- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് ജിഹാദ് പൊൻ മാരീചനായി വരുന്നു...കുഞ്ഞുങ്ങളെ കരുതുക..കരുതുക..കരുതിയിരിക്കുക..കുരുതിയായിത്തീരാതെ കരുതിയിരിക്കുക: ലൗ ജിഹാദിനെതിരെ അനിൽ പനച്ചൂരാൻ എഴുതിയ വരികൾ ഏറ്റുപിടിച്ച് ഒരുവിഭാഗം; വിപ്ലവ കവിയെന്ന് മറ്റൊരുവിഭാഗവും മാർക്സിൽ നിന്ന് മഹർഷിയിലേക്കെത്തിയ കവിയെന്നും വേറൊരുകൂട്ടരും; വിടവാങ്ങിയ കവിക്ക് പട്ടങ്ങൾ ചാർത്തി സോഷ്യൽ മീഡിയ
കോഴിക്കോട്: ചോര വീണ മണ്ണും വിപ്ലവാഭിവാദ്യങ്ങളും അടങ്ങിയപ്പോൾ പൊൻ മാരീചനായി വരുന്ന ജിഹാദും ആർഎസ്എസ് പരിപാടിയിലെ പ്രസംഗവും ഉയർത്തിക്കാട്ടി അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനും സംഘപരിവാറുകാരനായിരുന്നെന്ന് സ്ഥാപിക്കാൻ ഒരു വിഭാഗം. അക്കിത്തത്തിനും സുഗതകുമാരിക്കും പിന്നാലെയാണ് ഇവർ പനച്ചൂരാനും സംഘി പട്ടം ചാർത്തുന്നത്. ലൗ ജിഹാദിനെതിരെയുള്ള പനച്ചൂരാന്റെ കവിതയാണ് പ്രധാന പ്രചരണായുധം. പ്രണയം നടിച്ച് ജിഹാദ് പൊൻ മാരീചനായി വരുന്നു , കുഞ്ഞുങ്ങളെ കരുതുക, കരുതുക, കരുതിയിരിക്കുക, കുരുതിയായിത്തീരാതെ കരുതിയിരിക്കുക ..... എന്നിങ്ങനെയാണ് പനച്ചൂരാന്റെ കവിതയിലെ വരികൾ.
സംഘപരിവാറിന്റെ പ്രചാരണം ഏറ്റെടുത്താണ് പനച്ചൂരാൻ ഇത്തരമൊരു കവിത എഴുതിയത് എന്ന അക്ഷേപം നേരത്തെ ഉയർന്നിരുന്നു. കോഴിക്കോട് നടന്ന ഡി സി ബുക്സ് സാഹിത്യോത്സവത്തിൽ പനച്ചൂരാനോട് പലരും നേരിട്ട് തന്നെ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. പ്രണയം വിശുദ്ധമാണ്. അതിന്റെ മറവിൽ മതം മാറ്റാനും മറ്റ് രാജ്യങ്ങളിൽ കൊണ്ടുപോയി ചാവേറാക്കാനും ശ്രമിക്കുന്നതിനെയാണ് താനെതിർത്തത് എന്നായിരുന്നു വിമർശനങ്ങൾക്കുള്ള പനച്ചൂരാന്റെ മറുപടി. അന്ന് വിമർശനം ഉന്നയിച്ച ഇടതുപക്ഷ പ്രവർത്തകരോട് നിങ്ങളായിരുന്നു ഇത് ആദ്യം ഏറ്റെടുക്കേണ്ടത് എന്നും പനച്ചൂരാൻ പറഞ്ഞിരുന്നു.
ഏതായാലും ഈ കവിതയും ആർഎസ്എസ് വേദിയിലെ പ്രസംഗവും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, ചലനം ചലനം, തുടങ്ങിയ പാട്ടുകൾ എഴുതിയ വയലാർ തന്നെയായിരുന്നു ശരണമയ്യപ്പായും നിത്യ വിശുദ്ധയാം കന്യാമറിയമേയും മറ്റനേകം ഭക്തിഗാനങ്ങളും എഴുതിയതും. അതൊന്നും തെറ്റല്ല. സാഹിത്യം വയറ്റിൽ പിഴപ്പും സാധനയുമാകുന്നവരുമാണവർ.
എന്നാൽ പൊതുബോധം അത്രമേൽ കൊണ്ടാടിയ പച്ചക്കള്ളമായ ലൗ ജിഹാദിനെ പ്രമേയമാക്കി ഒരു സ്ലോഗൻ ബിജെപി ക്ക് എഴുതിക്കൊടുക്കുകയും അഖണ്ഡ ഭാരത ദിനത്തിൽ ബിജെപി ക്കും സംഘികൾക്കുമൊപ്പം വേദി പങ്കിട്ട് പ്രസംഗിക്കുകയും യാതൊരു അപ്ഡേഷനുമില്ലാതെ പൊതുവേദിയിൽ ലൗ ജിഹാദ് ഉണ്ടെന്ന് കോടതിയും അംഗികരിച്ചതാണെന്ന് ഒരു ഉളുപ്പുമില്ലാതെ പറയുകയും ചെയ്ത ഒരാൾ തീർച്ചയായും വിമർശിക്കപ്പെടുമെന്നാണ് 'ലാലി പി എം എന്ന വ്യക്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത് രണ്ടു പേരുടെ സ്വകാര്യ കാര്യം പോലെയല്ല അത്. ലോകം മുഴുവൻ കണ്ടതുമാണ്. രാഷ്ട്രീയമില്ലെന്ന് പറയുകയും ബിജെപി അജണ്ടകൾക്കനുകൂലമായി പറയുകയും ചെയ്താൽ ഉറപ്പായും മരണശേഷവും അവർ ചോദ്യം ചെയ്യപ്പെടും.മരണപ്പെട്ട അക്കിത്തത്തിനെ പോലെ സുഗതകുമാരിയെപ്പോലെ ജീവിച്ചിരിക്കുന്ന രമേശൻ നായരെപ്പോലെ.കാരണം ഹിന്ദുത്വ ഭീകരതയിൽ നിരന്തരം ഇരയാക്കപ്പെടുന്ന മനുഷ്യർ വെറും സാധാരണക്കാരാണ്. അവർക്ക് സാഹിത്യത്തിന്റെയോ ഭാഷയുടെ പ്രിവിലേജില്ല.
കവികൾ വെറും വാക്കുകൾ ചർദ്ദിക്കുന്നവരാകരുത്. അവർ സമൂഹത്തെ കൂവിയുണർത്തുന്നവരാകണമെന്നും ഇവർ വ്യക്തമാക്കുന്നു. ഇത്തരം വിമർശനങ്ങൾ ഏറ്റുപിടിച്ചാണ് പലരും പനച്ചൂരാനെ സംഘിയായി ചിത്രീകരിക്കുന്നത്. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തിൽ ജനിച്ച അനിൽ പനച്ചൂരാനും കമ്മ്യൂണിസത്തിന്റെ വഴിയെ തന്നെയായിരുന്നു യാത്ര ചെയ്തത്. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകനായ അദ്ദേഹം ഇടക്കാലത്ത് സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. പിന്നീട് തിരിച്ചു വന്നപ്പോൾ ഇടതുപക്ഷ സഹപ്രവർത്തകർ അകന്നുനിന്നപ്പോൾ ആർ എസ് എസുകാരുമായാണ് ചേർന്നു നിന്നത്. പിന്നീട് സിനിമാ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനാകുമ്പോഴും നിലപാടുകളുടെ കാര്യത്തിൽ വ്യക്തതയില്ലാത്ത ഒരു കവിയെ കേരളം കണ്ടു. ഇടതുപക്ഷം തങ്ങളുടെ പഴയ പ്രവർത്തകനായി കണ്ടപ്പോൾ ബിജെപിക്കാർ തങ്ങളിലേക്കെത്തിയ വ്യക്തിയായും അദ്ദേഹത്തെ ചിത്രീകരിച്ചു.
ഇതിനിടയിലൂടെ സഞ്ചരിച്ചപ്പോഴാണ് സഞ്ചാരപാതയിൽ കാവി പുരണ്ടിരുന്നു എന്ന് കണ്ടെത്തി പലരും മരണപ്പെട്ട കവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചോര വീണ മണ്ണ് ഒരു വിഭാഗം ഉയർത്തിപ്പിടിക്കുമ്പോൾ ദ്വാരകാപുരം പൊന്തട്ടെ, സാഗരത്തിരകൾ അമ്മ തൻ തൃക്കാൽക്കൽ കഴുകട്ടെ, ആകാശഗംഗയായി തീർത്തട്ടിൽ ഇറ്റട്ടെ, ഒരു യുഗസന്ധ്യ കൂടി പുലരട്ടെ , ഭാരത ഭഗവത് ധ്വജം ഭാരത വിൺ സ്പർശം ഏൽക്കട്ടെ ..... തുടങ്ങിയ വരികളാണ് ആർഎസ്എസ് പ്രവർത്തകർ പനച്ചൂരാനെ തങ്ങളുടെ ആളാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ദേശീയ പ്രസ്ഥാനങ്ങളുമായി എന്നും കൈ കോർത്ത് നടന്ന വ്യക്തിയായാണ് പനച്ചൂരാനെ വിശേഷിപ്പിക്കുന്നത്. ഇടതിന്റെ ഫാസിസപ്പുര കത്തി വെണ്ണീരിൽ ഇവിടെ തളിർക്കും ജനാധിപത്യം എന്ന വരിയാണ് സുരേന്ദ്രൻ ഉയർത്തിക്കാട്ടുന്നത്. പനച്ചൂരാനെഴുതിയ പല ഗാനങ്ങളും ബിജെപി പ്രവർത്തകരുടെ ആവേശമായിരുന്നെന്നും സുരേന്ദ്രൻ വ്യക്തമാക്കുന്നു. ചെങ്ങന്നൂരിൽ നടന്ന ആർഎസ്എസ് പരിപാടിയിൽ താൻ പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തിന്റെയും വക്താവല്ലെന്ന് പറയുന്ന പനച്ചൂരാൻ ഹിന്ദു സമൂഹം കൂടുതൽ ഉണർന്നെണീറ്റെന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നതായികാണാം.
ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളുമെല്ലാമാണ് നവോത്ഥാന നായകർ. എന്നാൽ ഇവരുടെ മുണ്ടിന്റെ നൂലിന്റെ വില പോലുമില്ലാത്ത പലരെയും നവോത്ഥാന നായകരായി ചിലർ ചിത്രീകരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അഖണ്ഡ ഭാരത ബോധം ഹൈന്ദവ ബോധമാണ്. ഗാന്ധിജി ഉൾപ്പെടെയുള്ളവർ ആളുകളെ ഒന്നിച്ചു കൂട്ടാൻ മതത്തിന്റെ ടൂൾസ് ഉപയോഗിച്ചിട്ടുണ്ട്. ദൈവ സങ്കൽപ്പം ഒരു താക്കോലാണ്. ഉള്ളിന്റെ ഉള്ളിലുള്ള ജ്ഞാനത്തിന്റെ സംഭരണിയിലേക്കുള്ള വഴിയാണ് അത് തുറന്നുതരുന്നതെന്നും അദ്ദേഹം പറയുന്നു.
ചൈനയുടെ കടന്നുകയറ്റമുണ്ടായപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ചൈനയ്ക്ക് അനുകൂലമായി പോസ്റ്റുകൾ ഇട്ടിരുന്നു. ഒരു രാജ്യത്തിരുന്ന് നമ്മെ ആക്രമിക്കാനെത്തുന്ന ശത്രു രാജ്യത്തെ പുകഴ്ത്തുന്നത് അംഗീകരിക്കാനാവില്ല. മലയാളികൾക്ക് പലർക്കും പട്ടാളക്കാർ ശമ്പളം പറ്റുന്ന ജോലിക്കാർ മാത്രമാണ്. എന്നാൽ വടക്കേ ഇന്ത്യക്കാർ പട്ടാളക്കാരെ ബഹുമാനിക്കുന്നു. നമുക്ക് നമ്മുടെ രാജ്യത്തോട് ഒരു കുറുണ്ടാകണം. ഭാരതീയമായ എന്തിനെയും ഹിന്ദുത്വ ഭീകരതയായി പലരും ചിത്രീകരിക്കുകയാണ്. ഹൈന്ദവ ധർമ്മം ഭാരതീയ ധർമ്മമാണെന്ന ബോധം രാഷ്ട്രീയക്കാർക്ക് ഉണ്ടാവണമെന്നും ആർഎസ്എസ് വേദിയിൽ പനച്ചൂരാൻ പറഞ്ഞിരുന്നു.
കമ്മ്യൂണിസ്റ്റുകാർ ചെ ഗുവേരയുടെ ഫോട്ടത്തിനൊപ്പം ഭഗത് സിംഗിന്റെ ഫോട്ടോയും വെക്കുന്നുണ്ട്. താൻ പ്രവർത്തിക്കുന്ന കാലത്ത് വിവേകാനന്ദനെ അംഗീകരിച്ചിരുന്നില്ല. എന്നാലിപ്പോൾ വിവേകാനന്ദന്റെ ഫോട്ടോയും വെക്കുന്നുണ്ട്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരുന്നത് നല്ലതാണെന്നും പനച്ചൂരാൻ വ്യക്തമാക്കുന്നു. ഇതൊക്കെ പറയുമ്പോഴും താൻ ഇസ്ലാമിനോ ക്രിസ്ത്യാനിക്കോ എതിരല്ലെന്നും പനച്ചൂരാൻ പറയുന്നുണ്ട്. തനിക്ക് കൂടുതൽ കൂറു തോന്നുന്നത് ബുദ്ധമതത്തോടാണെന്നും ആർഎസ്എസ് വേദിയിൽ അദ്ദേഹം പറഞ്ഞിരുന്നു. കാരുണ്യത്തെക്കുറിച്ചാണ് ബുദ്ധൻ ലോകത്തോട് പറഞ്ഞത്. സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചുമാണ് ആദി കവി മുതൽ താനുൾപ്പെടെ പാടുന്നതെന്നും പനച്ചൂരാൻ വേദിയിൽ വ്യക്തമാക്കിയിരുന്നു. ഏതായാലും ഒരു വിഭാഗം വിപ്ലവ കവിയായി ചിത്രീകരിക്കുമ്പോൾ ഒരു വിഭാഗം മാർക്സിൽ നിന്ന് മഹർഷിയിലേക്കെത്തിയ കവിയായും ചിത്രീകരിക്കുന്നു. മറ്റൊരു വിഭാഗമാവട്ടെ സംഘ പരിവാർ നിലപാടുള്ള ഒരാളായും കവിയെ വിശേഷിപ്പിക്കുന്നു. ഇതിനിടയിലും മലയാളികൾ അദ്ദേഹത്തിന്റെ വരികൾ മൂളിക്കൊണ്ടിരിക്കുമെന്ന് തീർച്ച.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.