- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിലയുടെ ആത്മകഥ 30
ചഞ്ചൽ ഞാൻ ഏൽപ്പിച്ച ദൗത്യം നിർവ്വഹിച്ചു.അവൾ സ്വയമല്ല അത് ചെയ്തത്.അവളെ പോലെ മിടുക്കിയായ ഒരു സഹചാരി കാസിം അലിയുമായി ഇടപെട്ടു. എന്നെ കാസിമിലേക്ക് ആവാഹിച്ചു.ചഞ്ചൽ അത് വീഡിയോ ചെയ്യുന്നതിന് അഖിലിനെ സഹായിച്ചു.അഖിൽ വിചാരിച്ച കാര്യം അവൻ നടത്തി എടുത്തു.എന്റെ മകളെ അവൻ എന്നിൽ നിന്ന് മോചിപ്പിച്ചു സംരക്ഷിച്ചു.എനിക്ക് നിഗൂഡമായ ഒരാദരവ് അവനോടു

ചഞ്ചൽ ഞാൻ ഏൽപ്പിച്ച ദൗത്യം നിർവ്വഹിച്ചു.
അവൾ സ്വയമല്ല അത് ചെയ്തത്.
അവളെ പോലെ മിടുക്കിയായ ഒരു സഹചാരി കാസിം അലിയുമായി ഇടപെട്ടു. എന്നെ കാസിമിലേക്ക് ആവാഹിച്ചു.
ചഞ്ചൽ അത് വീഡിയോ ചെയ്യുന്നതിന് അഖിലിനെ സഹായിച്ചു.
അഖിൽ വിചാരിച്ച കാര്യം അവൻ നടത്തി എടുത്തു.
എന്റെ മകളെ അവൻ എന്നിൽ നിന്ന് മോചിപ്പിച്ചു സംരക്ഷിച്ചു.
എനിക്ക് നിഗൂഡമായ ഒരാദരവ് അവനോടു തോന്നി.
ഷാഫി റബ്ബാനിയെ ഞാൻ ഓർമ്മിച്ചു.
എനിക്ക് ശ്വാസ് തടസ്സം തോന്നി.
ഒരു കാര്യം എനിക്ക് ഉറപ്പായി.
ചഞ്ചൽ സ്വയം എന്റെ വിത്തുകൾ സ്വീകരിക്കില്ല. അതിനു ഇടവരാൻ അഖിൽ ഒരിക്കലും അനുവദിക്കില്ല.
എനിക്ക് അതെ ചൊല്ലി ഒന്നും ചെയ്യാനൊട്ടില്ല താനും.
അതെ എന്റെ ചില വിശ്വാസങ്ങൾ അവളും അവനും ചേർന്ന് തിരുത്തി കുറിക്കുന്നു.
നിർവ്വികാരത എന്നിൽ നിറഞ്ഞു.
'അനിലാ ജിതേന്ദ്ര യതി എത്തിയിട്ടുണ്ട്. നിന്നെ കാണാനായി മാത്രം'
എനിക്ക് ഉടലാകെ കുളിർ കോരി.
അനില എന്ന വേശ്യയോടോത്തു മൂന്ന് നാൾ കഴിഞ്ഞ പുരുഷൻ.
രാവും പകലും ഒപ്പം ഇരുന്ന അദ്ദേഹം എന്റെ കഥ കേൾക്കുക മാത്രമാണ് ചെയ്തത്. എന്റെ യാതനകൾ മുഴുവൻ അറിയുകയാണ് ചെയ്തത്. കൃത്യമായ ഇടവേളകളിൽ ഞാൻ അയാൾക്ക് ഭക്ഷണം വിളമ്പി കൊടുത്തു.
പറഞ്ഞ പോലെ മദ്യം ഒഴിച്ച് കൊടുത്തു.
എന്റെ കഥ പറയാൻ അയാൾ എന്നെ പ്രോത്സാഹിപ്പിച്ചു.
അതിനാണോ എന്നെ വിളിച്ചു വരുത്തിയത് എന്ന് ചോദിച്ചപ്പോൾ അയാൾ ചിരിച്ചു.
'നടക്കേണ്ടത് നടക്കും. ഞാൻ എന്നെ അറിയുകയാണ്. ആ അറിവ് ഉറപ്പിക്കുകയാണ്. കുടുംബം വ്യഭിചാരക്കുറ്റം ചുമത്തി പുറന്തള്ളിയ ആളാണ് ഞാൻ. ഇതെന്റെ പരിണാമ വഴിയിലെ ചെറിയ ഒരിടത്താവളം'
എന്റെ കഥ വിശദമായി ഞാൻ അയാളെ പറഞ്ഞു കേൾപ്പിച്ചു.
ഓരോ അനുഭവവും ഞാൻ സവിസ്തരം പറഞ്ഞു കേൾപ്പിച്ചു.
എന്റെ ചെയ്തിക്ക് ന്യായീകരണവും നിരത്തി.
ഞാൻ പ്രതികാരാർത്ഥം എന്നോട് ഇടപെടുന്ന ആളുകളിലേക്ക് മാരക രോഗം പരത്തുകയാണ് എന്നും പറഞ്ഞു.
അപ്പോഴും അയാൾ ചിരിച്ചു.
'നീ നടപ്പിലാക്കുന്നത് നിന്റെ തീരുമാനങ്ങളല്ല. നീ ഉപകരണം മാത്രം. ഞാനും. അടുത്ത ആശ്രമത്തിൽ ഞാൻ എന്റെ പൂർവ്വ ചരിത്രം പറയാൻ മടിക്കാത്ത ഒരു യോഗി ആയിത്തീരും. അന്നൊരിക്കൽ നാം വീണ്ടും കാണും. അഥവാ എന്നെ കാണാൻ നീ ആഗ്രഹിക്കും. ഞാൻ വരും'
മദ്യ ലഹരിയിൽ അയാൾ അവയൊക്കെ ഒരു നാടകത്തിലെ സംഭാഷണം പോലെയാണ് പറഞ്ഞു തീർത്തത്.
പിന്നീട് ജിതേന്ദ്രയതിയെക്കുറിച്ച് അറിയുകയും അയാളുടെ പൂർവ്വ ആശ്രമ കഥ അയാൾ തന്നെ സൂചിപ്പിക്കുന്നത് അറിയുകയും ചെയ്തപ്പോൾ എനിക്കുറപ്പായിരുന്നു അത് രാജേന്ദ്ര പ്രസാദ് എന്ന അദ്ധ്യാപകൻ തന്നെ എന്ന്.
ഒടുവിലിതാ ഞാൻ ആഗ്രഹിച്ച പോലെ യതി എന്നെ കാണാൻ വന്നിരിക്കുന്നു.
എനിക്കുറപ്പായി എനിക്കിനി അധികകാലം ഇല്ല എന്ന്.
'അനിലാ ...മോളെ...'
ഡോക്ടറുടെ ശബ്ദം വിറയാർന്നിരുന്നു.
'ഡോക്ടർ...'
'യതി നിന്നെ കാണാൻ വരുമ്പോൾ ചഞ്ചൽ ഉണ്ടാകും. അഖിലും. നിന്റെ പുസ്തകം നീ പറഞ്ഞു കൊടുത്തതത്രയും അച്ചടിക്ക് തയാറാണ്...പിന്നെ....'
ഡോക്ടർ ഇടയ്ക്കു വച്ച് നിറുത്തി.
അതിയായ മനോ വിഷമം ഉണ്ടാക്കുന്ന എന്തോ ഒന്ന് ഡോക്ട്ടർക്ക് എന്നോട് പറയാനുണ്ട്.
'നീ സമാധാനമായി കേൾക്കണം. ചഞ്ചൽ ഒരു തീരുമാനം എടുത്തിരിക്കുന്നു. വാർധക്യവും പരിചരണമില്ലായ്മയും കൊണ്ട് പുഴുവരിച്ചു തുടങ്ങിയ അയാളെ അവൾ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നു. ഇന്നലെ'
'ആരെ?'
'ഗൗതം നരഹരിയെ'
എന്നിലേക്ക് ഒരു തണുപ്പ് അരിച്ചു കയറി.
നാവു വരണ്ടു വരുന്നതായി തോന്നി എനിക്ക്.
മറുപടി പറയാൻ എനിക്ക് കഴിയുമായിരുന്നില്ല.
'നീ എതിർക്കരുത്... മാത്രമല്ല യതിയോടൊപ്പം ചഞ്ചലും അഖിലും വരുന്നുണ്ട്. നിനക്കവർ ഒരു സമ്മാനം കൊണ്ടുവരുന്നു. ഒരുപക്ഷെ നീ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്. അതിന്റെ ആനന്ദ തരംഗം താങ്ങാൻ നിനക്ക് കഴിയുമോ എന്നറിയില്ല'
ഞാൻ ചുറ്റിലും മിഴി പായിച്ചു.
'വിഷമിക്കേണ്ട. അവൾ ഇവിടെയുണ്ട്'
ഡോക്ടർ പറഞ്ഞു.
നീന എന്റെ അടുത്തേക്ക് വന്നു.
നീന എന്റെ ശിരസ്സ് അവളുടെ മടിയിൽ വച്ചു.
അവളുടെ കണ്ണുനീർ എന്റെ ചുണ്ടിൽ പതിച്ചു.
'നീനാ...' എന്റെ ശബ്ദം വളരെ നേർത്ത് ഒരു വായൂ പ്രവാഹം മാത്രമായിരുന്നു.
'ഓ...' നീനയുടെ സ്വരം എന്നെ തഴുകി.
'അഖിലിനെ മാത്രം ഒന്ന് വിളിക്കൂ...'
അഖിൽ വന്നു.
'ആന്റീ...'
'അഖിൽ ഇന്നുവരെയുള്ള എല്ലാം കുറിക്കണം. അതിനുശേഷം മതി നിങ്ങളുടെ സമ്മാനവും യതി ദർശനവും'
'അനിലാ.....'
'അതേടീ പെണ്ണെ.... ഞാൻ പോവുകയാ..... എന്റെ യാത്രക്കുള്ള സമ്മാനമാണ് എന്റെ മോളും ഇവനും കൊണ്ട് വന്നിരിക്കുന്നത് എന്ന് എന്റെ മനസ്സ് പറയുന്നു'
അഖിൽ അന്നുവരെയുള്ള കാര്യം എഴുതിക്കഴിഞ്ഞു എന്ന് പറഞ്ഞു.
ഇനി നിങ്ങൾ എന്തെങ്കിലും വായിക്കുന്നു എങ്കിൽ അത് അഖിൽ എഴുതിയതാണ്.
എനിക്കിനി സംസാരിക്കാൻ ശേഷിയില്ല.
യതിയെ കാണാൻ ഞാൻ വെമ്പി.
എനിക്കുള്ള സമ്മാനം കാത്തു ഞാൻ കിടന്നു.
നീനയുടെ മിഴിനീര് എന്നെ തണുപ്പിച്ചു.
തുടരും..

