- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പള്ളിയിൽ പോകാൻ തുടങ്ങുമ്പോൾ വിളി; ബൈക്കിൽ നിന്ന് ഇറങ്ങി ഓടി വസ്ത്രം ഊരി എറിഞ്ഞ് ജലാശത്തിലേക്ക് എടുത്തു ചാടി; രണ്ടാൾ താഴ്ചയിൽ നിന്ന് അഞ്ചു മിനിറ്റു കൊണ്ട് ആളെ കരയ്ക്കെത്തിച്ച് പോയത് നിസ്കരിക്കാൻ; മലങ്കരയിലെ കയത്തിൽ നിന്നും അനിൽ നെടുമങ്ങാടിനെ മുങ്ങിയെടുത്തത് ഈ സാധാരണ മനുഷ്യൻ; പടച്ചവന്റെ അനുഗ്രഹം മാത്രം മതിയെന്ന് പറയുന്ന സിനോജ് മലങ്കരയുടെ കഥ
തൊടുപുഴ: സന്ധ്യാ നമസ്കാരത്തിനായി പള്ളിയിലേയ്ക്ക് പുറപ്പെടാനായി ബൈക്കിൽക്കയറുമ്പോഴാണ് വിളിയെത്തുന്നത്. പിന്നീട് ബൈക്കുമായി പരമാവധി വേഗത്തിൽ അപകടസ്ഥലത്തേയ്ക്കെത്തി. ബൈക്കിൽ നിന്നിറങ്ങി പടവുകൾ ഓടിയിറങ്ങുന്നതിനിടെ ഷർട്ടും മുണ്ടും അഴിച്ചെറിഞ്ഞിരുന്നു. പിന്നെ ജാലശയത്തിലേയ്ക്കെടുത്തു ചാടി. ആ മനസ്സിലുണ്ടായിരുന്നത് എങ്ങനേയും ഒരു ജീവൻ രക്ഷിക്കുക മാത്രം.
തീരത്തു നിന്നും 15 അടിയോളം ദൂരെ രണ്ടാൾ താഴ്ചയിൽ ആളെക്കണ്ടു. കാലിൽപ്പിടിച്ച് തീരത്തെത്തിച്ചത് ശരവേഗത്തിൽ. ആകെ എടുത്തത് 5 മിനിട്ടോളം മാത്രം. തുടർന്ന് പള്ളിയിലെത്തി സമസ്കാരത്തിൽ പങ്കെടുത്തു. കരയ്ക്കെത്തിച്ച ആൾ സിനിമതാരമാണെന്നറിയുന്നത് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് മാത്രവും ഇന്നലെ ഇടുക്കി തൊടുപുഴ മലങ്കര ഡാമിൽ നിന്നും സിനിമാതാരം അനിൽ നെടുമങ്ങാടിനെ മുങ്ങിയെടുത്ത തൊടുപുഴ മലങ്കര പാറയ്ക്കൽ ഷിഹാബുദ്ദീൻ കടുത്ത വേദനയിലാണ്.
പാറയ്ക്കൽ ഷിഹാബുദ്ദീനെ സിനോജ് മലങ്കര എന്നാണ് അറിയപ്പെടുന്നത്. പെരുമറ്റത്തെ വീട്ടിൽ നിന്നും അപകടം നടന്ന സ്ഥലത്തേയ്ക്ക് ഒന്നരകിലോമീറ്റർ ദൂരമുണ്ടായിരുന്നു. ബൈക്കിൽ ആവിടെയെത്താൻ കഷ്ടി രണ്ട് മിനിട്ടായിക്കാണുമെന്നാണ് കരുതുന്നത്. ഷർട്ടിന്റെ ബട്ടണുകൾ തീരത്തേയ്ക്ക് ഓടുന്ന വഴിയിൽ തന്നെ അഴിച്ച്, ഊരിയെറിയുകയായിരുന്നു. വെള്ളത്തിൽച്ചാടി ഒറ്റശ്വാസത്തിന് തന്നെ ആളെ കണ്ടെത്തുകയും കാലിൽപ്പിടിച്ച് ഉടൻ കരയ്ക്കെത്തിയിക്കുകയുമായിരുന്നു. അളെ കണ്ടെത്തിയ ഭാഗത്ത് ഏകദേശം രണ്ടാൾ താഴ്ചയാണ് ഉണ്ടായിരുന്നത്. പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയില്ല-സിനാജ് മറുനാടനോട് വിശദീകരിച്ചു.
പള്ളിയിലെത്തിയപ്പോഴേയ്ക്കും ബാങ്ക് വിളിയും കഴിഞ്ഞ് നമസ്കാരം തുടങ്ങിയിരുന്നു. നമസ്കാരത്തിൽ പങ്കെടുത്ത് പള്ളിയിൽ നിന്നിറങ്ങിയശേഷം സാമൂഹിക മാധ്യമങ്ങളിൽ നിന്നാണ് താൻ മുങ്ങിയെടുത്ത്് കരയ്ക്കെത്തിച്ചത് സിനിമതാരം അനിൽ നെടുമങ്ങാടിനെയാണെന്ന് സിനാജ് അറിയുന്നത്. മിഷ്യൻ വാളുപയോഗിച്ച് മരം മുറിച്ചു മാറ്റലാണ് സിനാജിന്റെ ജോലി. മുമ്പും മലങ്കര ജലാശയത്തിൽ അപടത്തിൽപ്പെട്ടവരെ മുങ്ങിയെടുക്കാൻ താൻ എത്തിയിരുന്നതായും സിനോജ് പറയുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ജലാശയത്തിൽ അപകടത്തിൽപ്പെട്ട എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥിയുടെ ജഡം കണ്ടെത്തിയത് സിനോജായിരുന്നു. രാത്രി 9.30-മുതൽ പുലർച്ചെ 2 മണിവരെ തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ലന്നും വീണ്ടും രാവിലെ 7.15 -ഓടെ എത്തി താൻ തന്നെ തിരച്ചിലിനിറങ്ങി മൃതദ്ദേഹം കണ്ടെടുക്കയായിരുന്നെന്നും സിനോജ് വ്യക്തമാക്കി. അമ്മയും മകനും ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാർ ജലാശയത്തിൽ പതിച്ച സംഭവത്തിലും സിനാജിന്റെ ഇടപെടലുണ്ടായിരുന്നു.
ജലാശയത്തിലേയ്ക്ക് തെന്നിമാറിയ കാറിൽ നിന്നും അമ്മയും മകനും പുറത്തേയ്ക്ക് ചാടി രക്ഷപെട്ടിരുന്നു. പിന്നീട് വെള്ളത്തിൽ മുങ്ങിപ്പോയ കാർ സിനാജ് വടവും മറ്റും ഉപയോഗപ്പെടുത്തി. ഏറെ പരിശരമിച്ചാണ് കരയ്ക്കടുപ്പിച്ചത്. വെള്ളത്തിൽ വീണുള്ള അപകടത്തിൽ മാത്രമല്ല, എവിടെ അപകടമുണ്ടായാലും കഴിയാവുന്ന സഹായവുമായി ഓടിയെത്താറുണ്ട്.രക്ഷാപ്രവർത്തനത്തിന്റെ പേരിൽ ഒരു രൂപ പോലും ആരിൽ നിന്നും കൈപ്പറ്റില്ല. പടച്ചവന്റെ അനുഗ്രഹം മാത്രമാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നത്-സിനാജ് വാക്കുകൾ ചുരുക്കി.
ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തിൽപ്പെട്ട അനിൽ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാൽ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമിൽ എത്തിയത്. തുടർന്ന് കുളിക്കാൻ ഇറങ്ങുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന അനിൽ ആഴക്കയത്തിൽപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
മറുനാടന് മലയാളി ലേഖകന്.