കുവൈറ്റ് സിറ്റി: 26 വർഷമായി കുവൈറ്റിലുള്ള അനിൽ വർഗീസ് ഖറാഫി നാഷ്ണൽ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. സ്ഥാപനത്തിലെ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അനിൽ വർഗ്ഗീസിന് സ്വന്തം ജോലി നഷ്ടമായി. ഈ വേദനയിൽ പുളയുമ്പോഴാണ് ഭാഗ്യ ദേവതയുടെ കടാക്ഷം എത്തിയത്. അങ്ങനെ അനിൽ വർഗ്ഗീസ് പ്രതിസന്ധിയെ തടരണം ചെയ്തു.

പത്തനംതിട്ട സ്വദേശി അനിൽ വർഗീസിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അബുദാബി ലോട്ടറിയിൽ കുവൈറ്റ് മലയാളി അനിൽ വർഗീസിന് 12 കോടി രൂപ അടിച്ചു.(ഏഴു മില്യൺ ദിർഹം) സൂപ്പർ സെവൻ സീരിസ് 191 നറുക്കെടുപ്പിലായിരുന്നു അനിലിനു കോടികൾ ലഭിച്ചത്. ഏപ്രിൽ നാലിനായിരുന്നു ഓൺലൈൻ വഴി ടിക്കറ്റ് എടുത്തത്.

ഇതു രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം. ലോട്ടറിയിലൂടെ ലഭിച്ച പണം ബിസിനസ് തുടങ്ങനും ജീവകാരുണ്യ പ്രവർത്തനങ്ങക്കുമായി വിനിയോഗിക്കും എന്ന് അനിൽ പറയുന്നു. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു. കുവൈത്തിൽ ബദൂർ ട്രാവൽസ് ഉദ്യോഗസ്ഥ രേണുവാണു ഭാര്യ. മകൻ രോഹിത് തേവര കോളജ് ബികോം വിദ്യാർത്ഥി.

നേരത്തെ നിശ്ചയിച്ചത് പോലെ അടുത്തവർഷം പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനാണ് പരിപാടിയെന്ന് അനിൽ വർഗീസ് പറഞ്ഞു. നറുക്കെടുപ്പിൽ ഇന്ത്യക്കാർ പതിവായി വിജയികളാവുന്നതു കണ്ടാണ് മാർച്ചുമുതൽ അനിലും ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയത്. സാധാരണ കൂടുതൽപേരും ചെയ്യുന്നതുപോലെ ടിക്കെറ്റെടുക്കുന്നതിൽ പങ്കാളികളുമില്ല. അങ്ങനെ ഭാഗ്യം ഈ കുടുംബത്തെ തേടിയെത്തി. തന്റെ മകന്റെ ജന്മതീയതിക്ക് സമാനമായ നമ്പരിലെ ടിക്കറ്റ് എടുത്തതിനാലാണ് തനിക്ക് സമ്മാനം ലഭിച്ചതെന്നാണ് അനിലിന്റെ വാദം. മകനാണ് എന്റെ എല്ലാ ഭാഗ്യങ്ങൾക്കും കാരണം.

ഇത് രണ്ടാം തവണയാണ് ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നത്. എന്നാൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 20 വർഷം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ ഏറെ ദുരിതങ്ങൾ സഹിക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ എല്ലാ പ്രശ്‌നങ്ങളും തീർന്നിരിക്കുന്നു. സമ്മാനം കിട്ടിയ തുക എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ 'ബിഗ് ടിക്കറ്റ് ഭാഗ്യം' ഇത്തവണ മാത്തമായി കേരളത്തിലേക്ക് എത്തുകയാണെന്ന പ്രത്യേകതയും ഉണ്ട്.

ഇത്തവണത്തെ 70 ലക്ഷം ദിർഹം (ഏകദേശം 12.5 കോടി രൂപ) മെഗാ സമ്മാനത്തിനു പുറമെ ഒരു ലക്ഷം ദിർഹം (ഏകദേശം 18.1 ലക്ഷം രൂപ) വീതമുള്ള ഏഴു സമ്മാനങ്ങളിൽ മൂന്നും നേടിയതു മലയാളികൾ. ജോർജ് കല്ലറയ്ക്കൽ മാത്യു, ബൈജു പൂക്കോട്ടു കുട്ടപ്പൻ, സെയ്തലവി മൊയ്തീൻ കുട്ടി തോട്ടുങ്കൽ എന്നിവർക്കാണ് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചത്.

ഇന്ത്യക്കാരായ മറ്റു രണ്ടുപേർക്കും ഒരുലക്ഷം വീതം ലഭിച്ചിട്ടുണ്ട്. എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിക്കുന്നവരിലേറെയും മലയാളികളാണ്.