത് അടുത്ത ബന്ധമെന്ന സ്വർണ്ണക്കടത്തുകാരിയുടെ മൊഴി
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ കുറിച്ചു ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി അനിൽ നമ്പ്യാർ. ജനം ടിവിയുടെ ചുമതലയിൽ നിന്നും ഒഴിയുന്നതുനമായി ബന്ധപ്പെട്ടു നൽകിയ ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വപ്നയെ എങ്ങനെയാണ് പരിചയമെന്ന് അനിൽ വിശദീകരിച്ചിരിക്കുന്നത്. സ്വപ്നയെ ഉപദേശിക്കുന്നതോടെ നിർദ്ദേശങ്ങൾ നൽകുന്നതോ തന്റെ ജോലിയല്ലെന്ന് അനിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തെ കോൾ ഡീറ്റയിൽസ് റെക്കോഡ് പരിശോധിച്ചാൽ സ്വപ്ന സുരേഷിനെ വിളിച്ചത് ഒരേ ഒരു തവണ മാത്രമാണെന്നാണ് അനിൽ ഫേസ്ബുക്കിൽ കുറിക്കുന്നത്. ഈ ഫോൺ വിളി യുഎഇ കോൺസുലേറ്റിന്റെ വിശദീകരണം തേടാൻ മാത്രമായിരുന്നവെന്നും അനിൽ വിശദീകരിക്കുന്നു. കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിലായിരുന്നു ഈ ഫോൺ വിളി. അതേസമയം സ്വപ്ന സുരേഷ് സംസ്ഥാന സർക്കാർ സർവീസിൽ പ്രവേശിച്ച കാര്യം തനിക്ക് അറിവില്ലായിരുന്നു എന്നും അനിൽ വിശദീകരിക്കുന്നുണ്ട്.
പരിചയമുള്ള വ്യക്തി എന്ന നിലയിലാണ് ജൂലൈ അഞ്ചാം തീയ്യതി ഫോണിൽ വിളിച്ചത്. എന്താണ് സംഭവിച്ചതെന്നതിൻെ നിജസ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. നയതന്ത്ര ബാഗേജിനെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ച ഞാൻ തന്നെ അവരോട് അതല്ലെന്ന് പറയാൻ നിർദ്ദേശിച്ചെന്ന മൊഴിയുടെ സാംഗത്യവും മനസ്സിലാകുന്നില്ലെന്നും സ്വപ്നയുടെ മൊഴിയെ കുറിച്ച് നമ്പ്യാർ പറഞ്ഞു. യുഎഇ കോൺസുലേറ്റിന്റെ വിശദീകരണം പ്രാധാന്യത്തോടെ രണ്ട് മണിയുടെ വാർത്താ ബുള്ളറ്റിനിൽ കൊടുക്കുകയും ചെയ്തിരുന്നതായും അദ്ദേഹം വിശദീകരിച്ചു.
സ്വപ്നയെ ഉപദേശിക്കുകയോ അവർക്ക് നിർദ്ദേശങ്ങൾ നൽകുകയോ എന്റെ ജോലിയല്ലെന്നുമാണ് അനിൽ നമ്പ്യാർ വിശദീകരിക്കുന്നത്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിലെ നന്മമരങ്ങളോട് മാത്രമേ സംവദിക്കാവൂ എന്ന് എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ. ഞാൻ അവരെ വിളിക്കുമ്പോൾ അവർ സംശയത്തിന്റെ നിഴലിൽ പോലുമില്ലായിരുന്നു. 2018 ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുരത്തുവന്നതിനെ കുറിച്ചും അനിൽ നമ്പ്യാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇങ്ങനെ ശബ്ദരേഖ ചാനൽ വഴി പുറത്തുവന്നത് എങ്ങനെയാണെന്ന് ആരും അന്വേഷിക്കുന്നില്ലെന്നാണ് അദ്ദേഹം സംശം പ്രകടിപ്പിക്കുന്നത്. സ്വപ്നയുമായി ടെലിഫോണിൽ സംസാരിച്ച മാധ്യമപ്രവർത്തകൻ ഞാൻ മാത്രമാണോയെന്ന് ആരും അന്വേഷിക്കുന്നില്ലെന്നും അനിൽ നമ്പ്യാർ ചോദിക്കുന്നു. അതായത് സ്വർണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയം വ്യക്തമാണെന്നും ഇത് ബിജെപിയുടെ ഉന്നതരെ അടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്നുമാണ് അനിൽ വിശദീകരിക്കുന്നത്. ജൂലൈ അഞ്ചാം തീയ്യതിയിലെ ഫോൺ കോളിനെക്കുറിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് വിളിപ്പിച്ചത്. തനിക്ക് പറയാനുള്ളത് കൃത്യമായി ബോധിപ്പിച്ചതായും അനിൽ നമ്പ്യാർ വിശദീകരിച്ചു.
അതേസമയം അനിൽ നമ്പ്യാർക്കെതിരായ സ്വപ്നയുടെ മൊഴി ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ സൂചന നൽകുന്ന വിധത്തിലുള്ളതായിരുന്നു. അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നെന്നും അവിടേക്കു പോകാൻ താനാണ് സഹായിച്ചതെന്നായിരുന്നു സ്വപ്നയുടെ മൊഴി. യുഎഇ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് അനിൽ നമ്പ്യാർ ഭയന്നിരുന്നു. ഒരു വ്യവസായിയുടെ അഭിമുഖത്തിനായി അനിലിന് ദുബായിൽ പോകണമായിരുന്നു. യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു.
സരിത്ത് തന്നെ വിളിക്കാൻ നിർദ്ദേശിച്ചതനുസരിച്ചു അനിൽ വിളിച്ചു. കോൺസൽ ജനറൽ വഴി യാത്രാനുമതി നൽകി. അതിനുശേഷം തങ്ങൾ നല്ല സുഹൃത്തുക്കളാണ്. 2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ വിളിച്ചിരുന്നെന്നും അന്ന് യുഎഇ നിക്ഷേപങ്ങളെക്കുറിച്ച് അനിൽ നമ്പ്യാർ അന്വേഷിച്ചുവെന്നും സ്വപ്ന പറയുന്നു. അനിലിന്റെ ബന്ധുവിന്റെ ടൈൽ കട ഉദ്ഘാടനത്തിന് യുഎഇ കോൺസൽ ജനറലിനെ എത്തിക്കാൻ സഹായിച്ചുവെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജിൽ അല്ലെന്നു വരുത്തിത്തീർക്കാൻ അനിലിന്റെ ഇടപെടൽ ഉണ്ടായതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദ്ദേശിച്ചുവെന്നും അതിനു മുമ്പ് അനിൽ നമ്പ്യാർ തന്നെ വിളിച്ചുവെന്നും സ്വപ്ന പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടു.
അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസൽ ജനറലിന്റെ പേരിൽ ഒരു കത്ത് തയാറാക്കി നൽകാൻ പറഞ്ഞു. ഇതു നൽകാം എന്ന് അനിൽ അറിയിച്ചു. എന്നാൽ ആ സമയത്ത് താൻ സ്വയരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. സ്വപ്നയുടെ ശക്തമായ മൊഴിയാണ് അനിൽ നമ്പ്യാരെ സ്വർണ്ണക്കടത്തു കേസിൽ കൂടുതൽ വിവാദത്തിലാക്കുന്നത്.