- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിലയുടെ ആത്മകഥ- നോവൽ അവസാനഭാഗം
അനില ആന്റി പറഞ്ഞു തന്ന ആ കാര്യങ്ങൾ നീതിപൂർവ്വം തന്നെ എഴുതി. ഈ കുറിപ്പ് ആന്റിയുടെ ആഗ്രഹ പ്രകാരം ചേർക്കുന്നതാണ്. വാർത്തകൾ പൊതുജനം താൽപ്പര്യപൂർവ്വം വായിക്കുന്ന തരത്തിൽ എഴുതി പിടിപ്പിക്കാൻ എനിക്ക് കഴിയുമെങ്കിലും അവരുടെ കഥയുടെ അവസാന ഭാഗം എഴുതി പിടിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ല. ഈ ഭാഗം ഞാൻ കുറിക്കണം എന്ന് ചഞ്ചലും പറഞ്ഞു.എനിക്ക

അനില ആന്റി പറഞ്ഞു തന്ന ആ കാര്യങ്ങൾ നീതിപൂർവ്വം തന്നെ എഴുതി. ഈ കുറിപ്പ് ആന്റിയുടെ ആഗ്രഹ പ്രകാരം ചേർക്കുന്നതാണ്. വാർത്തകൾ പൊതുജനം താൽപ്പര്യപൂർവ്വം വായിക്കുന്ന തരത്തിൽ എഴുതി പിടിപ്പിക്കാൻ എനിക്ക് കഴിയുമെങ്കിലും അവരുടെ കഥയുടെ അവസാന ഭാഗം എഴുതി പിടിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ല.
ഈ ഭാഗം ഞാൻ കുറിക്കണം എന്ന് ചഞ്ചലും പറഞ്ഞു.
എനിക്കവളുടെ ആ ആഗ്രഹം തള്ളിക്കളയാൻ പറ്റില്ല.
ആകസ്മികമായാണ് ജിതേന്ദ്രയതി തന്ന വിവരം അനുസരിച്ച് കോവളം കടൽപുറത്ത് വന്നെത്തിയ ഒരു ഭ്രാന്തൻ യാചകനെ ഞങ്ങൾ ചെന്ന് നോക്കിയത്.
ഭ്രാന്ത് മാത്രമല്ല അംഗ വൈകല്യവും ഉണ്ടായിരുന്നു അയാൾക്ക്.
ഇടതുകാൽ മുട്ടിന് മേൽ വച്ച് മുറിച്ചു മാറ്റിയിരുന്നു
അവിടം പഴുപ്പ് ബാധിച്ചു ദുർഗന്ധം പരത്തിയിരുന്നു.
യതി തീർത്ത് പറഞ്ഞു ആ വ്യക്തി ആന്റിക്ക് താൽപ്പര്യമുള്ള ആളാണെന്ന്.
ഷാബി റബാനി എന്നയാൾ ഇതുപോലെ ഒരു സ്ഥിതിയിൽ ആകും എന്നെങ്ങനെ ഊഹിക്കും?
ഒട്ടനവധി യുവതികളുടെ സ്വപ്നങ്ങൾ തല്ലിയുടച്ച ആ മനുഷ്യൻ ഒടുവിൽ ഒരു കാൽ നഷ്ടപ്പെട്ടു തെരുവിൽ.
ചെയ്തു കൂട്ടിയവ മുഴുവൻ ഓർക്കാൻ പറ്റാത്ത വിധം മനോ വിഭ്രാന്തി പിടിപെട്ടത് ഒരുപക്ഷെ അനുഗ്രഹം തന്നെ ആകണം.
അയാളെ ഞങ്ങൾ ആന്റിയുടെ ഇടത്തേക്ക് കൂട്ടിക്കൊണ്ടു വന്നു.
യതിയും കൂടെ വന്നു.
യതി ആന്റിയെ കണ്ടു സംസാരിച്ച ശേഷം മാത്രമേ ഷാഫി റബാനിയെ ആന്റിക്ക് മുന്നിൽ അവതരിപ്പിക്കാവൂ എനായിരുന്നു തീരുമാനം.
യതി കുറെ നേരം ആന്റിയോട് സംസാരിച്ചു.
അതെന്താണ് എന്ന് ഞങ്ങൾ ആരും കേട്ടില്ല.
ഒടുവിൽ യതി എന്നെ വിളിച്ചു.
ഞങ്ങൾ ആന്റിയുടെ അടുത്തെത്തി.
നീന ആന്റിയുടെ തല മടിയിൽ വച്ചിരുന്നു.
'അമ്മെ ഇത് ഷാഫിയാണ്. അമ്മയെ ബോംബെയിൽ കൊണ്ടുപോയ ആൾ'
ശാന്തമായ സ്വരത്തിൽ ചഞ്ചൽ പറഞ്ഞു.
'അമ്മെ. അമ്മയെ ദ്രോഹിച്ചവർ എല്ലാം ഒടുവിൽ അമ്മയുടെ കാരുണ്യത്തിന് കീഴിൽ തന്നെ എത്തി. ആകയാൽ അമ്മയുടെ പ്രതികാരമല്ല, സ്‌നേഹത്തിന്റെ സന്ദേശമായിരിക്കും ഇനി ഞങ്ങൾ ലോകത്തിൽ നിറക്കുക. അത് തന്നെയാണ് ദൈവ നിശ്ചയം'
മൗനം കനത്തു.
ആന്റി മൂകയായി തുടർന്നു.
മറ്റാരും ശബ്ദിക്കാൻ തുനിഞ്ഞില്ല. അത് ഉചിതമല്ല എന്ന് എല്ലാവരും കരുതിക്കാണും.
'അമ്മക്ക് അറിയണോ, ഭ്രാന്ത് പിടിച്ച ഇയാൾ ഇന്ന് അമ്മയെ പോലെയാണ്. എയിഡ്‌സ് ബാധിതനായ ഇയാളുടെ മജ്ജയിൽ അണുക്കൾ കടന്നു കഴിഞ്ഞു'
ചഞ്ചൽ ആന്റിയെ ചെറുതായി കുലുക്കി വിളിച്ചു.
ഒരു കരിയില പോലെ ആ ശരീരം അനങ്ങി.
പ്രാണൻ ഇടയ്ക്ക് എപ്പോഴോ ആന്റിയെ വിട്ടു പോയിരുന്നു.
അത് ഞങ്ങളിൽ ആർക്കും മനസ്സിലായില്ല.
ചഞ്ചൽ പറഞ്ഞ കാര്യങ്ങൾ ആന്റി കേട്ടുവോ എന്ന് കൂടി ഞങ്ങൾക്ക് അറിഞ്ഞു കൂടാ.
അടയാത്ത ആ കണ്ണുകളിൽ പരലുകൾ പോലെ രണ്ടു വരണ്ട കൺ കൺമണികൾ വെളിച്ചത്തെ നോക്കി കിടന്നു.
വീൽ ചെയറിൽ ഇരുന്ന ഷാഫി ചിരിച്ചു.
അയാളുടെ കണ്ണിൽ ചെറിയ വെളിച്ചം ഉണ്ടായിരുന്നു.
അതിനു നനവ് ഉണ്ടായിരുന്നു.
അതിന്റെ നിറവും ആന്റിയുടെ കണ്ണുകളിൽ ബാക്കി കിടന്ന വെളിച്ചവും ഒരേ നിറമാണ് എന്നെനിക്ക് തോന്നി.
അന്വേഷണങ്ങൾ എന്നിൽ നിക്ഷേപിച്ചുകൊണ്ട് ആന്റി പോയി.
എന്റെ നെഞ്ചിൽ ചഞ്ചൽ വിതുമ്പി വീണു.
(നോവൽ അവസാനിച്ചു)

