- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസ് ചാനലിൽ എത്താൻ മടിക്കുന്ന ഇതര രാഷ്ട്രീയക്കാർക്ക് ചെട്ടികുളങ്ങരയിൽ എക്സ്ക്ലൂസീവ് സ്റ്റുഡിയോ; ലൗ ബേർഡ് ബ്രേക്ക് ഡാൻസുകാരുമായുള്ള അടുപ്പം ഇവന്റ് മാനേജമെന്റായി; ബിസിനസ് പൊളിഞ്ഞപ്പോൾ രക്ഷകനായി മാർബിൾ കട ഉടമ നസീം നവീൻ; അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖത്തിന് യുഎഇയിലേക്ക് പറക്കാൻ കേസ് ഒതുക്കി സ്വപ്നാ സുരേഷ്;കോൺസുലേറ്റുമായി ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം ചികഞ്ഞ് കണ്ടെത്തി എൻഐഎയും; അനിൽ നമ്പ്യാർക്ക് വിനയാകുന്നത് ഈ സൗഹൃദം
തിരുവനന്തപുരം: നവീൻ മാർബിൾസ് ഉടമയുമായി ജനം ടിവി കോ ഓർഡിനേറ്റർക്കുള്ളത് അടുത്ത സൗഹൃദം. കാട്ടാക്കട സ്വദേശികളായ മൂന്ന് ബ്രേക്ക് ഡാൻസ് കലാകാരന്മാരുമായുള്ള ബന്ധമാണ് നവീൻ മാർബിൾ ഉടമയുമായി അനിൽ നമ്പ്യാരെ അടുപ്പിച്ചത്. തിരുവനന്തപുരത്ത് ചെട്ടികളങ്ങരയ്ക്ക് അടുത്ത് ലൗ ബേർഡ്സ് എന്ന പേരിൽ ബ്രേക്ക് ഡാൻസ് സ്കൂൾ നടത്തുന്ന കൂട്ടുകാരുമായുള്ള അടുപ്പം തുടങ്ങുന്നതും ജനം ടിവിയിൽ വച്ചാണ്. ബ്രേക്ക് ഡാൻസ് സ്കൂളിനൊപ്പം ജനം ടിവിക്ക് ഒരു താൽകാലിക സ്റ്റുഡിയോ ഉണ്ടായിരുന്നു. ആർഎസ്എസ് അടുപ്പമുള്ള ജനം ടിവിയിലേക്ക് എത്താൻ മടിച്ചിരുന്ന രാഷ്ട്രീയക്കാരുടെ എക്സ്ക്ലൂസീവ് അഭിമുഖം ഷൂട്ട് ചെയ്തത് ഈ സ്ഥലത്തായിരുന്നു. അങ്ങനെ തുടങ്ങിയ പരിചയമാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് എത്തുന്നത്.
ബ്രേക്ക് ഡാൻസ് സ്കൂൾ നടത്തുന്നവർക്ക് ഗൾഫിൽ ഈവന്റ് മാനേജ്മെന്റ് നടത്തുന്ന സ്ഥാപനമുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരെ അടക്കം ഗൾഫിലെത്തിച്ച് ഇവന്റ് മാനേജ്മെന്റ് പരിപാടികൾ സംഘടിപ്പിച്ചു. രമേശ് ചെന്നിത്തലയും എത്തി. ഇതിനിടെ ഈ കമ്പനിക്ക് നഷ്ടമുണ്ടായി. ഇതോടെയാണ് കമ്പനിയെ സഹായിക്കാൻ നസീം നവീൻ എന്ന ബിസിനസ്സുകാരൻ എത്തിയത്. കാട്ടാക്കടക്കാരായ ബ്രേക്ക് ഡാൻസുകാരാണ് ഇദ്ദേഹത്തെ കൊണ്ടു വന്നത്. നസീമിന് ഗൾഫിലും ബന്ധമുണ്ടായിരുന്നു. ഈ കമ്പനിയിലെ നഷ്ടമാണ് ദുബായിലെ കേസിൽ അനിൽ നമ്പ്യാരെ കുടുക്കിയത്. ഇതോടെയാണ് യാത്ര വിലക്ക് വന്നത്. ഇത് മാറ്റാനാണ് യുഎഇ കോൺസുലേറ്റിലെ സഹായം തേടിയത്.
അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം എടുക്കാനായിരുന്നു യുഎഇയിലേക്ക് പോകാൻ അനിൽ നമ്പ്യാർ ആഗ്രഹിച്ചത്. എന്നാൽ കേസ് വിനയായി. ഉടൻ തന്നെ സുഹൃത്തായ നസീം നവീൻ ഇടപെട്ടു. എന്നാൽ നടന്നില്ല. ഇതോടെയാണ് യുഎഇയിലെ കോൺസുലേറ്റ് പി ആർ ഒ ആയ സരിത്തുമായി അനിൽ നമ്പ്യാർ ബന്ധപ്പെടുന്നതും സ്വപ്നാ സുരേഷിലേക്ക് അടുപ്പമെത്തുന്നതും. നവീന്റെ സഹോദരി കൈരളി ടിവിയിലെ മാധ്യമ പ്രവർത്തകയായിരുന്നു. സരിത്തിന്റെ നിർദ്ദേശത്തെ തുടർന്ന് യുഎഇയിലെ കേസ് സ്വപ്നാ സുരേഷ് ഒതുക്കു തീർക്കുകയും ചെയ്തു. അങ്ങനെ വീണ്ടും അനിൽ നമ്പ്യാർ ഗൾഫിലെത്തി. അന്നു മുതൽ അടുത്ത ബന്ധമുണ്ടെന്നാണ് സ്വപ്നാ സുരേഷ് അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകിയ മൊഴി.
സ്വർണ്ണ കടത്തു വിഷയം ചർച്ചയായപ്പോൾ നസീമിലേക്ക് ആദ്യം പരോക്ഷ വിരൽ ചൂണ്ടിയത് ആർഎസ്എസ് പത്രമായ ജന്മഭൂമിയാണ്. യുഎഇയിൽ നിന്നുള്ള നയതന്ത്ര പാഴ്സൽ എന്ന നിലയിൽ തിരുവനന്തപുരം വിമാനത്താവളം വഴി ആയിരക്കണക്കിന് പെട്ടികൾ എത്തിയിരുന്നു. ഒറ്റ ദിവസം തന്നെ 200 -300 പാഴ്സലുകളാണ് എത്തിയത്. ഇത്രയധികം പെട്ടികൾ വന്നിട്ടും ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരുന്നത് എന്താണെന്നാണ് പ്രധാന ചോദ്യം. മന്ത്രി കെ ടി ജലീൽ പറഞ്ഞിട്ട് ഖുറാൻ എന്നു പറഞ്ഞ് സി- ആപ്റ്റിലേക്ക് യു എ ഇ കോൺസലേറ്റിൽ നിന്നു 32 പെട്ടികൾ കൊടുത്തവിട്ട ദിവസം മാത്രം 210 പെട്ടികൾ എത്തിയിരുന്നുവെന്ന തരത്തിൽ ജന്മഭൂമി ഓഗസ്റ്റ് ഏഴിന് വാർത്ത നൽകിയിരുന്നു. ആ വാർത്തയുമായി ബന്ധമുള്ള വ്യക്തിയാണ് നസീം എന്നാണ് ഇപ്പോൾ ചർച്ചയാകുന്ന വാദം.
ഇതിലെല്ലാം എന്തായിരുന്നു എന്നത് ദൂരൂഹമാണ്. കോൺസലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിയ രീതിയിലുള്ള കള്ളക്കടത്ത് നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖ ഗ്രാനൈറ്റ് സ്ഥാപനം, പുളിമൂട്ടിൽ പ്രവർത്തിച്ചിരുന്ന തുണിക്കട, പനവിളയിലെ സലാം ആർക്കൈഡ്സിൽ പ്രവർത്തിച്ചിരുന്ന ചുരിദാർ കട, കഴക്കൂട്ടത്തെ തുണിക്കട എന്നിവിടങ്ങളിലേയ്ക്ക് നയതന്ത്ര പാഴ്സൽ എന്ന നിലയിൽ വന്ന പെട്ടികളിൽ ചിലത് പോയിരുന്നു എന്ന സൂചന ലഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ നടത്തിപ്പിൽ തമിഴ് നാട്ടിലുള്ളവർക്കും പങ്കാളിത്തമുണ്ടായിരുന്നുവെന്നം ജന്മഭൂമി റിപ്പോർട്ട് നൽകി.ഇതിൽ ഒരുസ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് കോൺസിൽ ജനറലാണ്. സ്വപ്ന വഴിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥാപന ഉടമ കള്ളക്കടത്തിലെ പ്രധാന കണ്ണിയാണെന്നും ജന്മഭൂമി ആരോപിച്ചിരുന്നു. എന്നാൽ കേസിൽ അനിൽ നമ്പ്യാർ സംശയ നിഴലിലേക്ക് എത്തുമ്പോൾ വെട്ടിലാകുന്നത് ആർഎസ്എസ് ചാനൽ എന്നാതാണ് വസ്തുത.
അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ട്. അനിൽ നമ്പ്യാരുമായി 2018 മുതൽ ബന്ധമുണ്ടെന്നും സ്വർണക്കടത്ത് പിടിക്കപ്പെട്ട അന്ന് അനിൽ നമ്പ്യാർ തന്നെ വിളിച്ച് സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് കൊടുത്ത മൊഴിയിൽ പറയുന്നു. അറ്റ്ലസ് രാമചന്ദ്രൻ ദുബായിൽ ജയിലായ സമയത്താണ് അനിൽ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന സുരേഷ് പറയുന്നു. ദുബായിൽ ഒരു വഞ്ചനാക്കേസ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഭയന്ന് അനിൽ നമ്പ്യാർക്ക് ഇവിടേക്ക് വരാൻ സാധിക്കുമാരുന്നില്ല. അറ്റ്ലസ് രാമചന്ദ്രനുമായി ഇന്റർവ്യൂ നടത്തുന്നതിനായി അനിൽ നമ്പ്യാർക്ക് യുഎഇയിലേക്ക് പോകേണ്ടതുമുണ്ടായിരുന്നു. എന്നാൽ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അത് സാധിക്കുമായിരുന്നില്ല.
അതിനാൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഈയൊരു കാര്യത്തിന് വേണ്ടി രണ്ട് വർഷം മമ്പ് അനിൽ നമ്പ്യാർ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താൻ വഴി കോൺസുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു. കോൺസുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാർക്ക് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ൽ താജ് ഹോട്ടലിൽ വെച്ച് അനിൽ നമ്പ്യാർ തനിക്ക് അത്താഴവിരുന്ന് നൽകിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു.
ഇന്ത്യയിലെ യുഎഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ആരായുകയും ബിജെപിക്ക് വേണ്ടി കോൺസുലേറ്റിന്റെ പിന്തുണ ലഭിക്കാൻ സഹായം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല അനിൽ നമ്പ്യാരുടെ സുഹൃത്തിന്റെ സ്ഥാപനമായ നവീൻ ടൈൽസിന്റെ ഉദ്ഘാടനത്തിനായി കോൺസുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞിരുന്നു. അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
തുടർന്ന് ഞങ്ങൾ വീണ്ടും കാണുന്നത് നവീൻ ടൈൽസിന്റെ ഉദ്ഘാടന വേളയിലാണ്. കോൺസുലേറ്റ് ജനറലിന് എന്ത് സമ്മാനമാണ് നൽകേണ്ടതെന്ന് അനിൽ നമ്പ്യാർ ആരാഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഉദ്ഘാടന ചടങ്ങിൽ വെച്ച് ആപ്പിളിന്റെ മാക് ബുക്ക് സമ്മാനമായി നൽകി. ഇതിന് ശേഷം ഇടയ്ക്കൊക്കെ അനിൽ നമ്പ്യാർ സൗഹൃദം പുതുക്കുന്നതിന് വേണ്ടി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നു.
അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവം വരുന്നത്. തുടർന്ന് ദുബായിൽ നിന്ന് കോൺസുലേറ്റ് ജനറൽ വിളിച്ച് വാർത്തകൾ അധികം പുറത്തുവരാതിരിക്കാൻ വേണ്ടത് ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ ഞാൻ നിസ്സഹായ ആയിരുന്നു. ഇതിനിടെയാണ് അനിൽ നമ്പ്യാർ തന്നെ വിളിക്കുന്നത്. സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിൽ നമ്പ്യാർ വിളിച്ചത്. ടി.വിയിൽ വാർത്തകൾ വരുന്നത് കണ്ടാണ് ഇങ്ങനെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ തന്നോട് പറഞ്ഞത്.
തുടർന്ന് അനിൽ നമ്പ്യാർ പറഞ്ഞ വിവരം കോൺസുലേറ്റ് ജനറലിനെ അറിയിച്ചു. തുടർന്ന് പ്രസ്താവന എഴുതി തയ്യാറാക്കി നൽകാൻ അനിൽ നമ്പ്യാരോട് ആവശ്യപ്പെടാൻ കോൺസുലേറ്റ് ജനറൽ നിർദ്ദേശിച്ചു. ഇക്കാര്യം അനിലിനെ അറിയിക്കുകയും അദ്ദേഹം അക്കാര്യം എഴുതി മെയിൽ അയയ്ക്കുകയും ചെയ്തു. സ്വന്തം സുരക്ഷയെ കരുതി ഇക്കാര്യത്തിന് പിന്നാലെ പോയതുമില്ലെന്നും സ്വപ്ന പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ