തൊടുപുഴ: നടൻ അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചത് മലങ്കര ടൂറിസ്റ്റ് ഹബിൽ. . തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണു സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ് അനിൽ ഇവിടെ കുളിക്കാനിറങ്ങിയത്. ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ വീണു പോവുകയായിരുന്നു.

അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തിരഞ്ഞു കണ്ടെത്തി പുറത്തേക്കെടുത്തു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. സിനിമയിലെ ചതികുഴികളെ മറികടന്ന് നടനെന്ന നിലയിൽ മേൽവിലാസം ഉണ്ടാക്കിയ അനിലിനെ മലങ്കരയിലെ കയം എടുക്കുകയായിരുന്നു.

അനിൽ കയത്തിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. വെള്ളത്തിൽ വീണ് എട്ടു മിനിറ്റിനുള്ളിൽ കരയ്‌ക്കെത്തിനായെങ്കിലും അനിലിനെ മരണം കവർന്നിരുന്നു. തൊടുപുഴയിൽ ജോജു ജോർജ് നായകനായ സിനിമ 'പീസി'ന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്.

കെ.സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിലിന്റേത്. ഭാഗ്യ ലൊക്കേഷനെന്ന് പേരുകേട്ട തൊടുപുഴയിലെ. സെറ്റിൽ പൂർണ സന്തോഷവാനായി നിറഞ്ഞുനിന്ന അനിൽ ഇനി ഇല്ല എന്ന നടുക്കത്തിലാണ് അണിയറ പ്രവർത്തകർ. 20 ദിവസത്തിലേറെയായി അനിൽ ഈ സെറ്റിലെ സജീവ സാന്നിധ്യമായിരുന്നു. ഇടയ്ക്ക് രണ്ടു ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. കഴിഞ്ഞ രണ്ടുദിവസം അദ്ദേഹത്തിന് ഷൂട്ട് ഇല്ലായിരുന്നു. മുറിയിലായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്-ലൊക്കേഷനിൽ ഉള്ളവർ പറയുന്നു.

സിനിമയിൽനിന്നുള്ള സുഹൃത്തുക്കൾ ആയിരുന്നില്ല ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച അനിലേട്ടനു ഷൂട്ട് ഉണ്ടായിരുന്നു. ഏകദേശം 70 ശതമാനത്തോളം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അനിലിന് നാലു ദിവസം കൂടിയേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. ഒരു മുഴുനീള കഥാപാത്രമായിരുന്നു. എസ്‌ഐ ഡിക്‌സൺ എന്ന കരുത്തുറ്റ പൊലീസ് വേഷം.. അതുകൊണ്ട് തന്നെ അനിലിന്റെ വേർപാട് സിനിമയേയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ അത്തരം ചിന്തകൾക്കപ്പുറം നടന്റെ മരണമുണ്ടാക്കിയ നടുക്കത്തിലാണ് എല്ലാ സിനിമാക്കാരും.

മൃതദേഹം നിലവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാ ഫലം രാവിലെ ലഭിക്കും. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരം നെടുമങ്ങാട്ടെ തോട്ടുമുക്കിലാണ് വീട്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടിലെത്തിക്കും.

അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, മൺട്രോത്തുരുത്ത്, ആമി, മേൽവിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ്.

We've lost another incredible talent! Never had the chance to meet him in person but admired his skill a lot. Really...

Posted by Suresh Gopi on Friday, December 25, 2020

അനിൽ ...ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?

Posted by Biju Menon on Friday, December 25, 2020

ആദരാഞ്ജലികൾ

Posted by Mohanlal on Friday, December 25, 2020

ആദരാഞ്ജലികൾ

Posted by Mammootty on Friday, December 25, 2020